ലക്ഷത്തിൽ ഒന്നേകാണു ഇതുപോലെ ഒരു ഐറ്റം; ഫഹദിഷ്ടം

റിലീസ് ചെയ്തു മണിക്കൂറുകൾക്കകം ഞാൻ പ്രകാശനിലെ ആത്മാവിൻ ആകാശത്താരോ എന്ന ഗാനം ഫഹദ് ആരാധകരുടെ മനംകീഴടക്കി. ഗാനത്തിന്റെ ടീസർ ആണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. പുതിയ പാട്ടിലൂടെ പ്രകാശൻ എത്തുന്നത് ആസ്വാദകന്റെ ആത്മാവിലേക്കാണെന്നാണു മിക്കവരുടെയും അഭിപ്രായം. 

ബി.കെ. ഹരിനാരായണന്റെതാണു വരികൾ. ഒരു സ്വപ്നത്തിന്റെ നിഴൽപറ്റി അങ്ങനെ പറന്നു പോകുന്ന, സൗഹൃദവും സന്തോഷവും ഇഴചേരുന്നതാണു വരികൾ. ഷാൻ റഹ്മാനാണു സംഗീതം നൽകിയിരിക്കുന്നത്. ഷാനും ഗൗരി ലക്ഷ്മിയും ചേർന്നാണു ഗാനം ആലപിച്ചിരിക്കുന്നത്. 

തീയറ്ററില്‍ ഈ ഗാനം കേട്ടപ്പോൾ പ്രത്യേക അനുഭവമായിരുന്നു എന്നാണു മിക്കവരുടെയും അഭിപ്രായം. ഫഹദ് മരണമാസാണെന്നും ഒപ്പമുള്ള അഭിനയം മികച്ചതാണെന്നുമാണു ചിലരുടെ പ്രതികരണം. .

ചിത്രത്തിലേതായി പുറത്തിറങ്ങിയ ഓമൽ താമരക്കണ്ണല്ലേ എന്ന ഗാനവും ഏറെ ശ്രദ്ധ നേടിയിരുന്നു. നിഖില വിമൽ, ദേവിക സഞ്ജയ്, ശ്രീനിവാസൻ, കെപിഎസി ലളിത എന്നിവര്‍ ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു. ശ്രീനിവാസന്റെ തിരക്കഥയിൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രം തീയറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്.