സമൂഹമാധ്യമങ്ങളില്‍ 'ഒടിയൻ' കുതിപ്പ്; ഗാനം റെക്കോർഡിലേക്ക്

രാക്കാറ്റിന്റെ ഈണം പോലെയാണു 'ഒടിയനി'ലെ 'കൊണ്ടോരാം കൊണ്ടോരാം' എന്ന ഗാനം. റഫീഖ് അഹമ്മദിന്റെ മനോഹര വരികൾ. പാതിരയുടെ നിഗൂഢതയിലേക്കു നയിക്കുന്നു എം. ജയചന്ദ്രന്റെ സംഗീതം. ശ്രേയ ഘോഷാലിന്റെയും സുധീപ് കുമാറിന്റെ ആലാപന മാധുരി ഗാനത്തെ കൂടുതല്‍ ഇമ്പമുള്ളതാക്കുന്നു. 

റിലീസ് ചെയ്തു മണിക്കൂറുകള്‍ക്കകം തന്നെ ഒടിയനിലെ പാട്ട് യൂട്യൂബ് ട്രന്റിങ്ങിൽ ഒന്നാമതെത്തിയിരുന്നു. ദിവസങ്ങൾ പിന്നിട്ടിട്ടും ട്രന്റിങ്ങിൽ ഒന്നാമതു തന്നെയാണു ഗാനം. ഒരു മില്യണിൽ കൂടുതൽ ആളുകളാണ് ഇതിനോടകം ഗാനം കണ്ടത്. 

അടുത്ത കാലത്തൊന്നും ഇത്രയും മനോഹരമായ ഗാനം കേട്ടില്ലെന്നാണ് ആസ്വാദകരുടെ വിലയിരുത്തൽ. ശ്രേയയുടെയും സുധീപിന്റെയും ആലാപന മാധുരിയെ പ്രശംസിക്കുകയാണ് ആരാധകർ. 

'പ്രഭ...പക്ഷേ, ആ പേരു ചൊല്ലിവിളിച്ചിട്ടില്ല ഇതുവരെ. അമ്പ്രാട്ടി അങ്ങനേ നാവിൽ വരൂ, എത്ര അടുത്താണെങ്കിലും എത്ര അകലെയാണെങ്കിലും. ഒരു ദിവസം അമ്പ്രാട്ടി ഈ ഒടിയനോട് ഒരു മോഹം പറഞ്ഞപ്പോൾ അതുകൊണ്ടാണ് മറുത്തു പറയാതിരുന്നത്. കാരണം ചോദിക്കുന്നത് എന്റെ അമ്പ്രാട്ടിയാണ്. എന്താ ചെയ്യാ, ഒടി മറിയണ ഈ രാക്കാറ്റാണ് സത്യം.ഞാനത് സാധിച്ചു കൊടുക്കും.' മോഹൻലാലിന്റെ  ഈ ഡയലോഗോടെയാണു ഗാനം തുടങ്ങുന്നത്.

ഒടിയൻ മാണിക്യന്റെയും പ്രഭയുടെയുംവരവിനായി കാത്തിരിക്കുകയാണ് ആരാധകർ.ദേശീയ പുരസ്കാര ജേതാവ് കെ. ഹരികൃഷ്ണന്റെ തിരക്കഥയിൽ ശ്രീകുമാര മേനോനാണു ചിത്രം ഒരുക്കുന്നത്. ഡിസംബർ പതിനാലിന് ഒടിയൻ തീയറ്ററുകളിലെത്തും.