കലോത്സവത്തിൽ പിറന്ന കുട്ടിക്കവിത വൈറലാകുന്നു

ഫേസ്ബുക്കിലൂടെ ഷെയർ ചെയ്തു വന്ന ഒരു കവിതയാണിത്. അവൾക്ക് മത്സരത്തിൽ സമ്മാനം കിട്ടിയോ എന്നൊന്നും അറിയില്ല. പക്ഷേ ഒരുകാര്യമുറപ്പാണ് അമ്മയെന്ന വിസ്മയത്തെ വാക്കുകളുടെ കോരിച്ചൊരിയലില്ലാതെ എഴുതിയിടപ്പെട്ട കവിതകയാണവൾ നമുക്ക് ചൊല്ലിത്തരുന്നത്. ചെർപ്പുളശേരി ഉപജില്ലാ കലോത്സവത്തിലെ മത്സരത്തിനിടെ പിറന്ന ഒരു കുഞ്ഞു കവിത സോഷ്യൽ മീഡിയയിൽ ട്രെൻഡാവുകയാണ്. സ്നേഹ എന്ന കുട്ടിയുടേതാണ് കവിത എന്നാണ് ഫേസ്ബുക്ക് പോസ്റ്റിലുള്ളത്. പുലാപ്പറ്റ എം.എന്‍.കെ.എം.ഗവ.ഹയര്‍സെക്കന്‍ഡറി സ്കൂളിലെ സ്നേഹ എൻ പി എഴുതിയത്.

എഴുതിയിടാനാകാത്ത പറഞ്ഞുതീരാത്ത വികാരമാണ് അമ്മ. എങ്കിലും എപ്പോഴോ ആരോ കോറിയിടുന്ന ഒരു നാലുവരി കവിതയിലൂടെ ഒരു കുഞ്ഞു നോവു വീഴ്ത്തി മനസിലേക്കങ്ങനെ അമ്മയെത്താറില്ലേ. അത്തരമൊരു കവിതയാണിതും. മത്സരത്തിന്റെ മുറുക്കിപ്പിടിത്തതിനിടയിൽ കീറിമുറിച്ച സമയത്തിനിടയിൽ അവളെഴുതിയ കവിത പറയുകയാണ് അമ്മയെന്നാൽ പുകഞ്ഞു പുകഞ്ഞു തനിയെ സ്റ്റാർട്ടാകുന്ന കരിപുരണ്ട കേടുവന്ന ഒരു മെഷീനാണെന്ന്. ലാബ് എന്നാണ് കവിതയുടെ തലക്കെട്ട്. അടുക്കള എന്ന വിഷയത്തിലായിരുന്നു കവിതയെഴുത്ത്.

ഫേസ്ബുക്കിൽ പോസ്റ്റായി വന്ന കവിതയിലുള്ളത് പന്ത്രണ്ട് വരികൾ. ഞൊടിയിട കൊണ്ട് വായിച്ചു തീരുമ്പോൾ മനസിനുള്ളിലെ വീടുചിത്രത്തിലൂടെ നടന്ന് അടുക്കളയിൽ മുഷിഞ്ഞ സാരിത്തുമ്പു പിടിച്ച് വിയർപ്പ് തുടയ്ക്കുന്ന സ്വന്തം അമ്മയിലേക്കെത്തും. സ്വന്തം വേദനകളെ നിറംപുരട്ടാത്ത ചുണ്ടുകളിലെ ചിരികൊണ്ട് മായ്ക്കുന്ന അമ്മ.സ്വന്തം വയറിന വിശപ്പു മറന്ന് സ്നേഹത്തിന്റെ ചോറു വിളമ്പുന്ന അമ്മ. വിയർപ്പ് ചാലുവീഴ്ത്തിയ സീമന്ത രേഖയിലൂടെ ഒഴുകിയിറങ്ങുന്ന സിന്ദൂരവും നെറ്റിത്തടത്തിലമ്മ തലേന്നുതൊട്ട പൊട്ടിന്റെ നിറം കണ്ണിനുള്ളിലെ കണ്ണീർത്തുള്ളിയിൽ നിറംചാലിക്കും.

ലാബ്

കെമിസ്ട്രി സാറാണ് പറഞ്ഞത്

അടുക്കള ഒരു ലാബാണെന്ന

പരീക്ഷിച്ച് നിരീക്ഷിച്ച്

നിന്നപ്പോഴാണ് കണ്ടത്**

വെളുപ്പിനുണർന്ന്

പുകഞ്ഞു പുകഞ്ഞ്

തനിയെ സ്റ്റാർട്ടാകുന്

കരിപുരണ്ട കേടുവന്ന

ഒരു മെഷ്യീൻ‌‌

അവിടെയെന്നും

സോഡിയം ക്ലോറൈഡ് ലായനി

ഉത്പാദിപ്പിക്കുന്നുണ്ടെന്ന

**കടപ്പാട്: നാരായണൻ പിഎം എന്ന വ്യക്തി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വിവരങ്ങളാണ് വാർത്തയ്ക്ക് ആധാരം. **