ഗുലാം അലിയെ മുംബൈയിലേക്കു പാ‍ടാൻ ക്ഷണിച്ച് കോൺഗ്രസ്

ശിവസേനയുടെ വിലക്കിനെ തുടർന്ന് മുംബൈയിലെ പരിപാടി റദ്ദാക്കിയ പാക്ക് ഗസൽ ഗായകൻ ഗുലാം അലിയെ ക്ഷണിച്ചുകൊണ്ട് മഹാരാഷ്ട്ര പ്രദേശ് കോൺഗ്രസ് കമ്മറ്റി. മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയും എംപിസിസി അംഗവുമായ അശോക് ചവാനാണ് ഗുലാം അലിയെ മുംബൈയിൽ പരിപാടി അവതരിപ്പിക്കാൻ ക്ഷണിച്ചത്. മഹാരാഷ്ട്രയുടെ ലക്ഷക്കണക്കിന് ആരാധകരുടെ ആഗ്രഹപ്രകാരമാണ് ഗുലാം അലിയെ മുംബൈയിലേയ്ക്ക് ക്ഷണിക്കുന്നതെന്നും സമയവും തീയതിയും അദ്ദേഹത്തിന് തീരുമാനിക്കാമെന്നും അശോക് ചവാൻ പറഞ്ഞു.

ജഗ്ജീത് സിംഗിന്റെ സ്മരണാര്‍ത്ഥം സംഘടിപ്പിക്കുന്ന പരിപാടിയിലെ ഗുലാം അലി ഗസൽ സന്ധ്യ ശിവസേനയുടെ ഭീഷണിയെതുടർന്ന് സംഘാടകർ റദ്ദാക്കിയിരുന്നു. അതിര്‍ത്തിയില്‍ പ്രശ്‌നങ്ങള്‍ അത്ര നല്ല രീതിയില്‍ അല്ലെന്നും അതിനാല്‍ പാകിസ്താനി ഗായകന്‍ ഇന്ത്യയില്‍ പാടുന്നത് അനുവദിക്കാന്‍ കഴിയില്ലെന്നുമായിരുന്നു ശിവസേന നേതാവ് ഉദ്ധവ് താക്കറെ മുന്നോട്ടുവെച്ച ന്യായവാദം.

തനിക്ക് ഏറ്റവും അധികം ആരാധകരുള്ള സ്ഥലമായ മുംബൈയിലെ പരിപാടി റദ്ദാക്കിയതെന്നും ഇത്തരം വിവാദങ്ങള്‍ നിര്‍ഭാഗ്യകരമാണെന്നും താന്‍ അതില്‍ അതീവ ദു:ഖിതനാണെന്നും ഗുലാം അലി പ്രതികരിച്ചിരുന്നു. എന്നാൽ തനിക്ക് ഇക്കാര്യത്തില്‍ ആരോടും ദേഷ്യമില്ലെന്നും തന്റെ ആരാധകര്‍ എവിടെ പരിപാടി അവതരിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാലും പോകും, സ്‌നേഹമുണ്ടെങ്കില്‍ ഇത്തരം സംഭവങ്ങള്‍ നടക്കില്ലെന്നും മുംബൈയിലെ പരിപാടി റദ്ദാക്കിയതിനോടുള്ള പ്രതികരണമായി ഗുലാം അലി പറഞ്ഞത്.

അതേസമയം, ഗസല്‍ ഗായകന്‍ ഗുലാം അലിയെ പരിപാടി അവതരിപ്പിക്കാൻ ഡല്‍ഹി സർക്കാറും വെസ്റ്റ് ബംഗാൾ സർക്കാറുകളും ക്ഷണിച്ചിരുന്നു. ഇതാദ്യമായിട്ടല്ല പാകിസ്താനി കലാകാരന്മാര്‍ക്കെതിരെ സേന ഭീഷണി ഉയര്‍ത്തുന്നത്. അതിഫ് അസ്ലത്തിന്റെയും കോണ്‍സെര്‍ട്ട് സേനയുടെ പ്രതിഷേധത്തെ തുടര്‍ന്ന് റദ്ദാക്കിയത് കഴിഞ്ഞിടെയാണ്. 2010ല്‍ ബീഗം നവാസിഷ്, വീണാ മാലിക് തുടങ്ങിയവരെ ബിഗ്‌ബോസ് റിയാലിറ്റി ഷോയില്‍ പങ്കെടുപ്പിക്കുന്നതിനെതിരെ സേന പ്രതിഷേധസ്വരം ഉയര്‍ത്തിയിരുന്നു.