പനിനീർ പൂക്കൾക്ക് സ്വരമേകി ദാസേട്ട‌ൻ

യേശുദാസും വാണീ ജയറാമും

ചില പാട്ടുകൾ അങ്ങനെയാണ്, വരികളാണോ ഈണമാണോ അതോ സ്വരമാണോ അതിനെ ഇത്രയും ഹൃദ്യമാക്കിയതെന്ന് സംശയം തോന്നും. ഒരു കാലത്ത് മലയാളത്തിലിറങ്ങിയ എല്ലാ പാട്ടുകളേയും നാം ആ സം‍ശയത്തോടെ നോക്കി നിന്നിരുന്നു. പാട്ടുകളുടെ സുവർണകാലം. അക്കാലത്തെ പ്രതിഭകളിലൊരാളാണ് ജെറി അമൽ ദേവ്. മഞ്ഞിൽ വിരിഞ്ഞ പൂക്കൾ പോലെ സുന്ദരമായ ഈണങ്ങളുമായി ജെറി അമൽ ദേവ് വീണ്ടുമെത്തി. ഇത്തവണ പനിനീർ പൂക്കൾക്കായാണെന്നു അദ്ദേഹം സംഗീതവുമായെത്തുന്നത്. സന്തോഷ് വർമ എഴുതിയ വരികൾക്ക് ജെറി അമൽ ദേവ് ഇട്ട ഇൗണത്തിനൊത്ത് പാടിയത് ദാസേട്ടനും വാണീ ജയറാമും. ഒരായിരം പ്രാവശ്യം കേട്ടാലും മതിവരാത്ത ഈ മെലഡി ആക്ഷൻ ഹീറോ ബിജു എന്ന ചിത്രത്തിലേതാണ്.

പൂക്കൾ പനിനീർ പൂക്കൾ

നീയും കാണുന്നുണ്ടോ?

ഈണം കിളിതൻ ഈണം

നീയും കേൾക്കുന്നുണ്ടോ?

ഗന്ധർവ നാദവും കടലിന്നടിയിലെ ചില്ലുകൊട്ടാരത്തിൽ തിരതല്ലുന്ന പോലുള്ള വാണിയമ്മയുടെ സ്വരവും ചേർന്ന പാട്ട് മലയാള സംഗീത ലോകത്തിന് മനോഹരമായൊരു മറ്റൊരു ഏടാകും. മലയാള ഭാഷയിലെ ഏറ്റവും സംഗീതാത്മകമായ വാക്കുകളെ കോർത്തിണക്കിയാണ് സന്തോഷ് വർമയാണ് വരികളെഴുതിയത്. ജെറി അമൽ ദേവിന്റെ മനസിലെ ചിന്തകളിലൂടെ മാൻഡലിനും ഗിത്താറും തബലയും ഡോലകും പുല്ലാങ്കുഴലും കടന്നുപോയപ്പോൾ ആ വാക്കുകൾക്കിടയിൽ സംഗീതം കൂടൊരുക്കി. പിന്നെ പിറന്നത് മനോഹരമായൊരു മെലഡിയും.

എൺപതുകളിലെയും എഴുപതുകളിലെയും സംഗീതത്തെ ഓർമിപ്പിക്കുന്ന പാട്ട്. രാജാമണിയാണ് ഓർക്കസ്ട്ര കണ്ടക്ട് ചെയ്തത്. 1983 എന്ന ചിത്രത്തിനു ശേഷം എബ്രിഡ് ഷൈൻ ഒരുക്കുന്ന ചിത്രമാണ് ആക്ഷൻ ഹീറോ ബിജു. നിവിൻ പോളി പൊലീസ് വേഷത്തിലെത്തുന്ന ചിത്രത്തിൻ അനു ഇമ്മാനുവലാണ് നായിക.