ഒറ്റ ഷോട്ടിൽ ഒരു പാട്ട്

അടി കപ്യാരേ കൂട്ടമണിയെന്ന പേരും അതിന്റെ ഓഡിയോ ലോഞ്ചിനുള്ള ക്ഷണപത്രവും നമ്മെ ഞെട്ടിച്ചു കളഞ്ഞു. പാട്ടുകളും തകർപ്പൻ. ഇനിയൊരു കാര്യം കൂടിയുണ്ട്. രസകരമായ ഒരു കാര്യം. ഇതിലെ പാട്ടുകളിൽ ഉല്ലാസ ഗായികേയെന്നപാട്ട് ചിത്രീകരിച്ചത് ഒറ്റ ഷോട്ടിലാണ്. സിംഗിൾ ഷോട്ട് സോങ്.

രണ്ടു പ്രാവശ്യം മാത്രമാണ് അഭിനേതാക്കൾ ഈ പാട്ടു രംഗത്തിൽ വേഷം മാറുന്നത്. മൊത്തം പതിനേഴ് ടേക്കുകൾ. വെല്ലുവിളി നിറഞ്ഞ ഷൂട്ടിങ് നടന്നത് തിരുവനന്തപുരത്തെ ചിത്രാഞ്ജലി സ്റ്റ്യുഡിയോയിലാണ്. വൈവിധ്യം നിറഞ്ഞ പാട്ടിൽ അഭിനയിച്ചിരിക്കുന്നത് നമിത പ്രമോദും അജു വർഗീസും, ധ്യാൻ

ശ്രീനിവാസനും നീരജ് മാധവും. കള്ള കാമുകൻമാരായി മൂന്നു പേരും നമിതയ്ക്ക് പുറകേ പാടിനടക്കുന്ന രംഗം. ഒരു പകൽ മുഴുവൻ നടത്തിയ പരിശീലനത്തിനു ശേഷം രാത്രിയായിരുന്നു താരങ്ങളുടെ നൃത്തം ഷൂട്ട് ചെയ്തത്. പ്രസന്ന മാസ്റ്ററുടെ ചുവടുകൾക്കനുസരിച്ചാണ് താരങ്ങൾ പരീക്ഷണ ഷൂട്ടിങിൽ നൃത്തം വച്ചത്. നവാഗത സംവിധായകൻ ജോൺ വർഗീസിന്റേതാണ് ചിത്രം. വിജയ് ബാബുവും സാന്ദ്രാ തോമസും ചേർന്നാണ് നിർമിക്കുന്നത്. പാട്ടുകളെഴുതിയത് മനു മഞ്ജിത്തും ഈണമിട്ടത് ഷാൻ റഹ്മാനും ചേർന്ന്. ക്രിസ്മസ് ദിനത്തിൽ ചിത്രം തീയറ്ററുകളിലെത്തും.