മരണങ്ങളിൽ പകച്ച് അച്ചു രാജാമണി

സംഗീത ജീവിതത്തിലും വ്യക്തിജീവിതത്തിലും ഒപ്പം നടന്നവരാണ് ജോണ്‍സനും രാജാമണിയും. മൂന്നുതലമുറകളിലേക്ക് നീളുന്ന സൗഹൃദമാണ് ഇരുവരുടെയും കുടുംബങ്ങള്‍ തമ്മിലുള്ളത്. ജോണ്‍സന്‍റെ മകള്‍ ഷാനിന്‍റെ മരണത്തിന്‍റെ ഞെട്ടലില്‍ നിന്നു വിട്ടുമാറും മുമ്പാണ് ഇരുകുടുംബങ്ങളെയും വീണ്ടും ദുഖത്തിലാഴ്ത്തി രാജാമണിയുടെ വിയോഗം. 

പത്തു ദിവസത്തിനിടെ ഗുരുവും മാര്‍ഗദര്‍ശിയുമായ പിതാവിനെയും ബാല്യകാലസഖിയും സഹോദരതുല്യയായ ഷാനിനെയും നഷ്ടപ്പെട്ടത്തിന്‍റെ ആഘാതത്തിലാണ് രാജാമണിയുടെ മകന്‍ അച്ചു രാജാമണി. 

രാജാമണിയുടെ പിതാവ് ബി.എ. ചിദംബരനാഥിന്‍റെ സംഗീത സംവിധാന സഹായിയായി ജോണ്‍സണ്‍ പ്രവര്‍ത്തിച്ചു തുടങ്ങിയ കാലം മുതലാണ് ഇരു കുടുംബങ്ങളും തമ്മിലുള്ള ബന്ധം ആരംഭിക്കുന്നത്. പിന്നീട് ജോണ്‍സണ്‍ സ്വതന്ത്ര സംഗീത സംവിധായകനായപ്പോള്‍ രാജാമണി അദ്ദേഹത്തിന്‍റെ സഹായിയായി പ്രവര്‍ത്തിച്ചു. രാജാമണി ഗുരുതുല്യനായിട്ടാണ് ജോണ്‍സനെ കണ്ടിരുന്നത്. ജോണ്‍സനും രാജാമണിയും ചെന്നൈയില്‍ ദീര്‍ഘകാലം അയല്‍വാസികളുമായിരുന്നു. 

ജോണ്‍സന്‍റെ മക്കളായ ഷാനും റെന്നും രാജാമണിയുടെ മക്കളായ അച്ചുവും കിച്ചുവും ഒരുമിച്ചു കളിച്ചു വളര്‍ന്നവരാണ്. കൂട്ടത്തില്‍ ഷാനായിരുന്നു സീനിയര്‍. അതുകൊണ്ടു തന്നെ ഷാനിനു ജേഷ്ഠ സഹോദരിയുടെ സ്ഥാനമായിരുന്നു. ഷാനിന്‍റെ സഹോദരന്‍ റെന്നിന്‍റെ ചെല്ലപേരും അച്ചു എന്നായിരുന്നു. പേരില്‍ മാത്രമല്ല താല്‍പര്യങ്ങളും അച്ചുമാര്‍ തമ്മില്‍ സമാനതകളുണ്ടായിരുന്നു. അച്ചു രാജാമണി ഗോകാര്‍ട്ട്, ഫോര്‍മുല കാര്‍ ചാംപ്യനായിരുന്നെങ്കില്‍ റെന്‍ ജോണ്‍സണ്‍ ബൈക്ക് റേസിങ് ചാംപ്യനായിരുന്നു. 

രാജാമണിയും കുടുംബവും

അച്ചു രാജാമണി സംഗീത സംവിധാനത്തിലേക്ക് കടന്നപ്പോള്‍ അദ്ദേഹത്തിന്‍റെ ആഗ്രഹമായിരുന്നു ടിറ്റു ചേച്ചിയെന്നു അച്ചു വിളിക്കുന്ന ഷാനിനെ തന്‍റെ സംഗീതത്തില്‍ പാടിപ്പിക്കണമെന്ന്. 2013-ല്‍ അച്ചുവിന്‍റെ സംഗീതത്തില്‍ ഒരു തമിഴ് ചിത്രത്തിനു വേണ്ടി ഷാന്‍ പാടിയിരുന്നു. അന്ന് റെക്കോര്‍ഡിങ് ശേഷം അച്ചു പ്രതികരിച്ചത് ഇങ്ങനെ: ‘എനിക്ക് ഒരുപാട് സന്തോഷവും അഭിമാനവും തോന്നുന്നു. ടിറ്റു പാടുമ്പോള്‍ മൂത്ത സഹോദരി പാടുന്ന ഫീലാണ് എനിക്ക്.  ഈ പാട്ട് ഞാന്‍ ജോണ്‍സണ്‍ മാമക്കു സമര്‍പ്പിക്കുന്നു.’