താളം പിടിക്കാൻ ഒരു കൈ ധാരാളം

ഇടതു കൈ ഇല്ലാത്ത വേദന ആൽബിൻ മറക്കുന്നത് സംഗീതത്തിലൂടെയാണ്. കുടുംബത്തിൽ ആർക്കും സംഗീത പാരമ്പര്യം ഇല്ലാഞ്ഞിട്ടും കലോത്സവ വേദികളിൽ നിറഞ്ഞു പാടി ആൽബിൽ ആ വേദന മറക്കുന്നു. ഹൈസ്കൂൾ വിഭാഗം ശാസ്ത്രീയ സംഗീതമത്സര വേദിയിൽ ആൽബിന്റെ പ്രകടനം നിറഞ്ഞ കയ്യടിയോടെയാണ് സദസ് സ്വീകരിച്ചത്.ഇടുക്കി അറക്കുളം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ളാസ് വിദ്യാർഥിയാണ് ആൽബിൻ.

ഒരു കൈ ഇല്ലാതെ ആൽബിൻ ജനിച്ചപ്പോൾ ജീവിതം അപശ്രുതിയാകുമോയെന്ന് മൂലമറ്റം മുല്ലപ്പള്ളി ഹൗസിൽ മൈക്കിളും മേഴ്സി‌യും ഭയപ്പെട്ടു. മകനെ എങ്ങിനെ വളർത്തും, ഒരു കൈ ഇല്ലാതെ എന്തു ജോലി ചെയ്ത് ജീവിക്കും. ആശങ്കയോടെ വർഷങ്ങൾ തള്ളി നീക്കുന്നതിനിടെ മൂളിപ്പാട്ടു പാടി ആൽബിൻ അച്ഛനമ്മാരെ സന്തോഷിപ്പിക്കുമായിരുന്നു. അത്യാവശ്യം സംഗീതാഭിരുചിയുള്ള മേഴ്സി മകന്റെ പാട്ടു പാടാനുള്ള കഴിവ് പ്രോത്സാഹിപ്പിച്ചു.

അങ്ങിനെ ഒന്നാം ക്ളാസ് മുതൽ ആൽബിൻ സംഗീതം പഠിക്കാൻ ആരംഭിച്ചു. പിന്നീട് സംഗീതത്തെ കൂട്ടുപിടിച്ച് മകൻ വേദികൾ കീഴടക്കുന്നതാണ് മൈക്കിളും മേഴിസിയും കണ്ടത്. അറക്കുളം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ളാസ് വിദ്യാർഥിയാണ് ആൽബിൻ. എട്ടാം ക്ളാസ് മുതൽ സംസ്ഥാന കലോത്സവ വേദികളിൽ സംഗീതത്തെ കൂട്ടുപിടിച്ച് ആൽബിൻ എത്തുന്നു. ഒരു കൈ തരാത്ത വിധിയോട് പടപൊരുതുകയാണ് തന്റെ ലക്ഷ്യമെന്ന് ആൽബിൻ പറഞ്ഞു. പി.ബി.മോഹനകുമാരിയുടെ ശിക്ഷണത്തിലാണ് ആൽബിൻ സംഗീതം അഭ്യസിക്കുന്നത്.