അരിജിത് സിങിന്റെ അപേക്ഷ സൽമാൻ കേട്ടില്ല, പാട്ട് പുറത്ത്

തന്റെ പാട്ട് ചിത്രത്തില്‍ നിന്നൊഴിവാക്കരുതെന്ന അരിജിത് സിങിന്റെ അപേക്ഷ സൽമാൻ ഖാൻ ചെവികൊണ്ടില്ല. അരിജിത് പാടിയ ഗാനം സൽമാന്റെ പുത്തൻ ചിത്രം സുൽത്താനിൽ നിന്ന് പുറത്താകും. പകരം സൽമാൻ തന്നെ ഈ പാട്ട് പാടി ചിത്രത്തിൽ ഉൾപ്പെടുത്തും. പരസ്യമായ മാപ്പപേക്ഷയ്ക്കും സൽമാന്റെ തീരുമാനത്തിൽ മാറ്റം വരുത്തുവാനായില്ല.

സൽമാനും അരിജിത്തും തമ്മിലുള്ള വിഷയം മൂന്ന് വർഷം മുൻപ് തുടങ്ങിയതാണ്. അരിജിത് ഹിറ്റ് ഗാനം തും ഹി ഹോയിലൂടെ മികച്ച ഗായകനായപ്പോഴായിരുന്നു സംഭവം. അവാർഡ് സൽമാനിൽ നിന്ന് അവാർഡ് ഏറ്റുവാങ്ങാൻ വേദിയിലെത്തിയ അരിജിത് തമാശയ്ക്ക് പറഞ്ഞ കാര്യങ്ങളാണ് സൽമാനെ ചൊടിപ്പിച്ചത്. ഇത് വ്യക്തമാക്കുന്ന വിഡിയോയും അടുത്തിടെയെത്തിയിരുന്നു. പുറത്തുനിന്ന് കാണുന്നൊരാൾക്ക് വിഡിയോയിൽ സൽമാനെ ഇത്രയും ദേഷ്യം പിടിപ്പിക്കാൻ മാത്രമെന്തെങ്കിലും അരിജിത് പറഞ്ഞുവോയെന്ന സംശയം തോന്നിയേക്കാം. എന്തായാലും അന്നു തൊട്ടേ അരിജിത് സൽമാന്റെ കണ്ണിലെ കരടായിരുന്നു.

കിക്ക്, പ്രേം രത്തൻ ധൻ പായോ എന്നീ സൽമാൻ ചിത്രങ്ങളില്‍‌ അരിജിത് പാടിയ പാട്ടുകളും ഒഴിവാക്കപ്പെട്ടിരുന്നു. സുല്‍ത്താനിലും അതുപോലെ സംഭവിക്കുമെന്നറിഞ്ഞതോടെ അരിജിത് തന്റെ ഭാഗം വ്യക്തമാക്കുകയും സൽമാനെ നേരിൽ കണ്ട് മാപ്പു പറയുവാൻ തയ്യാറാകുകയും ചെയ്തിരുന്നു. സൽമാനെ കാണാൻ പലയിടങ്ങളിലും ചെന്നെങ്കിലും അതിനു സാധിക്കാതെ വന്നതോടെ ഫേസ്ബുക്കിൽ അരിജിത് ക്ഷമാപണം നടത്തിക്കൊണ്ട് തുറന്ന കത്ത് പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. ഒന്നും മനപൂർവ്വം സംഭവിച്ചതല്ല, സൽമാനെ പോലൊരാളെ അപമാനിക്കുവാൻ തനിക്ക് സാധിക്കില്ല. തന്റെ ആദ്യ അവാർഡ് ഷോ ആയിരുന്നു അത്. അന്നേരത്തെ ടെൻഷനിൽ എന്തൊക്കെയോ പറഞ്ഞതാണ് എന്നും അരിജിത് പറഞ്ഞിരുന്നു. എന്തായാലും പാട്ട് ചിത്രത്തിൽ നിന്ന് ഒഴിവാക്കപ്പെട്ടുവെന്നാണ് അന്തിമമായ വിവരം.


സൽമാനും ഗായകനായി പേരെടുത്തയാളാണ്. മേൻ ഹൂൻ ഹീറോ തേരാ എന്ന ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്തായാലും അരിജിതിനെ വെട്ടി താൻ തന്നെ പാടുമെന്ന തീരുമാനത്തിന് ഇനിയൊരു മാറ്റവും വന്നില്ലെങ്കിൽ വീണ്ടും കേൾക്കാം സൽമാൻ ഗീതം. ബോളിവുഡിലെ ഏറ്റവും പ്രണയാർദ്ര സ്വരത്തിനുടമയാണ് അരിജിത്. ഇതുവരെ പാടിയ പാട്ടുകളെല്ലാം ഭാവഭംഗികൊണ്ട് ശ്രദ്ധേയമായിരുന്നു. ഇതിനിടയിൽ സൽമാൻ ഇങ്ങനെയൊന്നും ചെയ്തിട്ടില്ലെന്ന് പറഞ്ഞ് അദ്ദേഹത്തിന്റെ ഒരു സുഹൃത്തും രംഗത്തു വന്നിരുന്നു. അരിജിതിന്റെ പാട്ട് ഒഴിവാക്കുന്നത് പൂർണമായും നിർമാതാവിന്റെയും സംവിധായകന്റെയും തീരുമാനമാണ്. സൽമാന് അങ്ങനെ ചെയ്യേണ്ട കാര്യമില്ല. അരിജിത് കാണണമെന്ന് ആവശ്യപ്പെട്ടപ്പോൾ സൽമാൻ വിസമ്മതിച്ചുവെന്ന കാര്യം മാത്രമാണ് സത്യമെന്നും സുഹൃത്ത് പറഞ്ഞിരുന്നു.