കൽപനയുടെ ഓർമകളുടെ തിരയുണർത്തി ചാർലിയിലെ പാട്ടെത്തി

കൽപനയില്ലാത്ത ചിരിയുടെ ഓർമകളിലേക്ക് നയിക്കുവാൻ കാലത്തിനുളള സമ്മാനമായ ചാർലിയി ആ പാട്ടെത്തി. ദൃശ്യങ്ങളോടെ. കണ്ണുനനയാതെ കാണാനകാത്ത ദൃശ്യങ്ങൾ. ക്യൂൻമേരിയുടെ കടലാഴമുള്ള ജീവിതത്തിലേക്കും ചാർലിയുടെ സ്നേഹത്തിലേക്കും നയിക്കുന്ന ചിത്തിര തിര എന്ന പാട്ടിന്റെ ദൃശ്യങ്ങൾ. കടലിനു നടുവിൽ രാവിനെ സാക്ഷിയാക്കി കടലിനും ക്യൂൻമേരിക്കും പാട്ടു പാടിക്കൊടുക്കുന്ന ചാർലി. സന്തോഷ് വർമയുടെ വരികൾക്ക് ഗോപീ സുന്ദറാണ് ഈണമിട്ടത്. വിജയ് യേശുദാസാണ് പാട്ടുപാടിയത്.

ചെറുപ്പത്തിൽ ചോദിച്ചപ്പോൾ ഞാൻ തന്നില്ലെന്ന് പറഞ്ഞ ഉമ്മക്ക് പകരം എന്റെ ഒരായിരം ഉമ്മ...കൽപനയുടെ മരണത്തെ തുടർന്ന് ദുൽഖർ ഫേസ്ബുക്കിൽ കുറിച്ച ഈ പോസ്റ്റ് വായിച്ചവരുടെ കണ്ണ് നനയിച്ചു. ദുൽഖറിനൊപ്പായിരുന്നു കൽപനയുടെ അവസാന ചിത്രവും. ചാര്‍ലി. കടലോളം സങ്കടവുമായി ജീവിച്ച് ഒടുവിൽ അപ്രതീക്ഷിതമായി കടന്നുപോകുന്ന ക്യൂൻ മേരിയെന്ന കഥാപാത്രമായിരുന്നു അതിലവരുടേത്. ജീവിതത്തിലും കൽപന അപ്രതീക്ഷിതമായാണ് കടന്നുപോയത് രണ്ടു ദിനം മുൻപേ. അറംപറ്റിപോയ കഥാപാത്രമെന്നോണം.

ചിത്രത്തിലെ ഈ പാട്ടും അവരുടെ യഥാർഥ ജീവിതത്തോട് ചേർന്നു നിൽക്കുന്നു. കടൽത്തിരപോലുളളതായിരുന്ന കൽപനയുടെ ജീവിതം. അവർ ഏറ്റവുമൊടുവിൽ അഭിനയിച്ച ഈ ചിത്രത്തിലെ പാട്ടു കേൾക്കാൻ പ്രേക്ഷകർ കാത്തിരിക്കുകയായിരുന്നു. കൽപനയില്ലാതെ ചിരിച്ച് ഹാസ്യത്തിലെ പെൺ സാന്നിധ്യമായി വെള്ളിത്തിരയിൽ നിറഞ്ഞ കൽപനയുടെ അഭിനയ കരുത്തു നിറഞ്ഞു നിൽക്കുന്നു ദൃശ്യങ്ങളിൽ.