Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭാരതി തമ്പുരാട്ടി പാടി: കവിക്കു വേണ്ടി പാടിയ പാട്ട്

vayalar-bharathi-thampuratti കൊച്ചിൻ മൻസൂറിന്റെ സംഗീത യാത്രയ്ക്കു ഭദ്രദീപം തെളിച്ച ശേഷം വേദിയിൽ ഇരുന്ന് ഭാരതി തമ്പുരാട്ടിയെ 'വരമരുളുക വനദുർഗേ' എന്ന വരികൾ പാടാൻ മകൻ ശരത്ചന്ദ്ര വർമ നിർബന്ധിക്കുന്നു. വീണ്ടും വീണ്ടും നിർബന്ധിച്ച ശേഷമാണു പാടിയത്.

വയലാർ രാമവർമയുടെ പത്നി ഭാരതി തമ്പുരാട്ടി വലിയ സന്തോഷത്തിലായിരുന്നു.  മകനെപ്പോലെ സ്നേഹിക്കുന്ന ഗായകൻ കൊച്ചിൻ മൻസൂറിന്റെ പുതിയ സംഗീതയാത്രയ്ക്കു ഭദ്രദീപം തെളിക്കാൻ കഴിഞ്ഞതിൽ. മകനും ഗാനരചയിതാവുമായ വയലാർ ശരത്ചന്ദ്രവർമ ഉൾപ്പെടെ മുഴുവൻ കുടുംബാംഗങ്ങളുമായാണ് അവർ ചടങ്ങിനെത്തിയത്. ചേർത്തലയിൽ നിന്നും പാലക്കാടു നിന്നുമൊക്കെ കവിയുടെ പിൻമുറക്കാർ ഇതിനു മാത്രമായി ആലുവയിൽ സംഗമിച്ചു.

 പ്രായാധിക്യത്തിന്റെ അവശതകൾ ഉണ്ടെങ്കിലും ഏറെ സന്തോഷമുള്ള ദിവസമായതുകൊണ്ടാണു ചടങ്ങിനു വന്നതെന്നു ഭാരതി തമ്പുരാട്ടി പറഞ്ഞു. വയലാറിന്റെ മുൻപിൽ മാത്രം പാടിയിരുന്ന ‘വരമരുളുക വനദുർഗേ, വസന്ത വനദുർഗേ’ എന്ന രണ്ടു വരി അവർ സദസിനു മുൻപിൽ ആലപിക്കുകയും ചെയ്തു. വയലാറിനെ ‘കേട്ടും രുചിച്ചും നുണഞ്ഞും’ അറിഞ്ഞ സദസിനു വേണ്ടി ഇതു പാടണമെന്നു ശരത്ചന്ദ്രവർമ അമ്മയെ നിർബന്ധിക്കുകയായിരുന്നു. അച്ഛൻ അടുത്തു വിളിച്ചിരുത്തി അമ്മയെക്കൊണ്ട് ഈ വരികൾ പാടിച്ചിരുന്നതിന്റെ ഓർമ പങ്കുവച്ച അദ്ദേഹം മറ്റൊന്നും അമ്മ ഇതുവരെ പാടി കേട്ടിട്ടില്ലെന്നും പറഞ്ഞു. 

പിതൃക്കളെ ഓർക്കുന്ന ദിവസം തന്നെ ആലുവയിൽ ഗുരുസ്ഥാനീയനായ വയലാറിന്റെ ഗാനങ്ങൾ അവതരിപ്പിക്കാൻ കൊച്ചിൻ മൻസൂർ തിരഞ്ഞെടുത്തതു നന്നായെന്ന സംവിധായകൻ ബാബു പള്ളാശേരിയുടെ അഭിപ്രായത്തോടു ശരത്ചന്ദ്രവർമ പ്രതികരിച്ചതിങ്ങനെ: ‘അച്ഛൻ സ്വർഗാരോഹണം ആഗ്രഹിച്ചിട്ടില്ല. ഭൂമിയിൽ തന്നെ കഴിയാനാണ് ഇഷ്ടപ്പെട്ടത്. അതുകൊണ്ടു ഞങ്ങളാരും ഇതുവരെ അച്ഛനു വേണ്ടി ബലിയിട്ടിട്ടില്ല. അദ്ദേഹത്തിന്റെ ചൈതന്യം ചന്ദനത്തിൽ ആവാഹിച്ച് ഏറ്റുമാനൂർ ക്ഷേത്രത്തിൽ കൊണ്ടുപോയി അരച്ചുചേർത്തു. ആ ഏറ്റുമാനൂരപ്പനാണു വയലാർ.’ 

കവിയുടെ മക്കളായ ഇന്ദുലേഖ, യമുന, സിന്ധു എന്നിവരും ചടങ്ങിൽ പങ്കെടുത്തു. സമ്മേളനം അൻവർ സാദത്ത് എംഎൽഎ ഉദ്ഘാടനം ചെയ്തു. നഗരസഭാധ്യക്ഷ ലിസി ഏബ്രഹാം, നാടകകൃത്ത് ശ്രീമൂലനഗരം മോഹൻ, നടൻ കലാഭവൻ ഹനീഫ എന്നിവർ പ്രസംഗിച്ചു. വയലാർ രാമവർമയുടെ ചലച്ചിത്രഗാനങ്ങൾ പത്തൊൻപതര മണിക്കൂർ തുടർച്ചയായി ആലപിച്ചു ഗിന്നസ് ബുക്കിൽ ഇടംനേടിയ കൊച്ചിൻ മൻസൂർ,  വയലാറിന്റെ 100 ഗാനങ്ങൾ 10 മണിക്കൂർ തുടർച്ചയായി വേദിയിൽ അവതരിപ്പിക്കുന്ന സംഗീത യാത്രയ്ക്കാണു തുടക്കം കുറിച്ചത്. തിങ്ങിനിറഞ്ഞ സദസിനു മുന്നിൽ രാവിലെ പതിനൊന്നിനു തുടങ്ങിയ ഗാനാലാപം രാത്രി വൈകി അവസാനിച്ചു. ദി ആലുവ സംഗീത സഭയും (ടാസ്) കൊച്ചിൻ മൻസൂർ ഫാൻസ് അസോസിയേഷനുമാണു സംഘാടകർ.