26-ാം പുരസ്‌കാര ലബ്ധിയിൽ യേശുദാസ്

മലയാളത്തിന്റെ ഗാനഗന്ധർവ്വൻ യേശുദാസിന് ഇത് 26-ാമത്തെ സംസ്ഥാന പുരസ്‌കാരമാണ്. 50,000 പാട്ട് തികച്ച ആദ്യ കിരണങ്ങൾ എന്ന ഗാനത്തിലൂടെ തന്നെ അദ്ദേഹത്തിന് ഇത് ലഭിച്ചു. രമേഷ് നാരായണിന് മികച്ച സംഗീതസംവിധായനകനുള്ള പുരസ്‌കാരം ലഭിച്ച മേലില രാജശേഖരൻ സംവിധാനം ചെയ്ത വൈറ്റ് ബോയ്‌സ് എന്ന ചിത്രത്തിലൂടെ തന്നെയാണ് യേശുദാസിനും പുരസ്‌കാരം ലഭിച്ചത്.

ഹിന്ദി സിനിമാ ലോകത്തുനിന്നെത്തി മലയാളത്തിന് പ്രിയ ഗാനങ്ങൾ സമ്മാനിച്ച ശ്രേയ ഘോഷാലിനിത് മൂന്നാമത്തെ പുരസ്‌കാരമാണ്. 2009 ൽ നേമം പുഷ്പരാജിന്റെ ബനാറസ് എന്ന ചിത്രത്തിലെ ചാന്ത് തൊട്ടില്ലേ എന്ന ഗാനത്തിലൂടെയും 2011 ൽ വീരപുത്രനിലെ കണ്ണോടു കണ്ണോരം, രതിനിർവ്വേതത്തിലെ കണ്ണോരം ചിങ്കാരം എന്ന ഗാനങ്ങൾക്കുമാണ് ഇതിനുമുമ്പ് പുരസ്‌കാരം ലഭിച്ചത്. മഞ്ജു വാര്യരുടെ തിരിച്ചുവരവ് ചിത്രമായ ഹൗ ഓൾഡ് ആർ യുവിലെ വിജനതയിൽ എന്ന ഗാനം ആലപിച്ചതിനാണ് ഇത്തവണ ശ്രേയയെ തേടി പുരസ്‌കാരമെത്തിയത്.

സുമോദ് ഗോപു സംവിധാനം ചെയ്ത ല സാ ഗു എന്ന ചിത്രത്തിലെ ഇത്രപകലിനോടൊത്തു ചേർന്നിട്ടുമീ രാവിതെന്തേറെ കുറഞ്ഞുപോയി... എന്ന ഗാനം രചിച്ചതിനാണ് ഒ എസ് ഉണ്ണികൃഷ്ണൻ മികച്ച ഗാനരചയിതാവിനുമുള്ള പുരസ്‌കാരം തേടി എത്തിയത്. അമൽ നീരദിന് മികച്ച ഛായഗ്രാഹകനുള്ള പുരസ്‌കാരം നേടിക്കൊടുത്ത ഇയ്യോബിന്റെ പുസ്തകം എന്ന ചിത്രത്തിന് സംഗീതം പകർന്ന യാക്‌സാൻ ഗ്യാരി പെരേര, നേഹ എസ് നായർ എന്നിവർക്ക് സ്‌പെഷ്യൽ ജൂറി പരാമർശവും ലഭിച്ചു. ചിത്രത്തിൽ ഇവർ ഉണർത്തുന്ന സംഗീതപ്രത്യാശകളോടുള്ള ആദരസൂചനകമായാണ് പ്രത്യേക ജൂറി പരാമർശം നൽകുന്നതെന്ന് പുരസ്‌കാരം പ്രഖ്യാപിച്ചുകൊണ്ട് മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.