കുറ്റാരോപിതർ പറഞ്ഞുതുടങ്ങി; തിരിച്ചടിച്ച് വൈരമുത്തു; നുണയനെന്നു ചിന്‍മയി

തനിക്കെതിരെ ഉയർന്ന ലൈംഗിക ആരോപണങ്ങൾക്കു മറുപടിയുമായി തമിഴ് കവിയും ഗാനരചയിതാവുമായ വൈരമുത്തു. ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും എല്ലാം കാലം തെളിയിക്കുമെന്നും വൈരമുത്തു ട്വിറ്ററിൽ കുറിച്ചു. നിഷ്കളങ്കരെ ആക്ഷേപിക്കുന്നതു ഫാഷനായി മാറിയിരിക്കുകയാണെന്നും വൈരമുത്തു പറഞ്ഞു. 

വൈരമുത്തുവിന്റെ പോസ്റ്റ് ഇങ്ങനെ: 'നിഷ്ക്കളങ്കരായ മനുഷ്യരെ അധിക്ഷേപിക്കുന്നത് ഇപ്പോൾ ഒരു ഫാഷനായി മാറിയിരിക്കുകയാണ്. പല സംഭവങ്ങളിലായി എന്നെ ഇപ്പോൾ നാണംകെടുത്തുകയാണ്. ഇതും അതിൽ ഒന്നു മാത്രമാണ്. സത്യമല്ലാത്ത ഒന്നിനും ഞാൻ ചെവി കൊടുക്കാറില്ല. കാലം സത്യം തെളിയിക്കും'.

എന്നാൽ വൈരമുത്തുവിന്റെ പോസ്റ്റിനു ശക്തമായ ഭാഷയിൽ മറുപടി പറഞ്ഞു ഗായിക ചിൻമയി രംഗത്തെത്തി. 'നുണയൻ' എന്ന കുറിപ്പോടെയാണു വൈരമുത്തുവിന്റെ പോസ്റ്റ് ചിൻമയി പങ്കുവച്ചത്. 

പേരുവെളിപ്പെടുത്താനാഗ്രഹിക്കാത്ത യുവതിയാണ് വൈരമുത്തുവിനെതിരെ ആദ്യമായി ആരോപണം ഉന്നയിച്ചത്. വൈരമുത്തുവിന്റെ കോടമ്പാക്കത്തുള്ള വീട്ടിൽ വച്ച്  കടന്നുപിടിച്ചു ചുംബിച്ചു എന്നായിരുന്നു യുവതിയുടെ ആരോപണം. ഇതിനു പിന്നാലെ ഗായിക ചിന്മയിയും വൈരമുത്തുവിനെതിരെ ആരോപണവുമായി രംഗത്തെത്തിയിരുന്നു . സഹകരിക്കണം എന്ന് ആവശ്യപ്പെട്ടു ഹോട്ടലിലേക്കു ക്ഷണിച്ചെന്നായിരുന്നു വൈരമുത്തുവിനെതിരെ ചിൻമയി പറഞ്ഞത്.