ജാക്വിലിനെതിരെ ക്രിമിനൽ കേസ്

പുതിയ ചിത്രമായ ഡിഷ്യൂമിലെ ഒരു ഗാനരംഗത്തിൽ സിഖ് മതത്തെ അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടി നടി ജാക്വിലിൻ ഫെർണാണ്ടസിനെതിരെ ക്രിമിനൽ കേസ്. ഗാനരംഗത്തിൽ ജാക്വിലിൻ ധരിച്ച വസ്ത്രമാണ് വിവാദത്തിന് തിരികൊളുത്തിയത്. രവീന്ദർ സിങ് ബസി എന്നയാളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ജാക്വിലിനും ചിത്രത്തിന്റെ നിർമാതാവ് സാജിദ് നദിയാദ്‍വാല, സംവിധായകൻ രോഹിത് ധവാൻ എന്നിവർക്കുമെതിരെ കേസെടുത്തത്. ചണ്ഡിഗഡ് കോടതിയിൽ സമർപ്പിച്ച പരാതി അടുത്തമാസം ഒന്നിന് കോടതി പരിഗണിക്കും. 

ഗാനത്തിന്റെ ടീസർ മാത്രമാണ് പുറത്തെത്തിയിട്ടുള്ളത്. സിഖ് വിശ്വാസത്തിന്റെ ഭാഗമായ പരമ്പരാഗത ആയുധം കൃപാൺ ഇറക്കം കുറഞ്ഞ വസ്ത്രത്തിനൊപ്പം ധരിച്ചുകൊണ്ട് നൃത്തമാടിയതാണ് പ്രശ്നമായത്. ഡൽഹി സിഖ് ഗുരുദ്വാര മാനേജ്മെന്റ് കമ്മിറ്റി നേരത്തെ ജാക്വിലിനെതിരെ രംഗത്തെത്തിയിരുന്നു. ചിത്രത്തിൽനിന്ന് പാട്ടൊഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സെൻസർ ബോർഡ് ചെയർമാന് കമ്മിറ്റിയുടെ ജനറൽ സെക്രട്ടറി മജീന്ദര്‍ സിങ് സിർസ കത്തയച്ചിരുന്നു. നടിയും അണിയറ പ്രവർത്തകരും മാപ്പു പറയണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടിരുന്നു.