കല്യാണം ഉത്സവമായിരുന്നു, വൈക്കത്തഷ്ടമി പോലെ: വൈക്കം വിജയലക്ഷ്മി

മലയാളികൾ ഒന്നടങ്കം അനുഗ്രഹം വർഷിച്ച ഒന്നായിരുന്നു ഗായിക വൈക്കം വിജയലക്ഷ്മിയുടെ വിവാഹം. മിമിക്രി കലാകാരനായ അനൂപ് വിജയലക്ഷ്മിയുടെ കൈപിടിച്ചിട്ട് ഒരു മാസം തികയുന്നതേയുള്ളൂ. അനൂപിനൊപ്പം വൈക്കം വിജയലക്ഷ്മി പുതിയ സ്വപ്നങ്ങൾ കണ്ടു തുടങ്ങുകയാണ്. വിവാഹത്തെക്കുറിച്ച് ചോദിച്ചാൽ വിജയലക്ഷ്മി പറയും, 'കല്യാണം ഉത്സവമായിരുന്നു, വൈക്കത്തഷ്ടമി പോലെ'!

വിവാഹത്തിനുശേഷം ഒരു ഓൺലൈൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് മലയാളികളുടെ പ്രിയ ഗായിക വിശേഷങ്ങൾ പങ്കു വച്ചത്. "വിവാഹം ഞങ്ങൾക്ക് ഉത്സവമായിരുന്നു. കല്ല്യാണോത്സവം. ദാസേട്ടൻ വന്നു. എം.ജയചന്ദ്രൻ സർ, കമൽ സർ, ഔസേപ്പച്ചൻ സർ അങ്ങനെ എല്ലാവരും വന്നപ്പോൾ ഉത്സവം പോലെയായി. വൈക്കത്തഷ്ടമി പോലെ. വൈക്കത്തുകാരുടെ ഉത്സവമായി," വിവാഹത്തെക്കുറിച്ച് വിജയലക്ഷ്മി വാചാലയായി. 

അനൂപിൽ വിജയലക്ഷ്മിക്ക് ഏറ്റവും ഇഷ്ടം അദ്ദേഹത്തിന്റെ പുഞ്ചിരിയാണ്. അതെക്കുറിച്ച് വിജയലക്ഷ്മിയുടെ വാക്കുകൾ ഇങ്ങനെ:"എട്ടനിൽ ഏറ്റവും ഇഷ്ടം ചിരി തന്നെ... എന്തൊരു രസമാ കേൾക്കാൻ! എന്റെ പൊന്നോ! ഗന്ധർവൻ ചിരിയാ..."

വിജയലക്ഷ്മിയെക്കുറിച്ച് പറയാൻ ഭർത്താവ് അനൂപിനും നൂറു നാവാണ്. മികച്ച ഗായികയ്ക്കുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരം നേടിക്കൊടുത്ത ഗാനത്തിന്റെ വരികൾ കടമെടുത്താണ് അനൂപ് തന്റെ പ്രണയം പ്രഖ്യാപിക്കുന്നത്. "ഒറ്റയ്ക്കു പാടുന്ന പൂങ്കുയിൽ ഇനി ഒറ്റയ്ക്കല്ല. ആ പാട്ടിന്റെ വരികൾ മാറ്റേണ്ടി വരും.," അനൂപ് പറഞ്ഞു.  

രണ്ടു വർഷമായി വിജയലക്ഷ്മിയെ അറിയാമെന്ന് അനൂപ് പറയുന്നു. "അവരുടെ ക്ഷേത്രത്തിൽ വിളക്ക് തെളിയിക്കാൻ വന്നതാണ്. ആ വീടിന്റെ നിലവിളക്കിനെ തന്നെ ഈശ്വരൻ എനിക്കു തന്നു. ഞാൻ തന്നെയാണ് വിജിയുടെ അച്ഛനോട് വിവാഹത്തെക്കുറിച്ച് സംസാരിക്കുന്നത്. എല്ലാവരോടും ആലോചിച്ചിട്ട് മറുപടി പറയാമെന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെയാണ് വിവാഹമെന്ന തീരുമാനത്തിലേക്ക് എത്തുന്നത്," അനൂപ് ഓർത്തെടുത്തു. 

"വിജി ഒരു മരുന്നാണ്. നെഗറ്റീവിനെയെല്ലാം പോസിറ്റീവ് ആയി മാറ്റാൻ വിജിക്കു കഴിയും," അനൂപ് പറയുന്നു. കാഴ്ച ലഭിക്കണമെന്ന വലിയൊരു സ്വപ്നവും ആഗ്രഹവുമായാണ് നവദമ്പതികൾ ജീവിച്ചു തുടങ്ങുന്നത്. അതിനുള്ള ചികിത്സകൾ നടക്കുന്നുണ്ട്. 

"വിജി ലോകം കാണും. എപ്പോഴും സന്തോഷമായിട്ട് ഇരിക്കണമെന്നാണ് ഏട്ടൻ പറയുന്നത്," കാഴ്ചയിലേക്കുള്ള കാത്തിരിപ്പിനെക്കുറിച്ച് വിജയലക്ഷ്മി പറഞ്ഞു. കാഴ്ച ലഭിച്ചാൽ ആദ്യം ആരെ കാണണമെന്ന ചോദ്യത്തിന് ഒട്ടും ആലോചിക്കാതെ വിജയലക്ഷ്മിയുടെ മറുപടി എത്തി. "ആദ്യം അമ്മയെയും അച്ഛനെയും കാണണം. പിന്നെ ഭഗവാൻ... പിന്നെ ഏട്ടൻ!"

"കാഴ്ച ലഭിക്കണം. ദീർഘസമുംഗലിയായി കുറെക്കാലം ജീവിക്കണം. പിന്നെ കുറെ പാട്ടുകൾ പാടണം," വിജയലക്ഷ്മി ജീവിതത്തെക്കുറിച്ചുള്ള സ്വപ്നങ്ങൾ പങ്കു വച്ചു.