ഫുക്രിയിലെ ആ പാട്ടിന് ഈണമിട്ടത് ഈ പ്രൊഫസറാണ്

ഫുക്രിയിലെ കൊഞ്ചി വാ എന്ന മെലഡി ഗാനം പാടിയത് നജീം അർഷദ് ആയിരുന്നു, എഴുതിയത് റഫീഖ് അഹമ്മദും. ഇരുവരേയും നമുക്ക് ഏറെക്കാലമായി അറിയാം. എന്നാൽ ഈണമിട്ടയാളിന്റെ പേര്, ഡോ. എം. സുധീപ് ഇളയിടം എന്നത് അപരിചിതമായിരുന്നു. ആരാണിദ്ദേഹം എന്ന ചോദ്യം കൗതുകകരമായ ഒന്നിലേക്കാണു ചെന്നെത്തിയത്. കംപ്യൂട്ടർ സയൻസും സംഗീതവും തമ്മിലെന്ത് എന്നൊന്നും ചോദിക്കരുത്. കുസാറ്റിലെ അസോസിയേറ്റ് പ്രൊഫസറാണ് ഈ സംഗീത സംവിധായകൻ.. അധ്യാപകനായും ഗവേഷകനായുമുള്ള തിരിക്കുകൾക്കിടയിൽ നിന്നാണ് സിനിമാ പാട്ടിന്റെ ലോകത്തിനൊപ്പം ഇദ്ദേഹം കൂടാനെത്തിയത്.

സംഗീത പാരമ്പര്യമോ സിനിമാ ബന്ധമോ ഉള്ള കുടുംബത്തിലല്ല സുധീപ് ഇളയിടം ജനിച്ചത്. പാട്ടിലും പഠനത്തിലും ഒരുപോലെ മിടുക്കനായിരുന്നു. കംപ്യൂട്ടർ സയൻസിൽ ബിടെകും എംടെകും റാങ്കോടെയാണ് വിജയിച്ചത്. പഠനത്തോടൊപ്പം സംഗീതവും തുടർന്നു. കർണാടക സംഗീതത്തിലും ഡ്രംസിലും മൃദംഗത്തിലും പ്രാവീണ്യം നേടുകയും ചെയ്തു. കംപ്യൂട്ടർ സയൻസ് അധ്യാപകനായി ജോലി കിട്ടിയപ്പോഴും സംഗീതത്തേയും ചേര്‍ത്തുനിർത്തി. കച്ചേരികള്‍ക്കൊ ആൽബങ്ങൾ ചെയ്യുവാനോ സമയം കിട്ടിയിരുന്നില്ലെങ്കില്‍ കൂടി. സംവിധായകൻ സിദ്ധിഖുമായുള്ള സൗഹൃദമാണു സിനിമയിൽ എത്തിച്ചത്. വേൾഡ് മലയാളി കൗൺസിലിന്റെ തീം സോങ് ചിട്ടപ്പെടുത്തിയതും സുധീപ് ആയിരുന്നു. ആദ്യമായി ചെയ്ത സിനിമാ ഗാനത്തിനു മികച്ച പ്രതികരണം കിട്ടിയതിന്റെ സന്തോഷത്തിലാണിപ്പോൾ ഈ പ്രൊഫസർ. പാട്ടിനൊപ്പം ഇനിയും ഇനിയും തുടരും. കാലടിയിലാണ് താമസം. ഭാര്യ സൗമ്യ. മകൾ വരദ.

സംഗീതം എന്നത് നമുക്കുള്ളിലുണ്ടെങ്കിൽ എത്രകാലം പിന്നിട്ടാലും, ഏതേതു ജീവിത സാഹചര്യങ്ങളിലൂടെ സഞ്ചരിച്ചാലും അത് അങ്ങനെ തന്നെ നിലകൊള്ളും. സ്വയം പുതുക്കിപ്പണിതുകൊണ്ടു തന്നെ. നമ്മളതിനെ ആരാധിക്കുകയും ആദരിക്കുകയും ചെയ്യുന്നുണ്ടെങ്കിൽ ഏതെങ്കിലുമൊരു വേളയിൽ അതു നമുക്കു അവിസ്മരണീയമായ ഒരു അനുഭവം സമ്മാനിക്കുകയും ചെയ്യും. ഡോ എം സുധീപ് ഇളയിടത്തിനും ഈ പാട്ട് അങ്ങനെയുള്ളൊരു സമ്മാനമാണ്.