ചാർലിയിൽ വിജയ് യേശുദാസിന്റ അടിപൊളി ഗാനം

വ്യത്യസ്തമായ ഒരു കൂട്ടം ഈണങ്ങളുമായാണ് ചാർലിയെന്ന ദുൽഖർ സൽമാൻ ചിത്രമെത്തിയത്. പുറത്തെത്തിയ അഞ്ചു പാട്ടുകളും ആസ്വാദക പക്ഷത്തെ പിടിച്ചിരുത്തി. അതിലേക്കൊരെണ്ണം കൂടിയിതാ. വിജയ് യേശുദാസാണ് ഈ പാട്ട് പാടിയിരിക്കുന്നത്. പാട്ടിന്റെ തുടക്കം കേട്ട് ഞെട്ടരുത്. ഹെഡ്ഫോണിന്റെ കുഴപ്പമാണെന്ന് ചിന്തിക്കരുത്. കാരണം പാട്ടിന്റെ തുടക്കം ഒരൊന്നന്നര വേഗത്തിലാണ് പാടിയിരിക്കുന്നത്.

സംഗീത സംവിധായകന്റെ കരവിരുതാണിതിനു പിന്നിൽ. ഗോപിസുന്ദർ വേഗത്തിൽ പാടി പിന്നെ സാങ്കേതിക വിദ്യയെ കൂട്ടുപിടിച്ച് സ്പീഡ് കൂട്ടി. പിന്നെ വിജയ് യേശുദാസിന്റ ശബ്ദത്തിലുള്ള പാട്ട് തുടങ്ങുന്നു. ചടുലമായ താളത്തിലുള്ള പാട്ട്. ഉറക്കെ പാടുന്ന വിജയ് യേശുദാസിന്റെ ശബ്ദം കൂടിയാകുമ്പോൾ കടൽത്തിരയ്ക്കൊപ്പം പാട്ടിനൊപ്പം ഓടുന്ന ചിത്രം മനസിലേക്കെത്തും.

ചാർലിയിൽ ഇതുവരെ പുറത്തിറങ്ങിയ പാട്ടുകൾ വിജയകരമായി മുന്നേറുകയാണ്. സന്തോഷ് വർമയുടേതാണ് വരികൾ. ചിത്രത്തിൽ ദുൽഖർ സൽമാൻ പാടുന്ന ചുന്ദരി പെണ്ണെന്ന പാട്ടുമുണ്ട്. ചിത്രത്തിലെ ആറാമത്തെ പാട്ടാണ് ചിത്തിരത്തിര. ക്രിസ്മസ് തലേന്നെത്തുന്ന ചാർലിയിലേക്ക് പ്രേക്ഷക സമൂഹം പ്രതീക്ഷയോടെയാണ് നോക്കുന്നത്.

ശ്രേയാ ഘോഷാൽ, മാൽഗുഡി ശുഭ, വിജയ് പ്രകാശ് എന്നിവരടക്കമുള്ള പ്രഗത്ഭരുടെ നിര പാടിയ പാട്ടുകളെല്ലാം കാതുകളെ കീഴടക്കിക്കഴിഞ്ഞു ഇതിനോടകം. ചിത്രത്തിന്റെ ട്രെയിലറിനു തന്നെ റെക്കോർഡ് കാണികളായിരുന്നു. പാർവതിയുടെയും ദുൽഖറിന്റെയും അഭിനയ മുഹൂർത്തങ്ങൾക്കൊപ്പം ഇതിനോടകം ഹൃദയത്തിൽ കുറിച്ചിട്ട ഈ പാട്ടുകളുടെ ദൃശ്യങ്ങൾ കാണാനുള്ള കൗതുകത്തിലാണ് പാട്ടുപ്രേമികൾ.