എഡിഎംകെയ്ക്ക് ഗോപിസുന്ദറിന്റെ സംഗീതം

മലയാളത്തിലെ കഴിഞ്ഞ വർഷത്തെ ഏറ്റവും വലിയ ഹിറ്റായിരുന്നു ബാംഗ്ലൂർ ഡേയ്‌സ്. അഞ്ജലി മേനോൻ സംവിധാനം ചെയ്ത് നിവിൻ പോളി, ഫഹദ് ഫാസിൽ, ദുൽഖർ സൽമാൻ, നസ്രിയ തുടങ്ങിയവർ അഭിനയിച്ച ചിത്രത്തിന് വേണ്ടി ഗോപിസുന്ദർ ഈണം നൽകിയ പാട്ടുകളും സൂപ്പർ ഹിറ്റായിരുന്നു. ബാംഗ്ലൂർ ഡേയ്‌സ് തമിഴ് പതിപ്പ് പുറത്തിറങ്ങുമ്പോൾ അതിനും ഈണം നൽകുന്നത് ഗോപിസുന്ദറാണെന്ന് ചിത്രത്തിന്റെ നിർമ്മാതാക്കൾ അറിയിച്ചു. നേരത്തെ മൂന്ന് തമിഴ് ചിത്രങ്ങൾക്ക് സംഗീതം പകർന്നിട്ടുള്ള ഗോപിസുന്ദർ ഈണം പകരുന്ന നാലാമത്തെ തമിഴ് ചിത്രമാണ് എഡിഎംകെ.

അർജുൻ ദിവ്യ മട്രും കാർത്തിക്ക് (എഡിഎംകെ) എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഭാസ്‌കറാണ്. തെലുങ്ക് സംവിധായകൻ ഭാസ്‌കർ സംവിധാനം ചെയ്യുന്ന ആദ്യത്തെ തമിഴ് ചിത്രമാണ് എഡിഎംകെ. ദുൽഖർ സൽമാൻ അഭിനയിച്ച അർജുന്റെ വേഷത്തിൽ ആര്യ എത്തുമ്പോൾ ദിവ്യയായി എത്തുന്നത് ശ്രീദിവ്യയാണ്. ബോബി സിൻഹ, നിവിൻ പോളി അവതരിപ്പിച്ച കാർത്തിക്കായും റാണ ദഗ്ഗുബാട്ടി ശിവയായും എത്തുന്നു. പാർവ്വതി തന്നെയാണ് ആർ ജെ സാറയായി എത്തുന്നത്. ഇവരെ കൂടാതെ റായ് ലക്ഷ്മി, നയൻതാര തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

നേരത്തെ സിദ്ധാർഥ്, സാമന്ത, നിത്യ മേനോൻ തുടങ്ങിയവർ ചിത്രത്തിൽ അഭിനയിക്കുന്നു എന്ന വാർത്തകളുണ്ടായിരുന്നെങ്കിലും സാങ്കേതിക കാരണങ്ങളാൽ അവർ പിൻമാറുകയായിരുന്നു. പിവിപി സിനിമയുടെ ബാനറിൽ പ്രസാദ് വി പോട്ട്‌ലൂരിയും ദിൽ രാജുവും ചേർന്ന് നിർമ്മിക്കുന്ന ചിത്രം ഉടൻ തീയേറ്ററിലെത്തും.