പ്രിൻസിന്റെ മരണം മരുന്നുകളുടെ അമിതോപയോഗം മൂലം

പ്രശസ്ത അമേരിക്കൻ പോപ് ഗായകൻ പ്രിൻസിന്റെ മരണം മരുന്നിന്റെ അമിതമായ ഉപയോഗമൂലമെന്ന് സ്ഥിരീകരണം. വേദനസംഹാരികളാണ് പ്രിൻസിനെ മരണത്തിലേക്ക് നയിച്ചതെന്ന് മിഡ്‌വെസ്റ്റ് മെഡിക്കൽ എക്സാമിനേഴ്സ് ഓഫിസേഴ്സ് സ്ഥിരീകരിച്ചു. അമ്പത്തിയേഴുകാരനായ പ്രിൻസിനെ മിനസോട്ടയിലെ വീട്ടിലെ ലിഫ്റ്റിനുള്ളിലാണ് ഇക്കഴിഞ്ഞ ഏപ്രിൽ ഇരുപത്തിയൊന്നിന് മരിച്ച നിലയിൽ കണ്ടെത്തിയത്.

പ്രിൻസിനെ ചികിത്സിച്ചിരുന്ന ഡോക്ടർ മൈക്കേൽ ഷലൻബെർഗിനെ നേരത്തെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. പ്രിൻസ് മരിക്കുന്നതിനു തലേ ദിവസവും ഡോക്ടർ മരുന്നു നൽകിയിരുന്നു. ഏത് മരുന്നാണ് ഇദ്ദേഹം നൽകിയത് എന്ന കാര്യം പുറത്തുവിട്ടിട്ടില്ല. വേദന സംഹാരികൾക്ക് അടിമപ്പെട്ടിരുന്ന പ്രിൻസ് ഹെറോയിനേക്കാൾ പതിൻമടങ്ങ് വീര്യമുള്ള ഫെൻറാനിൽ എന്ന മരുന്ന് ഡോക്ടറുടെ നിർദ്ദേശം കൂടാതെ പ്രിൻസ് കഴിച്ചിരുന്നുവെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോർട്ടും വ്യക്തമാക്കിയിരുന്നു. ഈ മരുന്ന് ഉപയോഗിക്കരുതെന്ന് കഴിഞ്ഞ മാർച്ചിൽ യുഎസ് ഡ്രഗ് ആൻഡ് എൻഫോഴ്സ്മെന്റ് അഡ്മിനിസ്ട്രേഷൻ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നതാണ്. കാൽമുട്ടുകൾക്കും ഇടുപ്പിനും ശക്തമായ വേദന അനുഭവപ്പെട്ടിരുന്നു പ്രിൻസിന്. വേദിയിലെ പ്രകടനങ്ങളെ ഇത് ബാധിച്ചു തുടങ്ങിയിരുന്നു. ഇതിനു പരിഹാരം കണ്ടെത്തുവാനാണ് വേദനസംഹാരികൾ സ്ഥിരമായി കഴിച്ചു തുടങ്ങിയത് എന്നാണ് സൂചന.

ലോകമെമ്പാടും ആരാധകരുള്ള പ്രതിഭയാണ് പ്രിൻസ്. ഏഴാം വയസിലാണ് ആദ്യം പാട്ടെഴുതി തുടങ്ങി. സംഗീത സംവിധാനവും വേദികളിലെ പ്രകടനവും അന്നേ ഒപ്പമുണ്ട്. നിരവധി വാദ്യോപകരണങ്ങളും കൈകാര്യം ചെയ്തിരുന്നു. ലോക സംഗീത ചരിത്രത്തിൽ ചലനമുണ്ടാക്കിക്കൊണ്ട് മുപ്പതോളം ആൽബങ്ങളും പ്രിന്‍സ് പുറത്തിറിക്കിയിരുന്നു.