Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചുണ്ടോണ്ട് ചൊന്നത് , നെഞ്ചോണ്ട് കേക്കണ്

ആലാപന സൗന്ദര്യംകൊണ്ട് മലയാളികളുടെ മനസ് കീഴടക്കിയ ഗായിക. മറുനാട്ടിൽ നിന്നും നിരവധി ഗായികഗായകൻമാർ വന്നു പോയെങ്കിലും മലയാളത്തിന് സ്വന്തം ഗായികയായി കേരളത്തിലെ സംഗീത പ്രേമികൾ നെഞ്ചിലേറ്റിയ പ്രതിഭയാണ് ബംഗാളിയായ ശ്രേയാ ഘോഷാൽ. തന്റെ അരങ്ങേറ്റ ഗാനത്തിലൂടെ ദേശീയ പുരസ്കാരത്തിന്റെ തിളക്കമറിഞ്ഞ ഗായിക. സംസാരിക്കാൻ വശമുള്ള ഭാഷകൾ അനവധിയല്ലെങ്കിലും പാടാൻ വശമുള്ള ഭാഷകൾ വിരലെണ്ണത്തിൽ ഒതുങ്ങാത്തതാണ്. 2002 ൽ പുറത്തിറങ്ങിയ ‘ ദേവദാസ്' പ്രമേയം കൊണ്ടു മാത്രമല്ല അതിലെ ഗാനങ്ങളുടെ മാധുര്യം കൂടി കൊണ്ടാണ് കൂടുതൽ ഹിറ്റായത്. തന്റെ അരങ്ങേറ്റ ഗാനം ശ്രേയ കുറിച്ചത് ദേവദാസിലായിരുന്നു. ആദ്യചിത്രത്തിൽ ആലപിച്ച ഗാനങ്ങളുടെ എണ്ണം അഞ്ച്. അഞ്ചെന്നത് മാത്രമല്ല തേടിയെത്തിയത് ദേശീയ പുരസ്കാരം ഇതിലും സ്വപ്നതുല്യമായൊരു തുടക്കം എങ്ങനെയാണ് ഒരു ഗായികയ്ക്ക് ലഭിക്കുക.

2002 ൽ നിന്നും 2015 ലേക്ക് എത്തി നിൽക്കുമ്പോൾ പ്രശസ്തിയുടെ കൊടുമുടിയേറിയിരിക്കുകയാണ് ശ്രേയ ഘോഷാൽ. ഹിന്ദിക്ക് പുറമേ തമിഴ്, തെലുങ്ക്, മറാത്തി, കന്നട, ആസാമിസ്, മലയാളം എന്നിങ്ങനെ നിരവധി ഇന്ത്യൻഭാഷകളിൽ ശ്രേയ ഗാനമാലപിക്കുമ്പോൾ ശ്രോതാക്കൾക്ക് ഉണ്ടാകുന്ന സംശയം സമാനമാണ്. ശ്രേയയുടെ മാതൃഭാഷ ഏത്? ഒരു ഉത്തരേന്ത്യൻ ഗായികയ്ക്ക് ദക്ഷിണേന്ത്യൻ ഭാഷകൾ അനായാസം വഴങ്ങുക, സംസാരിക്കാൻ അറിയാത്ത, ഇതുവരെ സംസാരിച്ചിട്ടില്ലാത്ത ഭാഷകളിൽ മനോഹരമായി ഗാനങ്ങൾ അവതരിപ്പിക്കുമ്പോൾ അത്ഭുതമൂറുന്നത് ഇത് സൃഷ്ടിക്കുന്നതിനായി പ്രയത്നിക്കുന്നവർ മാത്രമല്ല മറിച്ച് ശ്രോതാക്കൾ കൂടിയാണ്.

