‌ഇത് പുതുജന്മം:അദ്നൻ സമി

അദ്നൻ സമിക്ക് ഇന്ത്യൻ പൗരത്വ സർട്ടിഫിക്കറ്റ് കിട്ടി. കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരൺ റിജിജുവിൽ നിന്ന് അദ്ദേഹം സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. പുതിയ ജന്മം എന്നാണ് അദ്നൻ സാമി ഈ നിമിഷത്തെ കുറിച്ച് പ്രതികരിച്ചത്. ഏറെ രാഷ്ട്രീയ സമ്മർദ്ദമുണ്ടായിരുന്നുവെങ്കിലും അദ്നൻ സമിക്ക് സർക്കാർ പൗരത്വം അനുവദിക്കുകയായിരുന്നു. പ്രധാനമന്ത്രിയോടും ആഭ്യന്തര മന്ത്രിയോടു സമി നന്ദിയറിയിച്ചു.

പുതിയ തുടക്കം. പുതിയ അനുഭവം. ഇത് പുതിയൊരു യാത്ര. എന്റെ പുതിയ ജന്മം. പുതിയ പ്രണയം. പുതിയ രാജ്യംയ ജയ്ഹിന്ദ് എന്നാണ് സമി ഇതേ സംബന്ധിച്ച് ട്വിറ്ററിൽ ട്വീറ്റ് ചെയ്തത്. ബ്രിട്ടണിൽ ജനിച്ച കാനഡ സിറ്റിസണ്‍ഷിപ്പുണ്ടായിരുന്ന അദ്നന്‍ സമിക്ക് ഇന്ത്യൻ സർക്കാർ അനുവദിച്ച പൗരത്വം കലയെ സ്നേഹിക്കുന്ന ജനതയ്ക്കുള്ള ഏറ്റവും മനോഹരമായ പുതുവത്സര സമ്മാനം തന്നെ. ആഭ്യന്തര സഹമന്ത്രിയിൽ നിന്ന് പൗരത്വ സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങുന്ന ദൃശ്യം അദ്നൻ സമി തന്നെയാണ് ട്വിറ്ററിലൂടെ പുറത്തുവിട്ടത്.

കഴിഞ്ഞ മെയ് 26നാണ് അദ്നൻ സമി പൗരത്വ അവകാശത്തിനുള്ള അപേക്ഷ സർക്കാരിന് മുൻപാകെ സമർപ്പിച്ചത്. മാനുഷിക പരിഗണന നൽകി പൗരത്വം അംഗീകരിക്കണമെന്നായിരുന്നു സമിയുടെ ആവശ്യം. 2001 മാർച്ച് മുതൽ തനിക്കനുവദിച്ച വീസ പുതുക്കി ഇന്ത്യയിൽ കഴിയുകയായിരുന്നു സമി. കഭീ തോ നസർ മിലാവോ എന്ന എക്കാലത്തേയും ഹിറ്റ് ആൽബത്തിൽ തുടങ്ങി ബജ്റങി ബായ്ജാനിലെ ഭർ ദോ ഝോലിവരെ നീളുന്ന അദ്നൻ സമിയുടെ സംഗീത യാത്രക്ക് ഇനി ത്രിവർണത്തിന്റെ അഭിമാന നിറം.