ഈ ട്യൂണുകളാണ് നമ്മളിപ്പോൾ ഏറ്റവുമധികം കേൾക്കുന്നത്

വീ‌ണ്ടും സിനിമാക്കാലമെത്തിയിരിക്കുകയാണ്. കണ്ടു തീർക്കാനേറെയുണ്ട് മുന്നിൽ. പാട്ടു പ്രേമികളേയും ചിത്രം നിരാശപ്പെടുത്തുന്നില്ല. കഴിഞ്ഞ കുറച്ച് ആഴ്ചകളായി നമ്മളേറെ കേൾക്കുന്ന കുറച്ച് പാട്ടുകളിലേക്ക്

വട്ടോളം വാണിയാരേ...

നാട്ടിൽ നടക്കുന്ന, നടന്ന ഒരു കഥയെ ചിത്രമാക്കുമ്പോൾ നാടിന്റെ ചേലുള്ള പാട്ടു തന്നെ വേണമല്ലോ. കോട്ടയംകാരനായ കുട്ടിയപ്പന്റെ ജീവിതം പറയുമ്പോൾ കോട്ടയത്തെ കുറിച്ചാവണം പാട്ട്. രഞ്ജിത് ചിത്രമായ ലീലയിലെ ഈ വാമൊഴി പാട്ട് മലയാളിയുടെ നെഞ്ചിനുള്ളിലിരുപ്പായി കഴിഞ്ഞു. ബിജിബാൽ നൽകിയ സംഗീതവും ബിജു മേനോന്റെ ആലാപന‌വും രസകരമാണ്. പിള്ളേച്ചോ കിട്ടിയോ എന്ന ചോദ്യവും...ആലപ്പുഴയ്ക്കുള്ള കേവഞ്ചി കേറണമെന്നു പറയുന്നിടത്തെ ഭാവവും ഈ പാട്ട് അത്രയേറെ യാഥാർഥ്യത്തോടെയാണ് ബിജു മേനോൻ അവതരിപ്പിക്കുന്നത്. ഈ മനുഷ്യൻ നല്ലതാവൂ എന്നു പറയും പോലെ.

പശ്യതി ദിശി ദിശി

ലെനിൻ രാജേന്ദ്രൻ ചിത്രമായ ഇടവപ്പാതിയിലെ ഈ ഗാനത്തിന്‍റെയും കൂടി ആലാപനത്തിനാണ് മധുശ്രീ നാരായണന് മികച്ച ഗായികയ്ക്കുള്ള സംസ്ഥാന പുരസ്കാരം കിട്ടിയത്. രമേശ് നാരായണന്റെ സംഗീതത്തിലെ ഈ പാട്ട് ശുദ്ധ സംഗീതത്തിൽ പിറന്ന ലളിത സുന്ദര ഗാനം തന്നെ. നേർത്തതും എന്നാൽ ആഴമുള്ളതുമായ സ്വരത്തിൽ മധുശ്രീ അതു പാടുമ്പോൾ കേട്ടിരുന്നുപോകും ആരും. മഴ പെയ്തൊഴിഞ്ഞ സന്ധ്യയിൽ കേൾക്കുന്ന അജ്ഞാതമായ ഒരു വീണ വായനയുടെ സുഖം പകരുന്ന പാട്ടാണിത്...

ഗേൾ ഐ നീഡ് യൂ

അരിജിത് സിങ് പാടിയ ഈ പാട്ടാണ് ബോളിവുഡ് ഇപ്പോൾ ഏറ്റവുമധികം ആസ്വദിക്കുന്നത്. റൊമാന്റിക് സ്വരം എത്രമാത്രം ഇന്ത്യ ഇഷ്ടപ്പെടുന്നുവെന്നതിനും കൂടി തെളിവാണീ ഗാനം. ബാഗി എന്ന ചിത്രത്തിലെ ഈ പാട്ടിലെ ദൃശ്യങ്ങളെല്ലാം കേരളത്തില്‍ നിന്നുള്ളതാണെന്നതാണ് മറ്റൊരു പ്രത്യേകത. മീറ്റ് ബ്രോസ് സംഗീതം നൽകിയ ഗാനം കുമാർ ആണ് എഴുതിയത്. ഇക്കഴിഞ്ഞ പതിനാലിന് യുട്യൂബിലെത്തിയ പാട്ട് ഇതുവരെ 34 ലക്ഷത്തിലധികം പ്രാവശ്യമാണ് ലോകം കണ്ടത്.

ദർദ്

സരബ്ജിത്തിനെ ഓർമയില്ലേ. പാക് ജയിലിൽ വച്ച് മരിച്ച ഇന്ത്യക്കാരനെ. അദ്ദേഹത്തിന്റെ കഥ പറയുന്ന ചിത്രത്തിലെ ഈ പാട്ടും ഇന്ത്യൻ മനസുകളിലിടം നേടിക്കഴിഞ്ഞു. യഥാർഥ കഥ സിനിമയാക്കുന്നതിനാലോ അല്ലെങ്കിൽ അതിൽ ഐശ്വര്യ റായ് തീർത്തും വ്യത്യസ്ത വേഷത്തിലെത്തുന്നതോ കൊണ്ടു മാത്രമല്ല, സോനു നിഗമിന്റെ മനോഹരമായ ആലാപനം കൊണ്ടു കൂടിയാണ് ഇത്രവേഗം ഈ പാട്ട് ശ്രദ്ദ നേടിയത്. ജാനിയും റഷ്മി വിരാഗും ചേർന്നെഴുതിയ വരികൾക്ക് ജീത് ഗാംഗുലിയാണ് ഈണമിട്ടത്. ഒമങ് കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വരികളും ഈണവും ആലാപനവും പോലെ ദൃശ്യങ്ങൾ നമ്മുടെ മനസിനെ കുത്തി നോവിക്കും.

മഴയേ മഴയേ

മഴ, മഴയെ കുറിച്ചുള്ള പാട്ട്, ചിത്രങ്ങൾ എല്ലാം നമുക്ക് ഒരുപാടിഷ്ടമാണ്. പൃഥ്വിരാജിന്റെ പുത്തൻ ചിത്രമായ ജെയിംസ് ആൻ‍ഡ‍് ആലിസിലെ ഈ പാട്ടും അതുപോലെ നമ്മുടെ ഇഷ്ടം നേടിയെടുത്തു. ഗോപീ സുന്ദർ ഈണമിട്ട പാട്ടാണിത്. മഴത്തുള്ളി പോലെ പ്രസരിപ്പുള്ള ആലാപനം കൊണ്ട് കാർത്തികും ഏറ്റവുൊടുവിലെത്തി കുറച്ച്‌ വരികൾ പാടി അഭയ ഹിരൺമയിയും ഭംഗിയേകിയ പാട്ട്. പാട്ടിലെ ദൃശ്യങ്ങളും അതുപോലെ സുന്ദരം. ബി കെ ഹരിനാരായണന്റേതാണ് വരികൾ.