വിദ്യാഭ്യാസത്തേക്കാൾ വലിയ ചില കാര്യങ്ങളുണ്ട്; ഇന്നസെന്റിനെ പറ്റി റിമി ടോമി

മലയാളസിനിമയിൽ തന്നെ ഏറ്റവും കൂടുതൽ അനുഭവ സമ്പത്തുള്ള നടൻമാരിൽ ഒരാളാണ് ഇന്നസെന്റ് എന്നു ഗായിക റിമിടോമി. ഇന്നസെന്റിന് എട്ടാംക്ലാസ് വിദ്യാഭ്യാസം മാത്രമാണ് ഉള്ളത്. പക്ഷേ വിദ്യാഭ്യാസത്തേക്കാൾ എത്രയോ വലുതാണ് അദ്ദഹേത്തിന്റെ അനുഭവ സമ്പത്തെന്നും റിമി ടോമി പറഞ്ഞു. മഴവിൽ മനോരമയുടെ  ഒന്നും ഒന്നും മൂന്ന് പരിപാടിയിലായിരുന്നു റിമിടോമി ഇങ്ങനെ പറഞ്ഞത്. 

റിമി ടോമിയുടെ വാക്കുകൾ ഇങ്ങനെ: 'ഇന്നസെന്റ് ചേട്ടനോടു സംസാരിച്ചു കൊണ്ടിരുന്നാൽ എന്തോരം കഥകളും എന്തോരം പാട്ടുകളുമാണ് അദ്ദേഹത്തിന് അറിയുക. അത്രയും ഓര്‍മകളുണ്ട് ഇന്നസെന്റ് ചേട്ടന്. അദ്ദേഹം എപ്പോഴും പറയും ഞാൻ വെറും എട്ടാം ക്ലാസുകാരനാണെന്ന്. പക്ഷേ, ഒരു എട്ടാം ക്ലാസുകാരന്റെ സംസാരമോ രീതിയുമൊന്നുമല്ല. അനുഭവ സമ്പത്താണല്ലോ ചിലപ്പള്‍  വിദ്യാഭ്യാസത്തിനേക്കാൾ വലുതെന്നു തോന്നിച്ച മഹാ പ്രതിഭയാണ് ഇന്നസെന്റ് ചേട്ടൻ.'

വിനോദയാത്രയിലെ പാലും പഴവും എന്ന പാട്ടു സീനിനെ പറ്റി ചിത്രത്തിൽ അഭിനയിച്ച ഗണപതി പറഞ്ഞപ്പോഴായിരുന്നു റിമി ഇന്നസെന്റിനുള്ള അനുഭവങ്ങളെയും അറിവിനെയും പറ്റി പറഞ്ഞത്. അദ്ദേഹത്തെ പോലെയുള്ള മഹാ പ്രതിഭയോടൊപ്പം അഭിനയിക്കാൻ കഴിഞ്ഞത് ഗണപതിയുടെ ഭാഗ്യമാണെന്നും റിമി കൂട്ടിച്ചേർത്തു. ഇന്നസെന്റിന്റെ ആവശ്യപ്രകാരമാണ് വിനോദയാത്രയിൽ പാലും പഴവും എന്ന ഗാനം ഉൾപ്പെടുത്തിയത്. ആ സീൻ അത്രയും രസകരമായത് അദ്ദേഹത്തിന്റെ ആശയം കാരണമാണെന്നും ഗണപതി പറഞ്ഞു. 

തന്റെ പുതിയ സിനിമയായ വള്ളിക്കുടിലിലെ വെള്ളക്കാരന്റെ വിശേഷങ്ങളുമായാണ് ഗണപതി ഒന്നും ഒന്നും മൂന്നിന്റെ വേദിയിൽ എത്തിയത്. പുതുമുഖം തനുജ കാർത്തിക് ആണ് ചിത്രത്തിലെ നായിക. റഫീക് അഹമ്മദ്, ബി.കെ. ഹരിനാരായണൻ എന്നിവരാണു ചിത്രത്തിനായി ഗാനങ്ങൾ എഴുതിയിരിക്കുന്നത്. ദീപക് ദേവിന്റെതാണു സംഗീതം. നാവഗതനായ ഡഗ്ലസ് ആൽഫ്രഡാണു വള്ളിക്കുടിലിലെ വെള്ളക്കാരന്റെ സംവിധാനം.