നെഹ്‌റുവിനെ പറ്റിയുള്ള പാട്ട്; ടീച്ചറുടെ ഓട്ടൻ തുള്ളൽ വൈറൽ

കുട്ടികളെ പഠിപ്പിക്കാൻ പലതരത്തിലുള്ള രീതികളും അധ്യാപകർ പരീക്ഷിക്കാറുണ്ട്. പാട്ടും ഡാൻസും എല്ലാം അതിന്റെ ഭാഗം മാത്രമാണ്. എന്നാലിപ്പോൾ പാട്ടിലും ഡാൻസിലും ഒതുങ്ങിയില്ല. പരീക്ഷണം ഒടുവിൽ എത്തി നിൽക്കുന്നത് ഓട്ടൻ തുള്ളലിലാണ്.

ശിശുദിനത്തിൽ വിദ്യാർഥികൾക്ക് നെഹ്രു ആരെണെന്നു പറഞ്ഞു മനസ്സിലാക്കുകയാണ് ഈ ടീച്ചര്‍ ഓട്ടൻ തുള്ളലിലൂടെ. നെഹ്റുവിന്റെ ജൻമദേശം അലഹബാദെന്നറിയുക നമ്മൾ എന്ന വരികളോടെയാണ് ടീച്ചർ ഓട്ടൻ തുള്ളൽ തുടങ്ങുന്നത്. സമീപത്തായി ഓട്ടൻതുള്ളൽ കണ്ട് കയ്യടിച്ചു ചാച്ചാജിയുടെ വേഷമണിഞ്ഞ കുട്ടികളും ഉണ്ട് വിഡിയോയിൽ

ടീച്ചറുടെ ഓട്ടൻതുള്ളൽ വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളില്‍ വയറലാകുകയാണ്. വിഡിയോ കണ്ട എല്ലാവരും കുട്ടികളോടുള്ള ഈ അധ്യാപികയുടെ ആത്മാർഥതയും സ്നേഹവും പ്രശംസിക്കുകയാണ്. ടീച്ചറുടെ ഈ രീതിയിലൂടെ കുട്ടികൾ നെഹ്രുവിനെ കൂടുതൽ മനസ്സിലാക്കും എന്നാണു ചിലരുടെ കമന്റുകൾ. ടീച്ചർ ഓട്ടൻ തുള്ളൽ കലാകാരി ആണെന്നതിൽ തർക്കമില്ലെന്ന അഭിപ്രായവും ഉണ്ട്. 

എന്നാല്‍ അധ്യാപികയുടെ ഈ ആത്മാർഥതയെയും പരിഹസിക്കുന്ന ചിലരുണ്ട്. പാവം കുട്ടികൾ രക്ഷപ്പെടാൻ ഒരു വഴിയുമില്ല, കുട്ടികൾ ഓടാത്തതു ഭാഗ്യം എന്നിങ്ങനെയുള്ള കമന്റുകളും വിഡിയോയ്ക്ക് ഉണ്ട്. ഏതായാലും ടീച്ചറുടെ ഈ പ്രകടനം അഭിനന്ദനം അർഹിക്കുന്നതു തന്നെയാണ്. ടീച്ചറുടെ പാട്ടിലൂടെയും ഓട്ടൻ തുള്ളലിലൂടെയും നെഹ്രുവിനെ പറ്റി കൂടുതൽ മനസ്സിലാക്കാൻ സാധിച്ചു എന്നു വ്യക്തം.