Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഷാപ്പ് കറിയും അന്തിക്കള്ളും കപ്പക്കൂട്ടാനും...

ozhivu-divasathe

കൊടംപുളിയിട്ടരച്ച് വച്ച മീനും കപ്പയും തിന്ന് അന്തിക്കള്ളും മോന്തി മൺസൂൺ മഴയും നനഞ്ഞ് പാടവരമ്പൂത്തടങ്ങ് ഓടിച്ചാടി നടക്കാൻ തോന്നും ഈ പാട്ടു കേട്ടാൽ. ഒഴിവു ദിവസത്തെ കളിയെന്ന ചിത്രത്തിന്റെ പ്രൊമോ സോങ് നമുക്ക് പകരുന്നത് ഈ അനുഭവമാണ്. ഇടുക്കി പാട്ട് കോട്ടയം പാട്ടും കേട്ട് ഏറ്റുപാടിയ ജനതയ്ക്ക് ഈ പാട്ടും ഇഷ്ടമാകും. സംവിധായകൻ സനൽ കുമാർ ശശിധരൻ തന്നെയാണ് ഷാപ്പു കറിയെന്ന തലക്കെട്ടിട്ട പാട്ടെഴുതിയത്. ഈണമിട്ടത് ബേസിൽ സിജെ. തൃശൂരിലെ കരിന്തലക്കൂട്ടം നാട്ടറിവ് പഠന കേന്ദ്രത്തിലെ കൂട്ടുകാരാണ് പാട്ട് പാടിയത്. 

"കള്ള് ഉപയോഗിക്കാത്ത എന്ത് ആഘോഷമാണ് ഇന്ന് മലയാളിക്കുള്ളത്. കല്യാണമായാലും മരണമായാലുമൊക്കെ മദ്യത്തിൽ മുങ്ങിയല്ലേ കടന്നു പോകുന്നത്. സിനിമയിലും അങ്ങനെയൊരു കാര്യമുണ്ട്. അതുകൊണ്ടാണ് അത്തരത്തിലൊരു പാട്ടെഴുതിയത്. ഒരുപാടാളുകളെ കൊണ്ട് പാടിച്ചു നോക്കി. പിന്നീടാണ് കരിന്തലക്കൂട്ടത്തെ കൊണ്ട് പാടിക്കുന്നത്. പാട്ട് അവർക്കും ഇഷ്ടമായി. അവരുടെ അവതരണ ശൈലി പാട്ടിനേറെ ചേരുമെന്ന് തോന്നി"സംവിധായകന്‍ സനൽകുമാർ ശശിധരൻ മനോരമ ഓൺലൈനോട് പറഞ്ഞു.

സനൽ സംവിധാനം ചെയ്ത ഈ ചിത്രം നാളെയാണ് റിലീസിനെത്തുന്നത്. ഇക്കഴിഞ്ഞ ചലച്ചിത്ര മേളയിൽ മികച്ച സിനിമയ്ക്കുള്ള അവാർഡ് കിട്ടിയ ചിത്രമാണിത്. ചിത്രം തീയറ്ററിലെത്തിക്കുവാൻ വിതരണക്കാരെ തേടി സംവിധായകൻ ഏറെ അലയേണ്ടി വന്നത് വാർത്തായായിരുന്നു. ഒടുവിൽ കലാമൂല്യമുള്ള സിനിമകളെ ഏറ്റെടുത്ത് വിതരണം ചെയ്യുന്ന ബിഗ്ഡ്രീം റിലീസ് ചിത്രമേറ്റെടുക്കുകയായിരുന്നു. സംവിധായകൻ ആഷിഖ് അബുവാണ് ചിത്രത്തിന്റെ പ്രൊമോഷൻ. അരുൺ മാത്യുവും ഷാജി മാത്യുവും ചേർന്ന് നിർമ്മിക്കുന്ന സിനിമയാണിത്. ഇന്ദ്രജിത് എസ് ആണ് ഛായാഗ്രഹണം. അപ്പു എൻ നമ്പൂതിരിയാണ് എഡിറ്റിങ്.