ഇവിടെയുണ്ട് നിത്യ ദാസ്; കൂടെ പാട്ടും ഡാൻസുമായി നവ്യയും

മലയാളിയുടെ എക്കാലത്തെയും പ്രിയപ്പെട്ട നായികമാരാണ് നിത്യ ദാസും നവ്യാ നായരും. വർഷങ്ങൾക്കിപ്പുറം ഇരുവരും ഒരുമിച്ച് അതിഥികളായി എത്തുകയാണ് മഴവിൽ മനോരമയുടെ ഒന്നും ഒന്നും മൂന്ന് വേദിയിൽ. നിരവധി പാട്ടുകൾ പാടിയും വിശേഷങ്ങൾ പങ്കുവച്ചും പ്രേക്ഷകരെ കയ്യിലെടുത്തു ഇരുവരും.

അടുത്തിടെ നവ്യയുടെതായി റിലീസ് ചെയ്ത 'ചിന്നൻചിറുകിളിയെ' എന്ന ആൽബത്തിലെ ഏതാനും രംഗങ്ങളും നവ്യ ഒന്നും ഒന്നും മൂന്നിന്റെ വേദിയിൽ അവതരിപ്പിച്ചു. പ്രശസ്ത തമിഴ് കവി ഭാരതീയാറിന്റെ 'ചിന്നൻചിറുകിളിയെ' എന്ന കവിതയുടെ ഭരതനാട്യരൂപമാണ് നവ്യ ആൽബം രൂപത്തിൽ ആരാധകരിലേക്ക് എത്തിച്ചത്. മികച്ച പ്രതികരണം നേടിയിരുന്നു ഈ വിഡിയോ. ഇതിലെ ഏതാനും രംഗങ്ങളും നവ്യനായർ വേദിയിൽ അവതരിപ്പിച്ചു. തുടർന്ന് നവ്യയുടെ ഇഷ്ടം എന്ന ചിത്രത്തിലെ കണ്ടു കണ്ടു കണ്ടില്ല എന്ന ഗാനവും റിമിടോമിയും നവ്യയും ചേർന്നു പാടി. 

'നന്ദന'ത്തിലെ 'കാർമുകിൽ വർണന്റെ ചുണ്ടിൽ' എന്ന ഗാനം ചിത്രീകരിക്കുന്ന സമയത്തെ രസകരമായ അനുഭവങ്ങളും നവ്യ പങ്കുവച്ചു. നവ്യയുടെ വാക്കുകൾ ഇങ്ങനെ: കാർമുകിൽ വർണന്റെ ചുണ്ടിൽ എന്ന പാട്ട് എടുക്കുമ്പോൾ ആ ഫ്രെയിമിൽ തന്നെ ഒരു മാവുകാണാം. അതിൽ നിറയെ മാങ്ങയായിരുന്നു. അതു ഞാൻ മുറിച്ചു ഉപ്പും മുളകു പൊടിയും ചേർത്ത് ഒരു പാത്രത്തിൽ വച്ചിരിക്കുകയായിരുന്നു ഞാൻ. ഒരു ഷോട്ടെടുക്കും, ഞാൻ ഒരു കഷ്ണം മാങ്ങ കഴിക്കും. അങ്ങനെയായിരുന്നു ആ പാട്ടു മുഴുവൻ ചിത്രീകരിച്ചത്. 

ഈ പറക്കും തളികയിലെ 'കാക്കാട്ടിലെ കൂകൂട്ടിലെ പാപ്പാത്തിയെ വാ' എന്ന ഗാനത്തോടെയാണ് നിത്യ ദാസ് എത്തിയത്. പറക്കും തളികയുടെ ഷൂട്ടിങ് സമയത്തെ വിശേഷങ്ങൾ നിത്യ ദാസും പങ്കുവച്ചു. ഇരുവരും ചേര്‍ന്ന് നിരവധി പാട്ടുകളും പാടിയാണ് വേദി വിട്ടത്.