ബാഹുബലിക്കു സ്നേഹ സമ്മാനവുമായി ചങ്ങാതിക്കൂട്ടം

അഞ്ജു ജോസഫ്

എസ് എസ് രാജമൗലിയൊരുക്കിയ ചലച്ചിത്ര കാവ്യം, ബാഹുബലി കൊട്ടകങ്ങളിൽ നിന്ന് മറഞ്ഞ് കഴിഞ്ഞു. എന്നിട്ടും ചലച്ചിത്രത്തിലെ ദൃശ്യവിസ്മയം കണ്ണിണകൾക്കുള്ളിൽ, മനസിനുള്ളിൽ തീർത്ത കൗതുകം ഇനിയുമൊഴിഞ്ഞിട്ടില്ല. അതിലെ സംഗീതവും. ബാഹുബലിയിലെ പാട്ടുകൾക്ക് പിന്നെയും പിന്നെയും അവതരണമുണ്ടായിക്കൊണ്ടേയിരിക്കുന്നു. പുത്തൻ ദൃശ്യങ്ങളും താളങ്ങളുമായി പുനരവതരണം ചെയ്യപ്പെട്ടു പലവട്ടം. അതിലേറ്റവുമൊടുവിലത്തേതാണ് അഞ്ജു ജോസഫും കൂട്ടുകാരും തീർത്ത ഈ കവർ സോങ്. ബാഹുബലിയൊരുക്കിയ സംഘത്തിനൊരു സ്നേഹസമ്മാനം പോലെ. ധീവര...എന്ന ഗാനം തൂവെള്ള ഉടുപ്പിട്ട്, പുഴയോരങ്ങളിലൂടെ, ഇലകൊഴിഞ്ഞു വീണ വീഥികളിലൂടെ മെഴുകുതിരി വെട്ടം വഴിതെളിക്കുന്ന രാത്രിക്കാഴ്ചകളിലൂടെ പാടിയകലുന്നു.

വാദ്യോപകരണങ്ങൾ കൊണ്ട് എം കീരവാണിയും, കാമറയിലൂടെ സെന്തിൽ കുമാറും വിസ്മയമൊരുക്കിയ പാട്ടാണ് ധീവര. ധീവരയിലെ ദൃശ്യങ്ങളിലേതു പോലെ സാഹസികത ഒന്നുമില്ല ഈ ആൽബത്തിൽ. എല്ലാത്തലങ്ങളിലൂടെയും ലളിതമായാണ് അഞ്ജുവും ചങ്ങാതിമാരും സഞ്ചരിക്കുന്നത്. പക്ഷേ ഏറെ സുന്ദരം. വാദ്യോപകരണങ്ങളുടെ ശബ്ദം പൊഴിക്കുന്നത് ഗായക സംഘം തന്നെ. വാദ്യോപകരണങ്ങൾ ഇല്ലെങ്കിലും ഗായകരുടെ ആത്മാവിൽ നിന്ന് വരുന്ന ശബ്ദത്തിലൂടെ ഒരുപാട്ട് എത്ര മനോഹരമാകുന്നുവെന്നതിനുള്ള തെളിവാണ് ഈ ഗാനം. വാദ്യോപകരണങ്ങളില്ലാത്ത സംഗീത സംസ്കാരമാണ് എ കാപ്പെല്ല. ആ രീതിയെ പരിചയപ്പെടുത്തുന്നു ഈ ഗാനവും.

റിയാലിറ്റി ഷോയിലൂടെ പ്രശസ്തയായ ഗായികയാണ് അഞ്ജു. സംഗീത സംവിധായകൻ മെജോ ജോസഫാണ് അഞ്ജുവിന് ഈ വിഡിയോയിലേക്ക് മ്യൂസിക് അറേഞ്ച് ചെയ്തത്.