ധന്വന്തരി പുരസ്കാരം കെ എസ് ചിത്രക്ക്

ഈ വർഷത്തെ ധന്വന്തരി പുരസ്കാരം മലയാളത്തിന്റെ വാനമ്പാടി കെ എസ് ചിത്രക്ക്. തോട്ടുവ ശ്രീ ധന്വന്തരീ മൂർത്തി ക്ഷേത്ര ട്രസ്റ്റ് ഏർപ്പെടുത്തിയ അവാർഡാണിത്. തിരുവിതാംകൂർ ദേവസ്വംബോർഡ് ഓംബുഡ്സ്മാൻ ജസ്റ്റിസ് രാമനാണ് ചിത്രക്ക് അവാർഡ് സമ്മാനിച്ചത്. ഗാനരംഗത്തെ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് ചിത്രക്ക് അവാർഡ് നൽകിയത്. പ്രശസ്ത നടൻ രാഘവൻ ചടങ്ങില്‍ സന്നിഹിതനായിരുന്നു.

മലയാള ചലച്ചിത്ര സംഗീതത്തിന് എം ജി രാധാകൃഷ്ണൻ സമ്മാനിച്ച ഗായികയാണ് കെ എസ് ചിത്ര. പ്രശസ്തയായ ഗായികയോടുള്ള ആദരവിനപ്പുറം ചിത്ര ചേച്ചിയെന്ന് വിളിച്ച് മലയാളം അവരെ ചേർത്തുനിർത്തുന്നു ആദ്യ പാട്ടു കേട്ടതീർന്ന ആ നിമിഷം മുതൽ. വിവിധ ഭാഷകളിലായി 25000ൽ അധികം ഗാനങ്ങളാണ് ചിത്ര പാടിയിട്ടുള്ളത്. പകരംവയ്ക്കാനില്ലാത്ത ശബ്ദമാധുരിക്ക് 2005ൽ പത്മശ്രീ നൽകി രാജ്യം ആദരിച്ചിരുന്നു. ആറു തവണ ദേശീയ പുരസ്കാരം, ദക്ഷിണേന്ത്യയിലെ എല്ലാ ഭാഷകളിലും പാടി മികച്ച ഗായികയ്ക്കുള്ള പുരസ്കാരം നേടിയിട്ടുണ്ട്.