ഡേവിഡ് ബോവി അന്തരിച്ചു

കാൻസറിനോട് പൊരുതി ഡേവിഡ് ബോവി(69) കീഴടങ്ങി. റോക്ക് സംഗീതത്തിന്റെ ആത്മാവെന്ന് ലോകം വിശേഷിപ്പിച്ച ബോവി കഴിഞ്ഞ ഒന്നരക്കൊല്ലമായി അർബുദത്തിന് ചികിത്സയിലായിരുന്നു. നാൽപത് വര്‍ഷം നീണ്ട സംഗീത ജീവിതത്തിൽ ബോവി കൈവയ്ക്കാത്ത മേഖലകൾ ചുരുക്കം. പാട്ടെഴുതിയും ചിട്ടപ്പെടുത്തിയും വേദികളെ ഇളക്കിമറിച്ചുള്ള പ്രകടനങ്ങളുമായി ബോവി ചരിത്രമെഴുതി. ഇക്കഴിഞ്ഞ എട്ടാം തീയതി, തന്റെ ജന്മദിനത്തില്‍ ഇരുപത്തിയഞ്ചാമത് സംഗീത ആല്‍ബം ബ്ലാക്ക് സ്റ്റാർ റിലീസ് ചെയ്തതിനു പിന്നാലെയാണ് ഈ മടക്കയാത്ര.

ദി റൈസ് ആൻഡ് ഫാൾ ഓഫ് സിഗ്ഗി സ്റ്റാർ ഡസ്റ്റ് ആൻഡ് സ്പൈഡേഴ്സ് ഫ്രം ദി മാഴ്സ് എന്ന 1972ൽ പുറത്തിറങ്ങിയ ആൽബമാണ് ബോവിയുടെ കരിയറിൽ വഴിത്തിരിവ് സൃഷ്ടിച്ചത്. മായക്കാഴ്ചകളുടെയും ചിന്തകളുടെയും ദൃശ്യഭംഗിയിൽ സംഗീതം ചേര്‍ത്തപ്പോഴുണ്ടായ ആൽബം സൃഷ്ടിച്ചത് റെക്കോർഡുകളായിരുന്നു.