ദേശീയ പുരസ്കാരം നേടി ഏകദേശം അഞ്ചു വർഷങ്ങൾക്കിപ്പുറമാണ് ശ്രേയാഘോഷാലിന്റെ ശബ്ദം ആദ്യമായി മലയാളത്തിൽ കേൾക്കുന്നത്. ബിഗ്ബി എന്ന ചിത്രത്തിലൂടെ ‘വിടപറയുകയാണോ... എന്ന ഗാനം അവതരിപ്പിക്കാൻ അൽഫോൺസ് ശ്രേയാഘോഷാലിന് അവസരം നൽകിയപ്പോൾ മലയാളത്തിലെ ഏറ്റവും മികച്ച ഗായികമാരുടെ നിരയിലേക്ക് ഒരു മറുനാടൻ ഗായിക കൂടി അണിനിൽക്കപ്പെടുകയായിരുന്നു.

ഇന്ത്യയിലെ ഏറ്റവും പ്രയാസമേറിയ ഭാഷ ഏതെന്ന് ചോദിച്ചാൽ മലയാളമെന്ന് ഒരിക്കലെങ്കിലും മലയാളം പറയാൻ ശ്രമിച്ചിട്ടുള്ള അന്യഭാഷക്കാരൻ പറയും. മാത്രമല്ല ഉത്തരേന്ത്യക്കാരുടെ നാവിൻ തുമ്പത്ത് ഒതുങ്ങാത്ത നിരവധി പദങ്ങളും മലയാളത്തിന് സ്വന്തമായുണ്ട്. ശങ്കർ മഹാദേവനും, എസ് ജാനകിയമ്മയും ഗാനങ്ങൾ ആലപിക്കുമ്പോൾ ഈ പദങ്ങൾ വേർതിരിച്ചറിയാനും കഴിയും. എന്നാൽ ഈ വേർതിരിവ് അവരുടെ പാട്ടുകൾ കൂടുതൽ മനോഹാരിത നൽകുന്നുണ്ട്. ഈയൊരു സാഹചര്യത്തിലാണ് ശ്രേയാ ഘോഷാൽ എന്ന പ്രതിഭയുടെ പ്രഫഷണലിസം കൂടുതൽ വ്യക്തമാക്കുന്നത്. - ‘ര’ എന്ന അക്ഷരത്തെ ‘റ’ ആയും, ‘ന’, ‘ഴ’, ‘ഷ’ എന്നീ അക്ഷരങ്ങളെ ഉത്തരേന്ത്യൻ സ്റ്റൈലിലും ഉച്ചരിക്കുന്ന ശ്രേയാഘോഷാലിന് എങ്ങനെയാണ് മലയാളഗാനങ്ങൾ ഇത്ര സ്ഫുടതയോടെ ആലപിക്കാൻ കഴിയുന്നത് എന്നത് സിനിമാമേഖലയിൽ തന്നെ ചോദ്യമായിരുന്നു. എന്നാൽ മലയാള ഗാനങ്ങൾ ആലപിക്കുമ്പോൾ ശ്രേയ നടത്തുന്ന, മലയാള സംഗീത സംവിധായകരുടെ സഹായത്തോടെ നടത്തുന്ന കഠിന പരിശ്രമമാണ് ഇതിനു സഹായിക്കുന്നത്.

റെക്കോർഡിങ് സ്റ്റുഡിയോയിൽ എത്തി എഴുതിവച്ച് ഗാനം ആലപിച്ച് മടങ്ങാൻ, അല്ലെങ്കിൽ എത്രയും പെട്ടെന്ന് പൂർത്തിയാക്കി മടങ്ങാൻ ശ്രേയ ശ്രമിക്കാറില്ല. മറിച്ച് ഗാനത്തെപ്പറ്റിയും രചനയെ പറ്റിയും ഒരു വിദ്യാർഥിയെപോലെ ഗാനരചയിതാവിൽ നിന്നും സംഗീത സംവിധായകരിൽ നിന്നും കാര്യങ്ങൾ മനസിലാക്കും. പിന്നീട് ശ്രേയ തന്നെ സ്വന്തം കൈപ്പടയിൽ ഇംഗ്ലീഷിലും, ഹിന്ദിയിലുമായി ഈ വരികൾ പകർത്തിയെടുക്കും. വാക്കുകളുടെ ഉച്ചാരണം തനിക്ക് മനസിലാകുന്ന രീതിയിൽ പകർത്തി കഴിഞ്ഞാണ് പിന്നെ ഈ വാക്കുകളുടെ വരികളുടെ അർഥങ്ങളുടേയും ഭാവങ്ങളുടേയും പിന്നാലെയാണ് ഓട്ടം. ഓരോ വാക്കിന്റേയും അർഥം മനസിലാക്കി അത് മറ്റൊരു വാക്കിനോട് ചേരുമ്പോഴുണ്ടാകുന്ന അർഥവ്യത്യാസം മനസിലാക്കി കഴിഞ്ഞാൽ പാടാനുള്ള തയാറെടുപ്പായി.

