സെയ്ൻ മാലിക്കിന് ഉപദേശവുമായി 50 സെന്റ്

പ്രശസ്ത ബോയ്സ് ബാൻഡായ വൺ ഡയറക്ഷനിൽ നിന്ന് പിരിഞ്ഞ ഗായകൻ സെയ്ൻ മാലിക്കിന് ഉപദേശവുമായി എത്തിയിരിക്കുകയാണ് റാപ്പർ 50 സെന്റ്. തന്റെ റിക്കാർഡിങ് ലേബലുമായി കരാറൊപ്പിട്ടാൽ മാലിക്കിന് ധാരാളം പണമുണ്ടാക്കാം എന്നാണ് ഒരു അമേരിക്കൻ പത്രത്തിന് നൽകിയ അഭിമുഖത്തിൽ 50 സെന്റ് പറഞ്ഞത്. റാപ്പിൽ കരിയർ തുടങ്ങാൻ മാലിക്കിന് താൽപര്യമുണ്ടെങ്കിൽ എല്ലാവിധ സഹായങ്ങളും ചെയ്തുകൊടുക്കുമെന്നും താരം പറഞ്ഞിട്ടുണ്ട്.

ഒരു സാധാരണ 22 കാരനായി ബഹളങ്ങളിൽ നിന്ന് അകന്ന് ജീവിക്കണമെന്ന് ആഗ്രഹമുണ്ടെന്ന് പറഞ്ഞ് സെയ്ൻമാലിക്ക് വൺ ഡയറക്ഷനിൽ നിന്ന് പിൻമാറിയത്. തന്റെ വ്യക്തിജീവിതത്തിന് കൂടുതൽ പ്രാധാന്യം നൽകാൻ വേണ്ടിയാണ് താൻ ബാൻഡിൽ നിന്ന് പിൻമാറിയത് എന്നാണ് താരം പറഞ്ഞിരുന്നത്. പിൻമാറ്റത്തിന് ശേഷം ഒറ്റയ്ക്കുള്ള കരിയറിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സെയ്ന്റെ ആദ്യ സിംഗിൾ ഉടൻ പുറത്തിറങ്ങുമെന്നാണ് താരത്തോട് അടുത്ത വൃത്തങ്ങൾ പറയുന്ന വിവരങ്ങൾ.

നിയൽ ഹൊറൻ, സെയ്ൻ മാലിക്, ലിയൻ പെയ്ൻ, ഹാരി സ്റ്റൈൽസ്, ലൂയിസ് ടോംലിൻസൺ എന്നീ 5 പേർ ചേർന്ന് ബ്രിട്ടീഷ് റിയാലിറ്റി ഷോയായ എക്സ്ഫാക്റ്ററിന് വേണ്ടി രൂപീകരിച്ച ബാൻഡാണ് വൺ ഡയറക്ഷൻ. എക്സ് ഫാക്ടറിന്റെ ഏഴാമത്തെ ശ്രേണിയിൽ മൂന്നാംസ്ഥാനം കരസ്ഥമാക്കിയതിനെ തുടർന്നാണ് ബാൻഡ് പ്രശസ്തമാകുന്നത്. അപ് ഓൾ റൈറ്റ്(2011), ടേക് മി ഹോം (2012), മിഡ് നൈറ്റ് മെമ്മറീസ് (2013), ഫോർ(2015) എന്നിങ്ങനെ സൂപ്പർഹിറ്റായ നാല് ആൽബങ്ങളാണ് വൺ ഡി പുറത്തിറക്കിയിട്ടുള്ളത്. മൂന്ന് അമേരിക്കൻ മ്യൂസിക്ക് പുരസ്കാരങ്ങളും, അഞ്ച് ബിൽബോർഡ് പുരസ്കാരങ്ങളും, അഞ്ച് ബ്രിട്ട് പുരസ്കാരങ്ങളും 4 എം ടി വി വീഡിയോ മ്യൂസിക് പുരസ്കാരങ്ങളും ബാൻഡിനെ തേടി എത്തിയിട്ടുണ്ട്. 2012ലെ ടോപ് ന്യൂ ആർട്ടിസ്റ്റായി വൺ ഡയറക്ഷനെ ബിൽബോർഡ് പ്രഖ്യാപിച്ചിരുന്നു.