വേറിട്ട ശബ്ദങ്ങളിൽ ഊര്‍ജമുള്ള പാട്ടുകൾ: കാതോർക്കണം 'ആനന്ദം'

ആനന്ദം എന്ന സിനിമയിലെ ഗാനങ്ങൾക്കു വേണ്ടി കാതോർക്കാൻ  കാരണം രണ്ടാണ്. ആദ്യത്തേത് സച്ചിൻ വാര്യർ എന്ന വേറിട്ട ശബ്ദത്തിന്റെ ഉടമ ആദ്യമായി സംഗീത സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകത. രണ്ടാമത് സിനിമയുടെ  ടീസർ പുറത്തിറങ്ങിയപ്പോൾ ചെവിയിലെത്തിയ വഴിതുടങ്ങുന്നേ...ഇനി ആനന്ദമേ എന്ന വരികളിലെ  ഊർജം. സിനിമയിലെ നാലു ഗാനങ്ങൾ ഉൾപ്പെട്ട ആൽബം കേട്ടപ്പോൾ സംഗീത സംവിധായകനെയും  പിന്നണിക്കാരെയും അഭിനന്ദിക്കാതെ വയ്യ. പുതിയ ഗായകർക്ക് ഇടം നൽകുകയും  ഓർക്കസ്ട്രേഷനിൽ വ്യത്യസ്തത പുലർത്തുകയും ചെയ്ത നാലു ഗാനങ്ങൾ പാട്ടുപ്രേമികൾക്ക് ഇഷ്ടപ്പെടും. 

‘വഴി തിളങ്ങുന്നേ, മനം ഒരുങ്ങുന്നുണ്ടേ, കൺ തുറക്കുന്നേ, ഇനി ആനന്ദമേ...’എന്നു ആദ്യ ഗാനത്തിൽ നിന്നു തുടങ്ങാം. സിനിമയുടെ ഊർജം മുഴുവനുള്ള പാട്ട്. വേഗതാളത്തിൽ മികച്ച ഓർക്കസ്ട്രേഷനിൽ ചെയ്തിരിക്കുന്ന പാട്ട്. ചെറുപ്പക്കാരുടെ സിനിമ, അഭിനേതാക്കളും  പിന്നണിയിലുമെല്ലാം  യുവത്വം. അതിനു ചേർന്ന പാട്ടാണിതെന്ന കാര്യത്തിൽ സംശയമില്ല. വൈശാഖ് നായർ, സുചിത് സുരേശൻ, അശ്വിൻ ഗോപകുമാർ, സച്ചിൻ വാര്യർ എന്നിവർ ചേർന്നു പാടിയിരിക്കുന്ന ഈ പാട്ടിന്റെ വരികൾ സിനിമയുടെ നിർമാതാവു കൂടിയായ വിനീത് ശ്രീനിവാസനാണ്. ഗായകർ നാലുപേരുടെയും  ശബ്ദം  ഏറെ ചേർന്നിരിക്കുന്നു. ബാൻജൊ എന്ന വെസ്റ്റേൺ സ്ട്രിങ് ഇൻസ്ട്രമെന്റിന്റെ സുന്ദരമായ  ബാക്ക് ഗ്രൗണ്ട് കേൾക്കാം  ഇതിൽ. ലളിതമായ എല്ലാവരെയും ഏറ്റുപാടിക്കുന്ന ഈ ഈണമാകും  ചെറുപ്പക്കാരുടെ ചെവിയിൽ ഏറ്റവും കൂടുതൽ എത്തുക. 

നിലാവിൽ എല്ലാമേ എന്ന ഗാനം സംഗീത സംവിധായകൻ  തന്നെയായ സച്ചിൻ വാര്യരാണു  പാടിയിരിക്കുന്നത്. ചെറിയൊരു ഇടവേളയ്ക്കു ശേഷം  അനു എലിസബത്ത് വരികളുമായി  വീണ്ടും  എത്തിയിരിക്കുന്നു. ഒരു പതിഞ്ഞ താളത്തിലുള്ള  സുന്ദരമായ ഒരു പ്രണയഗാനം. രസകരമായി  വീണ്ടും കേൾക്കാൻ പ്രേരിപ്പിക്കുന്നതാണ്  ഈ പാട്ടെന്നതിൽ തർക്കമില്ല. 

ഒരു നാട്ടിൽ എന്ന വിനീത് ശ്രീനിവാസൻ പാടിയ ഗാനമാണ്  ചിത്രത്തിലെ ഏറ്റവും രസകരമെന്നു വിശേഷിപ്പിക്കാവുന്ന  പാട്ട്. ഒരു കോളജ് ടുറിന്റെ കഥ മനു മഞ്ജിത് വളരെ ലളിതമായി എഴുതിയിട്ടുണ്ട്. വിനീതിനൊപ്പം പാടിയിരിക്കുന്ന അപൂർവ ബോസിനെ അധികം പരീക്ഷിച്ചിട്ടില്ല. രചനയുടെ  സിംപ്ലിസിറ്റിയ്ക്കൊത്ത  സംഗീതവും  ആലാപനവുമാണ്  ഈ പാട്ടിനെ വേറിട്ടു നിർത്തുന്നത്. ഒരു കുട്ടിപ്പാട്ടെന്നു  പറഞ്ഞാൽപ്പോലും  തെറ്റില്ല. അത്ര ലളിതവും എന്നാൽ മനോഹരവുമായി  ഈ പാട്ടു രൂപപ്പെടുത്തിയിരിക്കുന്നു. 

