ഓർക്കുന്നുവോ കരിമഷിക്കണ്ണുള്ള അവളെ, മെലഡിയുമായി ആന മയിൽ ഒട്ടകം

ഇടവഴികളിൽ കാത്തു നിൽക്കുന്ന, പെരുമഴക്കാലത്ത് കുട ചൂടിത്തരുന്ന, കരിമഷി കണ്ണുള്ള ഒരു പ്രണയിനി ങ്ങൾക്കുമുണ്ടായിട്ടില്ലേ...ബാല്യത്തിലെപ്പോഴോ കൂടെക്കൂടിയ പ്രണയവും ആ പ്രണയത്തിലെ പെണ്ണും നിങ്ങളെ വിടാതെ പിന്തുടർന്നിട്ടില്ലേ...അവളെ സ്വന്തമാക്കാനായില്ലെങ്കിലും നോവുള്ള ആ നല്ല ഓർമകളെന്നും ജീവിതത്തിലെ നല്ല കൂട്ടുകാരല്ലേ. അങ്ങനെ ഓർമകളിലേക്ക് കൈപിടിച്ച് നടത്തുന്ന നല്ല കൂട്ടുകാരനാകുന്ന പാട്ടുമായി ആന മയിൽ ഒട്ടകമെന്ന ചിത്രമെത്തുന്നു. ഗ്രാമാന്തരീക്ഷത്തിന്റെ ദൃശ്യഭംഗിയുള്ള നല്ല വരികളുള്ള പാട്ടിന്റെ പിറവി ഭാവഗായകന്റെ ശബ്ദത്തിലൂടെ. പി ജയചന്ദ്രൻ പാട്ടുകളിലേക്ക് മറ്റൊരു സുന്ദര മെലഡി കൂടി. നാട്ടുവഴികളും പച്ചപ്പും പട്ടുപാവാടയിട്ട പെൺകുട്ടിയും നിറയുന്ന കാഴ്ചകൾ തരുന്ന പാട്ട്.

വരിനെല്ലിൻ പാടത്ത് കതിരിൻമേൽ

വെയിൽ മഞ്ഞ് കമ്പളം നീർത്തുന്ന കാലം

പുലരൊളി പച്ചയിൽ പൂമഞ്ഞിൻ തുള്ളികൾ

മിഴിചിമ്മി ഉണരുന്ന നേരം ഇടവഴിപ്പാതിയിൽ

ഒരുവേള മെല്ലെനിൻ ഒളികണ്ണാൽ എന്നെ നീ നോക്കവേ,..

ഇടനെഞ്ചിൽ പഴുതിട്ട പ്രണയത്തിൻ മണിവാതിൽ മെല്ലെ തുറന്നു‌‌....

വരികൾക്ക് ദാരിദ്ര്യമുള്ളവയാണ് പുതിയ പാട്ടുകളെന്ന വാദത്തെ അസ്ഥാനമാക്കുന്ന പാട്ടെഴുത്താണ് ഗിരീഷ് കരുണാകരൻ ഈ ഗാനത്തിലൂടെ നടത്തിയത്. ഹൃദ്യമായ വരികൾ കവിത കേൾക്കുന്ന അനുഭവം തരുന്നു. വാദ്യോപകരണങ്ങളുടെ അനാവശ്യ മേളമില്ലാതെ പാട്ടിന്റെ വരികളെ നുള്ളിപോലും നോവിക്കാതെ ഒപ്പം സഞ്ചരിക്കുന്നു തബലയും വയലിനുമൊക്കെ. പാട്ടിന്റെ ഈണം സജി റാമിന്റേതാണ്.

ജയകൃഷ്ണനും അനിൽ സനിലും ചേർന്നാണ് ചിത്രം സംവിധാനം ചെയ്തത്. ഛായാഗ്രഹണം അനിഷ് ബാബു അബ്ബാസിന്റേതും. രാകേഷ് കേശവനും ശ്യാം രമേഷുമാണ് ചിത്രത്തിലെ മറ്റു സംഗീത സംവിധായകർ. മിഛുൻ മുരളി, നേത്ര, ബാലു വർഗീസ്, ശരൺ, സുനിൽ സുഖദ തുടങ്ങിയവരാണ് ചിത്രത്തിലെ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.