ഡേയ് പയ്യൻസ്...അടിച്ചുപൊളിക്കാൻ മൂന്നു പാട്ടുകളിതാ

എന്റെ മാവും പൂത്തേ..ഇത് അടിമുടി മറുതയുടെ അടവാ..ഉല്ലാസ ഗായികേ,,,,ഒരു ചിത്രത്തിലെ പാട്ടുകളുടെ ആദ്യ വരികളാണിത്. ഇതെന്ത് വരികളാണെന്ന് ചോദിക്കാൻ വരട്ടെ. ചിത്രത്തിന്റെ പേര് അടി കപ്യാരേ കൂട്ടമണി. ഇങ്ങനെ രസകരമായ പേരുള്ള ചിത്രത്തിലെ പാട്ടുകളും അങ്ങനെയാകണ്ടേ. തീർച്ചയായും. .കപ്യാരടിച്ച ആ കൂട്ടമണിയുടെ മേളമുണ്ട് ചിത്രത്തിലെ ഓരോ പാട്ടുകൾക്കും. തരികിട പാട്ടുകളെന്നോ തട്ടുപൊളിപ്പനെന്നോ എന്തും വിളിക്കാം ഇതിലെ മൂന്നു പാട്ടുകളെ. ചിത്രത്തിലെ ഓഡിയോ സോങ്സ് യുവാക്കളുടെ ശ്രദ്ധ നേടിക്കഴിഞ്ഞു.

മനു മഞ്ജിത്താണ് ചിത്രത്തിന് പാട്ടെഴുതിയത്. ഈണം നൽകിയത് ഷാൻ റഹ്‌മാൻ. എന്റെ മാവും പൂത്തേ ഒരു അടിച്ചുപൊളി പാട്ടാണ്. പൂത്തു നിൽക്കുന്ന മാവിലേക്ക് കല്ലെറിയാൻ കുരുത്തംകെട്ട പിള്ളേർക്ക് എല്ലാ പിന്തുണയും നൽകുന്ന പോലുണ്ട് പാട്ടിന്റെ ഈണവും വേഗവും. വിനീത് ശ്രീനിവാസനും ഷാൻ റഹ്മാനും അരുൺ ആലാട്ടും റസീയും ചേർന്ന് പാടിയ പാട്ട്.. ആഘോഷത്തിന്റെ അന്തരീക്ഷം മനസിലേക്കെത്തിക്കുന്ന പാട്ട്.

ധൂം ധൂം തനന...എന്ന പാട്ടും അതുപോലെ തന്നെ. നാട്ടുമ്പുറത്തെ ഉത്സവങ്ങൾക്ക് നാട്ടിലെ പയ്യൻമാരെല്ലാം ചേർന്ന് പാടുന്ന ലുക്കുണ്ട് ഈ പാട്ടിന്. ഇനി വരുന്ന ഉത്സവ കാലത്തേക്ക് നേരത്തേ തന്നെയിരിക്കട്ടെ ഈ പാട്ട്. കാരണ പാട്ടിലുടനീളം നാട്ടുമ്പുറത്തെ വർത്തമാനങ്ങളാണ്. അരുൺ‌ ആലാട്ടും ഷാൻ റഹ്മാനും ചേർന്ന് പാടിയ പാട്ട്. ഒരെല്ല് അധികമുള്ള ഒരു കാമുകൻ, അവൻ കാമുകിക്ക് പുറകേ നടന്ന് പാടുന്ന പാട്ടുപോലുണ്ട് ഉല്ലാസഗായികേ.. ഉല്ലാസഗായികേ നിൻ നായകനീ ഞാനേ...വരികൾ ഇങ്ങനെയാണ്. കാമുകൻ ആവശ്യത്തിലധികം സ്വയംപൊക്കുന്നുണ്ട് പാട്ടിൽ. കാമുകിയെ കുറിച്ച് നല്ല താളത്തിൽ വിവരിക്കുന്നുമുണ്ട്.

അടി കപ്യാരേ കൂട്ടമണിയെന്ന പേര് കേൾക്കുമ്പോഴേ ചിരി വരുന്നില്ലേ. അതുപോലെ തന്നെ ഉല്ലാസം നിറഞ്ഞ പാട്ടുകൾ. നെടുനീളൻ‌ വരികളാണ് പാട്ടിലെല്ലാത്തിനുമെങ്കിലും ഒരു മുഷിച്ചിൽ ഒരിടത്തുമില്ല. വ്യത്യസ്തമായ മൂന്ന് ഈണങ്ങൾ..പക്ഷേ എല്ലാത്തിനും ഒരേ മാനസികാവസ്ഥ. ഒരേ ചിത്രത്തിൽ മൂന്ന് തട്ടുപൊളിപ്പൻ പാട്ടുകൾ. മൂന്നിലും ആവർത്തനങ്ങളിലാത്ത ഈണവും താളവും നൽകാനാകുക, കേട്ടിരിക്കുന്നവരുടെ മനസിനെ ത്രസിപ്പിക്കാനാകുക. അത് നല്ലൊരു കാര്യമല്ല. സംഗീത സംവിധാനം നിർവഹിച്ച ഷാൻ റഹ്‌മാന് ഹാറ്റ്സ് ഓഫ്.,.,.എന്നു പറയണം. ജോൺ വർഗീസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത് ധ്യാൻ ശ്രീനിവാസൻ, മുകേഷ്, അജു വർഗീസ്, നീരജ് മാധവ്, വിനീത് മോഹൻ, നമിത പ്രമോദ് എന്നിവരാണ്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ സാന്ദ്രാ തോമസും വിജയ് ബാബുവും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. കാർണിവൽ മോഷൻ പിക്ചേഴ്സാണ് വിതരണം.