പ്രശസ്ത പാക് ഗായകൻ അംജദ് സാബ്രി വെടിയേറ്റു മരിച്ചു

പാക്കിസ്ഥാൻ ഗായകൻ അംജദ് സാബ്രി വെടിയേറ്റു മരിച്ചു. സാബ്രി ബ്രദേഴ്സ് എന്ന പ്രശസ്ത ബാൻഡിലെ പാട്ടുകാരനായിരുന്നു അംജദ്. കറാച്ചിയിൽ ഇന്ന് ഉച്ച കഴിഞ്ഞായിരുന്നു സംഭവം. മോട്ടോർ‌ സൈക്കിളിൽ എത്തിയ കൊലയാളികൾ അംജദിന്റെ കാറിനു നേരെ നിറയൊഴിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ അംജദിനെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊലയാളികളാരെന്നോ കാരണമെന്തെന്നോ വ്യക്തമല്ല. അംജദിനൊപ്പം കാറിലുണ്ടായിരുന്ന മറ്റൊരാൾക്കും ഗുരുതരമായി പരുക്കേറ്റു. കൊലയാളികൾക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.

പാക്കിസ്ഥാന്റെ ഇതിഹാസ ഗായകൻ ഗുലാം ഫരീദ് സാബ്രിയുടെ മകനാണ് അംജദ്. സഹോദരൻ ഗസ്നാവി സാബ്രിയുമായി ചേർന്ന് തുടങ്ങിയ ബാൻ‍‍ഡുമായി ലോകമെമ്പാടും സംഗീത പരിപാടികൾ നടത്തുകയായിരുന്നു അംജദ്. ലോകമാരാധിക്കുന്ന സംഗീത കുടുംബത്തിൽ നിന്നൊരാൾ അകാലത്തിൽ പൊലിഞ്ഞത് സംഗീതപ്രേമികൾക്ക് ഞെട്ടലായി. സൂഫി സംഗീതത്തിനും ആഴത്തിലുള്ള നഷ്ടമുണ്ടാക്കി അംജദിന്റെ മരണം. പാക്കിസ്ഥാനിൽ സൂഫി സംഗീതജ്ഞർക്കെതിരെ മതമൗലികവാദികളുടെ ആക്രമണം പതിവായിരിക്കുകയാണ്.