തിയറ്ററുകളെ പൂരപ്പറമ്പാക്കിയ ഇത്തിക്കര പക്കിയുടെ ബിജിഎം

ബോക്സോഫീസ് റെക്കോർഡുകൾ തകർത്തു മുന്നേറുന്ന കായംകുളം കൊച്ചുണ്ണിയിലെ ഇത്തിക്കര പക്കിയുടെ തീം മ്യൂസിക് യുട്യൂബിലെത്തി. ഇത്തിക്കര പക്കിയായി ആരാധകരെ ആവേശത്തിലാഴ്ത്തിയ മോഹൻലാൽ തന്റെ ഔദ്യോഗിക പേജിൽ പക്കിയുടെ തീം മ്യൂസിക് പങ്കു വച്ചു. ചിത്രത്തിന് സംഗീതം ഒരുക്കിയത് ഗോപി സുന്ദറാണ്. 

കായംകുളം കൊച്ചുണ്ണിയിലെ മാസ് രംഗമെന്ന് വിശേഷിപ്പിക്കാവുന്ന ഇത്തിക്കര പക്കിയുടെ എൻട്രി പശ്ചാത്തല സംഗീത മികവു കൊണ്ടും ശ്രദ്ധേയമായിരുന്നു. ഇത്തിക്കര പക്കിയായി മോഹൻലാൽ എത്തുമ്പോൾ ആരാധകർ ആവേശാരവം മുഴക്കുന്നതിനാൽ പല തിയറ്ററുകളിലും പക്കിയുടെ തീം മ്യൂസിക് കാണികൾ കേട്ടിരുന്നില്ല. എന്തായാലും ആരാധകരുടെ ആ പരാതിയ്ക്കു കൂടി ഇതോടെ പരിഹാരമായി. ആരാധകരെ കോരിത്തരിപ്പിച്ച ഇത്തിക്കര പക്കിയുടെ മാസ് എൻട്രിയിലെ തീം മ്യൂസിക് ആസ്വാദകർ ഏറ്റെടുത്തു. 

'തിയറ്ററിനെ പൂരപ്പറമ്പാക്കിയ കിടിലോസ്കി മ്യൂസിക്' എന്നാണ് പക്കിയുടെ തീം മ്യൂസികിന് ആരാധകരുടെ പ്രതികരണം. കാത്തിരിപ്പിനൊടുവിൽ തിയറ്ററിൽ രോമാഞ്ചം നിറച്ച ബിജിഎം പങ്കു വച്ചതിൽ ആരാധകർ സന്തോഷം അറിയിച്ചു.