അമ്പമ്പോ...പാട്ടുകാരെ ഇങ്ങനേം അനുകരിക്കുമോ?

ഉമ്മൻ ചാണ്ടി, അച്യുതാനന്ദൻ, മോഹൻലാൽ, മമ്മൂട്ടി, കമൽഹാസൻ, രജനീകാന്ത്, അമരീഷ് പുരി....എണ്ണിയാലൊടുങ്ങില്ല അത്രയ്ക്കുണ്ട് ഇവരുടെ എണ്ണം നമുക്കിടയിൽ. ആരാണ് യഥാർഥയാൾ എന്ന് സംശയിച്ചുപോകും വിധത്തിലാണ് വേദികളിൽ ഇവരായി അനുകരണ കലയിലെ ആശാൻമാർ എത്താറുള്ളത്. ശബ്ദത്തിലും ഭാവത്തിലും രൂപത്തിലുമൊന്നും ഒരു പിഴവും വരുത്താതെ നമ്മെ ആർത്തുചിരിപ്പിക്കാനെത്തുന്നവരെ വെട്ടിലാക്കാൻ ചിലരെങ്കിലും ചോദിച്ചു കാണും...ദാസേട്ടന്റെ ശബ്ദം അനുകരിക്കാമോ...ചിത്ര ചേച്ചിയെ പോലെ പാടിക്കാണിക്കാമോ...എന്നൊക്കെ. ഒരു ആകാംഷകൊണ്ടാണ് നമ്മള്‍ ചോദിക്കുന്നതെന്നും അനുകരിച്ച് തെറ്റിപ്പോയാൽ പ്രതികരണം കടുത്തതാകുമെന്നും അറിയാവുന്നതുകൊണ്ട് ഈ പണിക്ക് അധികമാരും ഏറ്റെടുക്കില്ല.

എന്നാലിനി അത്രേം ആത്മവിശ്വാസത്തോടെ ഈ ചോദ്യം ചോദിക്കണ്ട. ആ ധാരണ മാറ്റിക്കോ പതിനാറ് മിനിട്ട് കൊണ്ട് ഇരുപത്തിയൊന്നു ഗായകരുടെ ശബ്ദം അനുകരിച്ചു കാണിച്ചിരിക്കയാണ് കോഴിക്കോടുകാരനായ നിസാം. സ്റ്റുഡിയോയിൽ നിന്ന് പാടി അത് റെക്കോർഡ് ചെയ്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വിഡിയോ വൈറലാകുകയാണ്.

യേശുദാസും, ജാനകിയമ്മയും, ലതാ മങ്കേഷ്കറും എസ് പി ബാലസുബ്രഹ്മണ്യവുമെല്ലാം ഇദ്ദേഹത്തിന്റെ കണ്ഠത്തിലൂടെ നമ്മുടെ കേഴ്‌വിയിലേക്ക് വരും. ഇളയരാജയും കുമാർ സാനുവും റാഫിയും മുകേഷും കിഷോർ കുമാറും ആശാ ഭോസ്‌ലേയുമെല്ലാം ഒരുടലിൽ നിന്ന് നമുക്ക് കേൾക്കാം. ആദ്യ കാല ഗായകരായ റ്റി എം സൗന്ദരാജന്റെയും എ എം രാജയുടെയും ശബ്ദത്തിലെ ഭംഗിയേയും ഇദ്ദേഹം ഓർമിപ്പിക്കുന്നു. ഇവരുടെ ഏറ്റവും പ്രശസ്തമായ ഗാനങ്ങളാണ് ആലപിച്ചിരിക്കുന്നത്. കോഴിക്കോടിന്റെ പ്രിയപ്പെട്ട മാപ്പിളപ്പാട്ടുകാരേയും മറന്നിട്ടില്ല. എത്രത്തോളം ശരിയായി എന്നു തീരുമാനിക്കേണ്ടത് കേഴ്‌വിക്കാരാണ്. പക്ഷേ നിസാം തന്റെ പ്രവൃത്തിയിൽ നീതിപുലർത്തിയെന്ന് പറയേണ്ടതുണ്ട്. പതിനായിരത്തോളം പേരാണ് നിസാം തന്റെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വിഡിയോ ഷെയർ ചെയ്തത്. വിഡിയോ കണ്ടുനോക്കൂ.