പനിനീർപൂവിന്റെ നൈർമല്യത്തിൽ ആക്ഷൻ ഹീറോ ബിജുവിലെ ആദ്യ ഗാനം

ഏറെക്കാലമായി നല്ലൊരു മെലഡി കേട്ടിട്ടെന്ന പരാതി മായ്ച്ചു കളഞ്ഞുകൊണ്ടെത്തിയ പാട്ടിന്റെ ദൃശ്യങ്ങളെത്തി. ആക്ഷൻ ഹീറോ ബിജുവിലെ പൂക്കൾ പനിനീർ പൂക്കളെന്ന പാട്ടിന്റെ വിഡിയോ പനിനീർ പൂ പോലെ ആസ്വാദ്യകരം. പ്രകൃതിയേയും പ്രണയത്തേയും ഒപ്പമിരുത്തി കുറിച്ച വരികളെ ദൃശ്യങ്ങളിലൂടെ പകർത്തിയ വിഡിയോ. നറുമഴയിലേക്കും ഇളവെയിലിന്റെ ചിരിയിലേക്കും കൊഴിഞ്ഞു വീണ മഞ്ഞിലയുടെ നോട്ടങ്ങളിലേക്കും ഋതുഭേദങ്ങളിലേക്കും നിസ്വാർഥമായ പ്രണയഭാവങ്ങളിലേക്കും കാമറ ചലിച്ചപ്പോൾ പിറന്ന ദൃശ്യങ്ങൾ. വരികളുടെയും അതിനെ നുള്ളിപോലും നോവിക്കാതെ നീങ്ങിയ ഈണത്തിന്റെയും ലാളിത്യം പോലെയാണ് നായകന്റെയും നായികയുടെയും ചലനങ്ങളും ചിരിയും എന്തിന് വേഷം പോലും.

അനു ഇമ്മാനുവലും നിവിൻ പോളിയുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങൾ. മലയാളത്തിലെ പ്രഗത്ഭനായ സംഗീത സംവിധായകൻ ജെറി അമൽ ദേവ് ഈണമിട്ട പാട്ട് യേശുദാസും വാണീ ജയറാമുമാണ് പാടിയത്. രാജാമണിയാണ് ഓർക്കസ്ട്ര കണ്ടക്ട് ചെയ്തത്. സന്തോഷ് വർമയാണ് വരികളെഴുതിയത്. മലയാള സംഗീത ചരിത്രത്തിലേക്ക് നിത്യഹരിത ഗാനങ്ങൾ സമ്മാനിച്ച സംഗീത സംവിധായകന്റെ പാട്ട് ഓർമകളിലേക്ക് തിരിച്ച് നടത്തിക്കും. ആംഗലേയ ഭാഷയെ കടമെടുത്താൽ നൊസ്റ്റാൾജിക് സോങ്. എൽ ജെ ഫിലിംസിന്റെ ബാനറിൽ എബ്രിഡ് ഷൈനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നിവിൻ പോളിയും എബ്രിഡ് ഷൈനും ചേർന്നാണ് നിർമ്മാണം. അലക്സ് ജെ പുളിക്കലിന്റേതാണ് ഛായാഗ്രഹണം.