ബാലഭാസ്കർ എഴുതി; അവൾക്കു മഞ്ഞുതുള്ളിയുടെ മണമായിരുന്നു...!

വയലിൻ സംഗീതത്തിൽ മാത്രം ഒതുങ്ങുന്നതല്ല ബാലഭാസ്കർ എന്ന സർഗ പ്രതിഭ. എഴുത്തും വായനയുമെല്ലാമായിരുന്നു ആ കോളജ് കാലം. ബാലഭാസ്കറിന്റെ വിയോഗം ഇപ്പോഴും മലയാളിയുടെ മനസ്സിനെ നോവിക്കുകയാണ്. അതിലേറെ വേദനയായി മാറുകയാണ്, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ എം എ പഠനകാലത്ത് കോളേജ് മാഗസിന് വേണ്ടി ബാലഭാസ്കർ എഴുതിയ 'മഞ്ഞിന്റെ മണം' എന്ന ചെറുകഥ.

ബാലഭാസ്കർ ലക്ഷ്മിയെ വിവാഹം കഴിക്കുന്നതിന് ഏഴോ എട്ടോ മാസങ്ങൾക്ക് മുന്‍പാണ് ഈ കഥ എഴുതുന്നത്. ലക്ഷ്മിയോടു പ്രണയം പങ്കുവച്ചതിനു ശേഷം കാത്തിരുന്ന നാളുകൾ. പാതിയിൽ മുറിഞ്ഞു പോയ സംഗീതം പോലെയാണ് ആ ചെറുകഥയിലെ ചില പ്രയോഗങ്ങൾ. 

ബാലഭാസ്കറിന്റെ ആ കഥ വായിക്കാം:

മഞ്ഞിന്റെ മണം

ഞാൻ അവളെ ആദ്യമായി കാണുമ്പോൾ കൈനിറയെ മഞ്ഞവളകളായിരുന്നു. നിറങ്ങളെ സ്നേഹിക്കാത്തതു കൊണ്ടാകാം വളകൾ എന്റെ മനസ്സിലേക്ക് കടന്നു വന്നതേയില്ല. അവൾക്ക് മഞ്ഞുതുള്ളിയുടെ മണമായിരുന്നു കൊണ്ട് തന്നെ എന്റെ രാവിലെകൾക്ക് വേഗത കൂടിയിരുന്നു. 

കാരണം പ്രിയപ്പെട്ടതിനെല്ലാം അൽപ്പായുസ്സാണല്ലോ? പിന്നീടെപ്പോഴോ ജീവിതത്തിന്റെ തിരയിളക്കത്തിൽ ഞാനെന്റെ മനസ്സ് അവളുടെ മണത്തിലൊളിപ്പിച്ചു. കേട്ടിട്ടറിവിന്റെ വാക്കുകൾക്കിടയിൽ ഞാനറിയാതെ അവളെന്റെ പേര് കുറിച്ചിട്ടു. പഠനവും പരീക്ഷയും എന്നെ തോൽപ്പിക്കുന്നതിനു ഞാൻ പ്രണയത്തെ കാരണമായി കരുതിയില്ല.

ഒരു വൈകുന്നേരം ബീഡിക്കറ പിടിച്ച എന്റെ ചുണ്ടുകളിൽ മഞ്ഞുതുള്ളിയുടെ മണം പുരണ്ടു. തളർന്നുറങ്ങാൻ പോയ പകൽ പോലെ ഞാൻ നിന്നു. എന്റെ കണ്ണുകളിൽ അവളുടെ പ്രതിബിംബം മാത്രം. മിഴിയനക്കാതെ അവളെന്നോട് ചോദിച്ചു.

"ഇനി എന്ത്?” മറുവാക്കിനായി അവളുടെ കണ്ണുകൾ ആഴങ്ങളിലേക്ക് പതിച്ചു"

എന്റെ കണ്ണുനിറയെ ഇരുട്ട് മാത്രം

ഞാൻ കാലുകൾ പിൻവലിച്ചു. പിന്നിൽ നിന്നും രാത്രിയെ തൊടുന്നുപോലെ അവളുടെ ശബ്ദം. 

1999–2000 അധ്യായന വർഷത്തിൽ പ്രസിദ്ധീകരിച്ച കോളേജ് മാഗസിനിലാണ് ഈ കഥ അച്ചടിച്ചു വന്നത്. അന്ന് സ്റ്റാഫ് എഡിറ്ററായിരുന്ന ഡോ. എം.നയിനാറെ ആയിരുന്നു ബാലു തന്റെ കഥ പ്രസിദ്ധീകരിക്കാനേൽപ്പിക്കുന്നത്. അന്ന് ഒന്നാംവർഷ എംഎ സംസ്കൃത വിദ്യാർത്ഥിയായിരുന്നു ബാലഭാസ്കർ.