അദ്നാൻ സമി ഇനി ഇന്ത്യയുടെ പാട്ടുകാരൻ

പാകിസ്ഥാൻകാരനായ സംഗീതജ്ഞൻ അദ്നാൻ സമി ഇനി ഇന്ത്യയുടെ പൗരൻ. അദ്നാൻ സമിയുടെ പൗരത്വം നാളെ മുതൽ പ്രാബല്യത്തിലാകും. കഴിഞ്ഞ മെയ് 26നാണ് അദ്നാൻ സമി പൗരത്വത്തിനുള്ള അപേക്ഷ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു സമർപ്പിച്ചത്. മാനുഷിക പരിഗണന നൽകി പൗരത്വം അനുവദിക്കണമെന്ന സമിയുടെ ആവശ്യം സർക്കാർ അംഗീകരിക്കുകയായിരുന്നു. 2001 മുതൽ ഇന്ത്യയിലാണ് അദ്‌നാൻ സാമി താമസിക്കുന്നത്.

ലഹോറിൽ ജനിച്ച സമി 2001 മെയ് 13നാണ് ആദ്യമായി ഇന്ത്യയിലെക്കുന്നത്. ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ അനുവദിച്ച ഒരു വർഷത്തെ സന്ദർശക വിസയിലായിരുന്നു പാകിസ്ഥാൻ സംഗീതജ്ഞൻ ഇന്ത്യന്‍ മണ്ണിൽ പാടാനെത്തിയത്. പിന്നീട് ആ സന്ദർശക വിസ പുതുക്കിക്കൊണ്ട് സമി ഇന്ത്യയിൽ കഴിയുകയായിരുന്നു, നമ്മുടെ പ്രിയപ്പെട്ട പാട്ടുകാരനായിക്കൊണ്ട്.

2010 മെയ് 27ന് പാകിസ്ഥാൻ സർക്കാർ അനുവദിച്ച വിസ ഇക്കഴിഞ്ഞ മെയ് 26ന് അവസാനിക്കുകയും പുതുക്കി നൽകാൻ പാക് സർക്കാർ തയ്യാറാകാതിരുന്നതോടെയുമാണ് സമി ഇന്ത്യൻ സർക്കാരിനെ സമീപിച്ചത്. രണ്ടായിരത്തിൽ സമി പുറത്തിറക്കിയ കഭീ തോ നസർ മിലാവോ, ലിഫ്റ്റ് കരാ ദേ എന്നീ പാട്ടുകൾ എക്കാലത്തേയും സൂപ്പർ ഹിറ്റാണ്. ബജ്റങി ബായ്ജാനിലെ ഭർ ജോ ഝോലി മേരി എന്ന പാട്ടും ഹൃദയങ്ങളിൽ ചേക്കേറിക്കഴിഞ്ഞു.