പക്ഷെ ആൽബത്തിലെ  ഏറ്റവും മനോഹരമായ  ഗാനം  അശ്വിൻ ഗോപകുമാറും  പയ്യെ വീശും കാറ്റ് എന്നു തുടങ്ങുന്ന പാട്ടാണ്. ചില സുന്ദരമായ വഴികളിലൂടെ ഒഴുകുന്നുണ്ട് അതിന്റെ  ഈണം. അതിനൊപ്പം നിൽക്കുന്ന ഓർക്കസ്ട്രേഷനും. വെൻ ചായ് മെറ്റ് ടോസ്റ്റ് എന്ന ബാൻഡിന്റെ  ‘സൂപ്പർമാനായ’ അശ്വിൻ ഗോപകുമാർ  റൊമാന്റിക്കായി  പാടിയിരിക്കുന്നു എന്നതാണ്  ഈ പാട്ടിന്റെ  പ്രധാന ആകർഷണം. സ്നേഹ വാര്യരുടെ വേറിട്ട ശബ്ദവും  ഈ പാട്ടിന്റെ   പ്ലസ് പോയിന്റ്. അനു എലിസബത്തിന്റെ വരികളും  ഈണത്തോപ്പം  പയ്യെ കാറ്റു വീശി നിൽക്കുന്നു. അശ്വിന്റെ  പവർ ഫുൾ  വോയ്സിനെ  വളരെ സുന്ദരമായി  ഇതിൽ  ഉപയോഗിച്ചിരിക്കുന്നു. ഇംഗ്ലീഷ് മാത്രമല്ല, നല്ല മലയാളം റൊമാന്റിക് പാട്ടുകളും തനിക്കു വഴങ്ങുമെന്ന് തെളിയിച്ച് അശ്വിന്  മുഴുവൻ മാർക്കും. സച്ചിൻ വാര്യർ എന്ന സംഗീത സംവിധായകന്റെ  മികവു കൃത്യമായി അളക്കാം ഇതിൽ. 

അവസാനമായി  ആൽബത്തിലുള്ള വളരെ ചെറിയൊരു ഗാനം ഖുലേ രസ്തോം പേ....എന്ന ഹിന്ദി ഗാനം പാടിയിരിക്കുന്നത് രഘു ദീക്ഷിതാണ്. പവർഫുൾ ശബ്ദമുള്ള  രഘുവിന്റെ പതിവു ശൈലിയിൽ നിന്നു വ്യത്യസ്തമായി  ഒരു സൂഫി ശൈലിയിലുള്ള  ഒരീണം. രഘുവിന്റെ ഫാസ്റ്റ് നമ്പരുകൾ  കേട്ടു പരിചയമുള്ളവർക്ക്  ഏറെ താൽപര്യമുണ്ടാകും  വളരെച്ചെറിയ ഈ ഗാനം കേൾക്കാൻ. സച്ചിൻ വാര്യർ തന്നെയാണ് രചനയും. രഘുവിന്റെ ബാൻഡ് അംഗമായ അച്യുത് ജയ്ഗോപാലിന്റെ ഗിറ്റാറും ശ്രുതിരാജിന്റെ തബലയും പാട്ടിനൊപ്പം നിൽക്കുന്നു. 

ആനന്ദത്തിന്റെ പാട്ടുകൾ ഒരുപാടു നാളുകൾ  ചെവിയിൽ നിറഞ്ഞു നിൽക്കുമെന്നു  പറയാനാകില്ല. പക്ഷെ സിനിമയുടെ പേരു സൂചിപ്പിക്കുന്നതുപോലെ സന്തോഷം നിറഞ്ഞ പാട്ടുകളാണ് ആനന്ദത്തിലേത്. ഒരു സംഗീത സംവിധായകനെന്ന നിലയിൽ  സച്ചിൻ തന്റെ  മികവു തെളിയിച്ചിട്ടുണ്ട്. പാട്ടുകളുടെ ഓർക്കസ്ട്രേഷൻ, മിക്സിങ് എന്നിവയിലെല്ലാം  ഈ കയ്യടക്കം കാണാം. വേറിട്ട ശബ്ദങ്ങൾ പരീക്ഷിക്കാനുള്ള താൽപര്യമാണ് ആനന്ദത്തിലെ ഗാനങ്ങളുടെ ഒരു പ്ലസ് പോയിന്റ്. പാട്ടിലെ ആനന്ദം കൂടുതലായി ഒഴുകട്ടെ.