ഗാനത്തിന്റെ മൂഡിലേക്ക് അലിഞ്ഞിറങ്ങിയാൽ മനസ് തുറന്ന് പാടുകയെന്നത് മാത്രമാകും ശ്രേയയുടെ ശ്രദ്ധ. എന്നാൽ ഈ ഘട്ടങ്ങളിലൊക്കെ മലയാളത്തിന് മാത്രം സ്വന്തമായിട്ടുള്ള ‘ര’ പോലുള്ള അക്ഷരങ്ങൾ ശ്രേയയ്ക്ക് വെല്ലുവിളി ആകാറുണ്ട്. മലയാളത്തിലേക്ക് എത്തിയ ആദ്യകാലങ്ങളിൽ തനിക്ക് വഴങ്ങാത്ത അക്ഷരങ്ങൾ വരുന്ന ഭാഗങ്ങളിൽ റീടേക്ക് പല പ്രാവശ്യമെടുത്ത് ഭംഗിയാക്കാൻ സംവിധായകനോടൊപ്പം എത്രതന്നെ സഹകരിക്കാനും ഈ ഗായിക തയാറായിരുന്നു.

എം. ജയചന്ദ്രൻ സംഗീതം നൽകിയ ബനാറസിലെ ‘ മധുരം ഗായതി’ എന്ന ഗാനമാലപിക്കുമ്പോൾ ശ്രേയ എന്ന ഗായിക അനുഭവിച്ച കഷ്ടപ്പാടും എന്നാൽ അവരുടെ ആത്മാർഥതയും പാഷനും സംവിധായകൻ ഇപ്പോഴും ഓർക്കുന്നുണ്ട്. ‘ പ്രണയമൊരു അസുലഭ മധുരമാം നിർവൃതി' എന്ന ഒരു ഭാഗം കുറഞ്ഞത് 25 ടേക്കുകളിലാണ് താരം ഭംഗിയാക്കിയത്. ഒരുമിച്ച് പാടിയാൽ മാത്രം അതിന്റെ ഭംഗി നിലനിൽക്കുന്നതായ എന്നാൽ മലയാളി അല്ലാത്തവർക്ക് അത്ര പെട്ടെന്ന് വഴങ്ങാത്ത ഒരു ഭാഗം ശ്രേയ പാടിയതോടെ അവരിലുള്ള സംഗീത നൈപുണ്യം തിരിച്ചറിഞ്ഞതായും എം. ജയചന്ദ്രൻ കൗതുകപൂർവം ഓർക്കുന്നുണ്ട്.

‘നേരം’, ‘രാവ്’, നനഞ്ഞു എന്നിങ്ങനെ തനിക്ക് പ്രയാസം തോന്നുന്ന വാക്കുകൾ വരുമ്പോൾ അതിന്റെ ഉച്ചാരണം നേരത്തെ തന്നെ ചോദിച്ച് സ്ഥിരീകരിച്ച് മനഃപാഠമാക്കുന്ന രീതിയായിരുന്നു പിന്നീട് ശ്രേയഘോഷാലിന്റേത്. തനിക്ക് മലയാളം വാക്ക് പാടാൻ കഴിയുന്നില്ല അല്ലെങ്കിൽ ഉച്ചരിക്കാൻ കഴിയുന്നില്ലെന്ന കാരണം നിരത്തി ഒരിക്കലും അതിൽ നിന്നും പിൻമാറാൻ ശ്രേയ തയാറായിട്ടില്ല. എന്നാൽ മലയാളത്തിൽ കൂടുതൽ സജീവമായപ്പോൾ മലയാള അക്ഷരങ്ങൾ കൂടുതൽ വ്യക്തമായി മനസിലാക്കാനും സ്വയം അതിന്റെ ഉച്ചാരണം സ്ഥിരീകരിക്കാനും ശ്രേയയ്ക്ക് കഴിയുന്നുണ്ട്.

