ഇന്റർനെറ്റിനെ തീപിടിപ്പിച്ച് പ്രിയങ്കയ്ക്ക് നിക്കിന്റെ ചുംബനം; മുംബൈയിൽ സംഗീത രാവ്

ആരാധകർ ഏറെ ആഘോഷിച്ച വിവാഹമായിരുന്നു അമേരിക്കൻ ഗായകൻ നിക് ജോനാസിന്റെയും ബോളിവുഡ് താരം പ്രിയങ്ക ചോപ്രയുടെയും. ഇരുവരുടെയും ജീവിതത്തിലെ സുന്ദര മുഹൂർത്തങ്ങളെല്ലാം ഏറെ ആവേശത്തോട സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കുകയും ചെയ്തു. വിവാഹ ദിനത്തിൽ നിക് ജോനാസ് പ്രിയങ്കയ്ക്കു നൽകിയ സ്നേഹ ചുംബനത്തിന്റെ ചിത്രവും മുംബൈയില്‍ ഇന്നലെ നടത്തിയ താരവിരുന്നിന്റെ വിഡിയോയും സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. 

നിക് ജോനാസും പ്രിയങ്കാ ചോപ്രയും തങ്ങളുടെ വിവാഹവുമായി ബന്ധപ്പെട്ടു നടത്തുന്ന മൂന്നാമത്തെ വിരുന്നാണ് മുംബൈയിലേത്. രണ്‍വീർ സിങ്, ദീപിക പദുക്കോണ്‍, അനുഷ്ക ശർമ, കത്രീന കയ്ഫ്, സാറ അലിഖാൻ, വിദ്യാബാലൻ, കജോൾ, രവീണ ടെന്റൺ, ബോബി ഡിയോൾ, അനിൽ കപൂർ, ഹേമ മാലിനി എന്നിങ്ങനെ പ്രശസ്ത ബോളിവുഡ് താരങ്ങളെല്ലാം തന്നെ മുംബൈയിലെ റിസപ്ഷന് എത്തിയിരുന്നു. 

സുഹൃത്തുക്കൾക്കായി നൃത്ത-സംഗീത രാവാണു നിക് ജോനാസും പ്രിയങ്കയും ഒരുക്കിയത്. ബാജ്‌റാവു മസ്താനിയിലെ പ്രശസ്തമായ പിങ്ക ഗാനത്തിനു പ്രിയങ്കയ്ക്കൊപ്പം ദീപിക പദുക്കോൺ ചുവടുവച്ചു. പ്രിയങ്കയോടൊപ്പം നൃത്തം ചെയ്യുന്ന വിഡിയോ ദീപിക തന്നെയാണു സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. 

ഈ മാസം തുടക്കത്തിൽ ജോധ്പൂരിലെ ഉമൈബാൻ ഹോട്ടലിലായിരുന്നു പ്രിയങ്കാ ചോപ്രയുടെയും നിക് ജോനാസിന്റെയും വിവാഹം. ഹിന്ദു-ക്രിസ്ത്യൻ ആചാരപ്രകാരമായിരുന്നു ചടങ്ങു നടന്നത്. തുടർന്ന് ഡിസംബർ നാലിനു ദില്ലിയിൽ റിസപ്ഷന്‍ നടത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവർ ഈ റിസപ്ഷനിൽ പങ്കെടുത്തിരുന്നു.