കാണുന്നതിനപ്പുറത്തെ ടിവി പരിപാടികൾ: തിരിച്ചറിവാകട്ടെ മ്യൂസികൽ വിഡിയോ

കൊതിപ്പിക്കുന്ന, പ്രചോദനം നൽകുന്നൊരു പാട്ടു കഥയാണീ ചിത്രം. സംഗീതമയമായൊരു ഷോർട്ട് ഫിലിം. സൂരജ് സന്തോഷിന്റെ പ്രണയാർദ്രമായ സ്വരവും മനോഹരമായ ദൃശ്യങ്ങളും അതിനേക്കാളുപരി മനസുതൊടുന്നൊരു കഥയും ഒന്നു ചേർന്ന ബ്ലൂ റോസ് എന്നു പേരിട്ട ഈ മ്യൂസികൽ വി‍ഡിയോ സമൂഹ മാധ്യമങ്ങളിലും യുട്യൂബിലും ശ്രദ്ധ നേടുകയാണിപ്പോൾ.

സംഗീതത്തെ ഏറെ സ്നേഹിക്കുന്ന അലന്റെയും അയാളെ ഏറ്റവുമധികം പ്രചോദിപ്പിക്കുന്ന റോസ് ആൻ ആങ്കറുടെയും കഥയാണിത്.സംഗീതാത്മക പരിപാടിയുടെ അവതാരകയായ റോസ്‍ ആനിൽ നിന്നു ടിവിയിലൂടെയും പിന്നീട് സമൂഹ മാധ്യമവും വഴി ലഭിക്കുന്ന അഭിപ്രായങ്ങളുെട ചിറകേറിയാണ് അയാളുടെ സംഗീത യാത്ര. പാട്ടുകളെ കുറിച്ച് സസൂക്ഷ്മം അഭിപ്രായം പറയുന്ന ആങ്കറോട് അലന് ആരാധനയാകുന്നു. അവളിൽ നിന്ന് ഏറ്റവും മികച്ച അഭിപ്രായം തന്നെ നേടണമെന്ന് ആഗ്രഹിച്ചാണ് അയാൾ സംഗീത വിഡിയോ ചെയ്യുന്നത്. അവൻ ആഗ്രഹിക്കുന്നതു പോലെ അവൾ അവതരിപ്പിക്കുന്ന സംഗീത പരിപാടിയില്‍ പാട്ടു ഉൾപ്പെടുത്തുമെങ്കിലും അലനെ ഏറെ വേദനിപ്പിക്കുകയും ഞെട്ടിപ്പിക്കുകയും ചെയ്ത ഒരു സത്യം കൂടി അയാൾ അറിയാൻ ഇടവരുന്നു. പലരുടെയും ജീവിതത്തിൽ സംഭവിച്ചിട്ടുള്ള ഒരു കാര്യം തന്നെയാണിത്. അതുകൊണ്ടു കൂടിയാണ് ഈ വിഡിയോ ഇത്രയധികം ഇഷ്ടമാകുന്നതും.

ബ്രിൻ‍‍ഡ്‍ലിയാണ് ആണ് അലൻ ആയി വേഷമിട്ടത്. അശ്വതി നായരാണു റോസ് ആൻ ആയി അഭിനയിച്ചത്. ടെലിവിഷൻ പരിപാടികൾക്കുള്ളിലെ യാഥാർഥ്യത്തിലേക്കു വിരൽ ചൂണ്ടുകയും അതിനു കേൾവി സുന്ദരമായ സംഗീതം അകമ്പടി നൽകുകയും ചെയ്തിരിക്കുന്നു വിഡിയോ. ബ്രിൻഡ്‍ലി സുജിത്തിന്റേതാണ് സംഗീതം. ഗോകുൽ നാരായണനാണ് വിഡിയോ സംവിധാനം ചെയ്തത്. വിനായക് ശശികുമാറാണ് പാട്ടിലെ മലയാളം വരികൾ കുറിച്ചത്. ആൻഡ്ര്യൂ ക്രിസ്റ്റഫർ, സ്വീറ്റിൻ ജെയിസ്, ബ്രൈൻ‍ഡ്‍ലി സുജിത് എന്നിവർ ചേർന്നാണ് തമിഴ് വരികളുടെ രചന നിർവ്വഹിച്ചത്.