ചടുലമായ ബനാറസിലെ ഗാനം വളരെ പ്രയാസപ്പെട്ട് റെക്കോർഡ് ചെയ്ത ശ്രേയ ഇന്ന് ‘ കാത്തിരുന്നു കാത്തിരുന്നു’ എന്ന ഗാനത്തിൽ എത്തിനിൽക്കുമ്പോൾ ഉണ്ടായ മാറ്റം അനുഭവിച്ചറിയുന്നവരാണ് സഹപ്രവർത്തകർ. മലയാളം സംസാരിക്കാൻ അറിയില്ലെങ്കിലും മലയാള പാട്ടുപാടുമ്പോൾ സ്വന്തം മാതൃഭാഷയെപ്പോലെ കൈകാര്യം ചെയ്യാൻ കഴിയുന്നത് സ്വന്തം സമർപ്പണത്തിന്റെ ഭാഗമാണ്.

എന്താണ് തന്റെ ശക്തി എന്ന് ചോദിച്ചാൽ ശ്രേയയ്ക്ക് നിരവധി കാര്യങ്ങൾ ഉണ്ടാകും എന്നാൽ ശ്രേയയെ അടുത്തറിയുന്നവർ പറയുന്നത് ലതാജിയുടെ പാഠങ്ങളാണ്, ആ ഗാനങ്ങളാണ് ശ്രേയയുടെ ശക്തി. ലതാമങ്കേഷ്ക്കറിന്റെ 80 ശതമാനം ഗാനങ്ങളും മനഃപാഠമാക്കിയിട്ടുള്ള ശ്രേയ ആ ഗാനങ്ങൾ മനോഹരമായി ആലപിക്കുകയും ചെയ്യും. ആ ആലാപനശൈലിയിലൂടെ ലഭിച്ച അടിസ്ഥാനമാണ് മലയാളത്തെ പോലും അനായാസം കൈകാര്യം ചെയ്യാനുള്ള കെൽപ് ശ്രേയയ്ക്ക് നൽകുന്നതെന്ന് അടുത്ത സംവിധായകർ പോലും സമ്മതിക്കുന്ന കാര്യമാണ്. ഈ ശൈലി തന്നെയാണ് കെ എസ് ചിത്ര, സുജാത പോലുള്ള പ്രഗത്ഭരോടൊപ്പം ശ്രേയയെ മലയാള സിനിമാ മേഖലയിൽ ചേർത്തു നിർത്തുന്നത്. ഇന്ത്യ മുഴുവൻ ആഞ്ഞടിക്കുന്ന ശ്രേയാ ശബ്ദം ഒരിക്കൽ കടൽ കടന്നു. അമേരിക്കയിൽ അവിടുത്തെ ഗവർണർ പങ്കെടുത്ത ചടങ്ങിൽ ശ്രേയ ഗാനമാലപിച്ചതിലൂടെ ഉയർന്നത് ശ്രേയയുടെ അഭിമാനം മാത്രമായിരുന്നില്ല നമ്മുടെ രാജ്യത്തിന്റെ കൂടെയായിരുന്നു. ഈ ആദരവ് ജൂൺ 26ന് ശ്രേയാ ഘോഷാൽ ദിനമായി ആചരിച്ച് പ്രകടമാക്കാൻ ഗവർണർ ഉത്തരവിടുകയും ചെയ്തു. അറിയാത്ത ഭാഷയിൽ ആത്മാവിന്റെ സംഗീതം ഇനിയുമേറെ മധുരമൂറി മലയാളത്തിന് ശ്രേയ നൽകിക്കൊണ്ടേയിരിക്കും.