ക്യാന്റിനി വയലിൻ ബ്രാൻഡിൽ ഒരു മലയാളി കൂടി

വയലിനിലൂടെ വിസ്മയം തീർക്കുന്ന മലയാളിയായ യുവസംഗീതജ്ഞൻ അസീർ മുഹമ്മദിനെത്തേടി ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അംഗീകാരങ്ങൾ എത്തുകയാണ്. അവയിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ' ക്യാന്റിനി വയലിൻ' എന്ന ലോക പ്രശസ്ത വയലിൻ ബ്രാൻഡിൽ നിന്നും ലഭിച്ചത്. പതിവായി അവരുടെ വെബ് സൈറ്റിൽ അന്താരാഷ്‌ട്ര നിലവാരമുള്ള വയലിൻ വാദകരുടെ പ്രോഗ്രാം വീഡിയോ പോസ്റ്റ് ചെയ്യാറുണ്ട്. ഇന്ത്യയിൽ നിന്ന് ബാലഭാസ്കർ മാത്രമാണ് അവരുടെ വെബ്‌സൈറ്റിൽ ഇടംപിടിച്ചിട്ടുള്ളത്.

ഇപ്പോഴിതാ അസീർ മുഹമ്മദ് എന്ന ഇരുപത്തിരണ്ടുകാരനെത്തേടി ആ അപൂർവ്വ സൗഭാഗ്യം എത്തിയിരിക്കുന്നു. അസീറിന്റെ വയലിൻ ഫ്യൂഷൻ വീഡിയോ ക്യാന്റിനി വയലിനിന്റെ പ്രൊമോഷന് വേണ്ടി അവർ തിരഞ്ഞെടുത്തിരിക്കുകയാണ്. അന്താരാഷ്‌ട്ര തലത്തിൽ അതിപ്രശസ്തരായ ക്യാന്റിനി യുടെ വെബ് സൈറ്റിൽ (www.cantinielectricviolins.com) ഇനി മുതൽ അസീർ മുഹമ്മദും ഉണ്ടാകും എന്നത് മലയാളികൾക്ക് ഏറെ അഭിമാനിക്കാവുന്ന ഒന്നാണ്.

അന്താരാഷ്‌ട്ര വേദികളിൽ സ്ഥിരം മികച്ച പ്രകടനം കാഴ്ച വയ്ക്കാറുള്ള അസീറിന് അടുത്തിടെ ദുബായിൽ വച്ച് 'ബെസ്റ്റ് പെർഫോർമർ' അവാർഡ് ലഭിക്കുകയുണ്ടായി. ദുബായ് റാഡിസൺ ബ്ലൂ ഹോട്ടലിൽ നടന്ന, ഇന്നൊവേറ്റീവ് മീഡിയ ഗ്രൂപ്പിന്റെ '100 പവർഫുൾ മലയാളീസ് ഇൻ ദി യു.എ.ഇ' എന്ന ഡയറക്ടറിയുടെ പ്രകാശന ചടങ്ങിൽ, ദുബായ് ഭരണാധികാരിയുടെ കൊട്ടാര കാര്യദർശിയും റീജൻസി ഗ്രൂപ്പ് ചെയർമാനുമായ ശംസുദ്ദീൻ ബിൻ മൊഹ്‌യുദീനാണ് അവാർഡ് സമ്മാനിച്ചത്.

യു.എ.ഇ.യിലെ വാണിജ്യ വ്യവസായ രംഗത്തെയും കലാസാഹിത്യ മാധ്യമ സാംസ്കാരിക മേഖലകളിലെയും ഉന്നത വ്യക്തിത്വങ്ങൾ നിറഞ്ഞ സദസ്സിൽ പ്രശസ്ത ഗസൽ ഗായകൻ ഉമ്പായിയോടൊപ്പം ഗംഭീര പ്രകടനമായിരുന്നു അസീർ കാഴ്ച വച്ചത്. അതിന്റെ തലേദിവസം ദുബായ് അൽനാസർ ലിഷർലാൻഡിൽ പ്രസിദ്ധ മാപ്പിളപ്പാട്ട് ഗായകനും, കേരള ഫോൾക്‌ലോർ അക്കാദമി വൈസ് ചെയർമാനുമായ എരഞ്ഞോളി മൂസ്സയെ ആദരിക്കുന്ന 'മിഅറാജ് രാവിലെ കാറ്റേ' എന്ന സംഗീതനിശയിൽ, സൂപ്പർ ഹിറ്റുകളായ മാപ്പിളപ്പാട്ടുകൾക്ക് വയലിനിൽ മെഡ്‌ലെ തീർത്തുകൊണ്ട് അസീർ മുഹമ്മദ് ഏവരുടെയും നിറഞ്ഞ കയ്യടി നേടിയിരുന്നു.

പെരുമ്പാവൂർ സ്വദേശിയായ അസീർ മുഹമ്മദ് തൃപ്പൂണിത്തുറ ആർ.എൽ.വി.സംഗീത കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥിയാണ്. ഇതിനോടകം തന്നെ യു.എ.ഇ യിൽ പലതവണ പരിപാടികൾക്ക് ക്ഷണിക്കപ്പെട്ടിട്ടുള്ള അസീർ നിരവധി വേദികളിൽ വയലിൻ കൊണ്ട് അത്ഭുതം തീർത്തിരുന്നു. പ്രശസ്ത സംഗീത സംവിധായകരായ ഗോപീസുന്ദർ, സ്റ്റീഫൻ ദേവസി തുടങ്ങിയവരുടെ സംഗീത പരിപാടികളിൽ സ്ഥിരസാന്നിധ്യമാണ് അസീർ മുഹമ്മദ്. നാട്ടിൽ അടുത്തിടെ നടന്ന ഫിലിം ക്രിട്ടിക്സ് അവാര്‍ഡ്സ്, മാക്ട പ്രണാമ സന്ധ്യ തുടങ്ങി പല ചടങ്ങുകളിലും, അവാർഡ് നിശകളിലും വളരെ മികച്ച പ്രകടനമാണ് അസീർ കാഴ്ച വച്ചിട്ടുള്ളത്.