പശ്ചാത്തല സംഗീതത്തിന് നവഭംഗി പകർന്ന സംഗീതജ്ഞൻ

മലയാളത്തില്‍ പശ്ചാത്തല സംഗീതത്തിനു നവഭാവുകത്വം നല്‍കിയ സംഗീത സംവിധായകനാണ് രാജാമണി. 150ലേറെ ഗാനങ്ങള്‍ക്കു ഈണം നല്‍കിയിട്ടുണ്ടെങ്കിലും അദ്ദേഹം കയ്യൊപ്പ് ചാര്‍ത്തിയത് പശ്ചാത്തല സംഗീതത്തിലായിരുന്നു. മലയാളത്തില്‍ സംഗീത സംവിധായകന്‍ ശ്യാമിനു ശേഷം ആക്ഷന്‍ ത്രില്ലര്‍ സിനിമകള്‍ക്കു വേണ്ടി പശ്ചാത്തലമൊരുക്കുന്നതില്‍ അഗ്രഗണ്യനായിരുന്നു രാജാമണി. 

കമ്മീഷണറിലെ ഭരത് ചന്ദ്രന്‍, ദി കിങിലെ ജോസഫ് അലക്സ് തേവള്ളിപറമ്പില്‍, നരസിംഹത്തിലെ ഇന്ദുചൂഡന്‍, ആറാം തമ്പുരാനിലെ ജഗനാഥന്‍ എഫ്ഐആറിലെ ആന്‍റിഹീറോ നരന്ദ്രേ ഷെട്ടി എന്നീ കഥാപാത്രങ്ങളെ മലയാളി നെഞ്ചിലേറ്റുമ്പോള്‍ അവരുടെ നെടുനീളന്‍ ഡയലോഗുകള്‍ക്കൊപ്പം പശ്ചാത്തലത്തില്‍ മുഴങ്ങി കേട്ടത് രാജാമണിയുടെ സംഗീതമാണ്. 

ലാല്‍സലാം, രക്തസാക്ഷികള്‍ സിന്ദാബാദ്, കമ്മീഷണര്‍, ഭരത് ചന്ദ്രന്‍ ഐപിഎസ്, ദി കിങ് ആന്‍റ് ദി കമ്മീഷണര്‍, നരസിംഹം, ആറാം തമ്പുരാന്‍, ഉസ്താദ്, ക്രൈം ഫയല്‍, ഒരു അഭിഭാഷകന്‍റെ കേസ് ഡയറി, എഫ്ഐആര്‍, നന്ദനം, വല്യേട്ടന്‍, ലോഹം തുടങ്ങി 190ലധികം സിനിമകള്‍ക്കു വേണ്ടി അദ്ദേഹം പശ്ചാത്തല സംഗീതം ഒരുക്കിയിട്ടുണ്ട്. 

ഗിരിഷ് പുത്തഞ്ചേരി പാട്ടെഴുതിയ ആദ്യ ചിത്രം ‘ചക്രവാളത്തിനപ്പുറം’ ആണെങ്കിലും സിനിമ പുറത്തിറങ്ങിയില്ല. രാജാമണി സംഗീതം നല്‍കി 1990ല്‍ പുറത്തിറങ്ങിയ എന്‍ക്വയറിയാണ് ഗിരീഷിന്‍റെ റിലീസ് ചെയ്ത ആദ്യത്തെ ചിത്രം. ‘ജന്മാന്തരങ്ങളില്‍’ എന്ന ഗാനമാണ് ഗിരിഷ് അന്ന് രാജാമണിക്കു വേണ്ടി എഴുതിയത്. കോഴിക്കോട് സ്വദേശിയും സംഗീതസംവിധായകനുമായ രഘുകുമാറിന്‍റെ ആവശ്യപ്രകാരമാണ് രാജാമണി ഗിരീഷ് പുത്തഞ്ചേരിക്കു പാട്ടെഴുതാന്‍ അവസരം നല്‍കുന്നത്.