റിമിയുടെ ഡാൻസിനെ കളിയാക്കണ്ട; ശാസ്ത്രീയ നൃത്തവും വഴങ്ങും

പാട്ടിനൊപ്പം ഡാൻസും ചെയ്യുന്ന അപൂർവം മലയാളി ഗായകരിൽ ഒരാളാണ് റിമി ടോമി. ഗാനമേള വേദികളിലും മറ്റും പാട്ടിനൊപ്പമുള്ള റിമിയുടെ ഡാൻസിനും ആരാധകരുണ്ട്. എന്നാൽ ഡപ്പാംകൂത്ത് പാട്ടിനുമാത്രമല്ല. വേണ്ടിവന്നാൽ ശാസ്ത്രീയ നൃത്തം വരെ ഒരു കൈനോക്കും റിമി ടോമി. മഴവിൽ മനോരമയുടെ ഒന്നും ഒന്നും മൂന്നിന്റെ വേദിയിലായിരുന്നു റിമി ശാസ്ത്രീയ നൃത്തം പരീക്ഷിച്ചത്. 

ക്രിസ്മസ് സ്പെഷ്യൽ എപിസോഡിൽ സിത്താര കൃഷ്ണകുമാറും സംയുക്ത മേനോനും അതിഥികളായി എത്തിയപ്പോഴായിരുന്നു  റിമിയുടെ ഡാൻസ്. പാട്ടിനൊപ്പം തന്നെ ഡാൻസും വഴങ്ങുമെങ്കിലും ക്ലാസിക്കൽ നൃത്തം റിമി പരീക്ഷിക്കുന്നത് ആദ്യമാണ്. പലപ്പോഴും ഡാൻസ് ചെയ്തിട്ടുണ്ടെങ്കിലും ശാസ്ത്രീയ നൃത്തം ചെയ്യാൻ ആഗ്രഹിക്കുന്നുണ്ടെന്നു റിമി പറഞ്ഞു. തുടർന്ന് 'മറൈന്തിരുന്നു പാർക്കും' എന്ന ഗാനത്തിന് റിമിയുടെ ക്ലാസിക്കൽ സ്റ്റെപ്. സംഗതി സിത്താരയുടെയും സംയുക്തയുടെയും പ്രോത്സാഹനത്തെ തുടർന്നായിരുന്നു ഡാൻസെങ്കിലും റിമി മോശമാക്കിയില്ല.

തുടർന്ന് ഘനശ്യാമ എന്ന ഗാനത്തിന് സിത്താരയും ചുവടുവച്ചു. സംയുക്തയ്ക്കു വേണ്ടി തീവണ്ടിയിലെ ജീവാംശമായ് എന്ന ഗാനവും റിമിയും സിത്താരയും ചേർന്നു പാടി. ഏതായാലും റിമിയുടെ പാട്ടിനും ഡാൻസിനും മികച്ച പ്രതികരണമാണു ലഭിക്കുന്നത്. മലയാളം അറിയില്ലെങ്കിലും റിമിയുടെ പാട്ടും ഡാൻസും ഇഷ്ടമാണെന്നാണ് തമിഴ്നാട്ടിൽ നിന്നുമുള്ള ഒരാളുടെ കമന്റ്. പാട്ടും ഡാൻസും വിശേഷങ്ങളുമായി പ്രേക്ഷകരെ കയ്യിലെടുത്താണ് സിത്താരയും സംയുക്തയും മടങ്ങിയത്.