മേക്കോവറിൽ രജിഷയുടെ ആദ്യ ഗാനം തരംഗം; കാത്തിരിപ്പോടെ ആരാധകർ

എത്ര പ്രണയങ്ങളുണ്ടായാലും കൗമാരത്തിലെ പ്രണയം മിക്കവർക്കും മറക്കാനാകാത്തതാണ്. കാരണം പലപ്പോഴും ആദ്യ പ്രണയവും അത്രമേൽ മനസിൽതട്ടിയ പ്രണയവും വേറെയുണ്ടാകില്ല എന്നതുതന്നെ. അത്തരത്തിൽ മനോഹരമായ പ്രണയവുമായി എത്തുകയാണ് രജിഷ വിജയൻ 'ജൂണി'ലെ 'മിന്നി മിന്നി' എന്ന ഗാനത്തിലൂടെ. അമൃത സുരേഷ് ആണ് ഗാനം ആലപിച്ചിരിക്കുന്നത്. വിനായക് ശശികുമാറിന്റെ വരികൾക്ക് ഇഫ്ത്തിയാണു സംഗീതം നല്‍കിയിരിക്കുന്നത്. 

മെയ്ക്ക് ഓവറിൽ രജിഷ എത്തുന്നതു തന്നെയാണു ഗാനത്തിന്റെ ഹൈലൈറ്റ്. മുടി മുറിച്ച് പ്ലസ്ടു പ്രായമുള്ള പെണ്‍കുട്ടിയായാണ് രജിഷ എത്തുന്നത്. താരത്തിന്റെ മേയ്ക്ക് ഓവർ നേരത്തെ ഏറെ ചർച്ചയായിരുന്നു. യുണിഫോ അണിഞ്ഞ് പല്ലിൽ കമ്പിയിട്ട് എത്തിയ രജിഷയുടെ മേക്ക് ഓവർ ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. രജിഷയുടെ മേക്ക് ഓവർ വിഡിയോ നേരത്തെ അണിയറ പ്രവർത്തകർ പുറത്തു വിട്ടിരുന്നു. 

ചിത്രത്തിൽ രണ്ടു കാലഘട്ടത്തിലെ കഥാപാത്രമായാണു താരം എത്തുന്നത്. മാസങ്ങളോളം നീണ്ട കഠിന പ്രയത്നത്തിനൊടുവിലാണ് സ്കൂൾ വിദ്യാർഥിനിയാകാൻ രജിഷ തയ്യാറെടുത്തത്. ജൂൺ എന്നു പേരുള്ള പെൺകുട്ടിയുടെ 17 മുതൽ 27 വയസുവരെയുള്ള ജീവിതമാണു ചിത്രത്തിന്റെ പ്രമേയം. നിരവധി പുതുമുഖങ്ങൾ അണിനിരക്കുന്ന ചിത്രത്തിൽ ജോജു ജോർജ്, അശ്വതി, അർജുൻ അശോകൻ, അജു വർഗീസ് എന്നിവരാണു ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളാകുന്നത്. 

ഗാനം ഇതിനോടകം തന്നെ യുട്യൂബ് ട്രന്റിങ്ങിൽ ഇടം പിടിച്ചു. മികച്ച പ്രതികരണമാണ് സമൂഹമാധ്യമങ്ങളിൽ ലഭിക്കുന്നത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബുവാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥയും സംവിധാവും അഹമ്മദ് കബീർ ആണ്. ഫെബ്രുവരിയിൽ ചിത്രം തീയറ്ററുകളിലെത്തുമെന്നാണു പ്രതീക്ഷ.