Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മണിയെ പോലെ എനിക്ക് പാടാനാകില്ല: ജി വേണുഗോപാൽ

mani-gee

"ദയവായി ക്ഷമിക്കുക, എനിക്ക് മണിയുടെ ഗാനങ്ങളറിയില്ല.. ഞാൻ വിചാരിച്ചാൽ അവ അതുപോലെ പാടാൻ സാധിക്കുകയുമില്ല!" എന്നിട്ട് ശബ്ദം താഴ്ത്തി, "മണി വിചാരിച്ചാൽ ഉണരുമീ ഗാനവും ചന്ദനമണിവാതിലും അതുപോലെ പാടാൻ സാധിക്കുമെന്നും തോന്നുന്നില്ല!" ഒറ്റപ്പെട്ട കയ്യടികളും ബഹുഭൂരിഭാഗം കൂക്കുവിളികളും ഏറ്റുവാങ്ങിക്കൊണ്ട് പരിപാടി തുടർന്നു....ജി വേണുഗോപാൽ എഴുതിയിട്ട വാക്കുകളാണിത് മണിയെന്ന ചാലക്കുടിക്കാരനെ കുറിച്ച്....

നാൽപത്തിയഞ്ച് വർഷം മാത്രം നീണ്ട ജീവിതത്തിനുള്ളിൽ മണി തന്ന ആഘോഷക്കാഴ്ചകളിൽ അനുഭവങ്ങളിൽ ഒരുപാട് പാട്ടുകഥകളും ഒളിഞ്ഞിരിപ്പുണ്ട്. അത്തരമൊരു കഥയാണ് ഗായകൻ ജി വേണുഗോപാൽ പറഞ്ഞത്. കാമറക്കു മുന്നിൽ ചായം തേച്ചു നിന്ന മണിയേയും ചായങ്ങളില്ലാത്ത അയാളുടെ യഥാർഥ ജീവിതത്തെയും നമ്മളടുത്തറയിക്കുന്നു ജി വേണുഗോപാലിന്റെ ഈ കുറിപ്പും. മുൻപേ കടന്നുപോയത് പ്രതിഭാധനനായ കലാകാരൻ മാത്രമായിരുന്നില്ലെന്ന് പറഞ്ഞു തരുന്നു അദ്ദേഹം.

മണിയുടെ നാടായ ചാലക്കുടിയിലെ ഒരു ക്ഷേത്രമുറ്റത്ത് ഗാനമേള അവതരിപ്പിക്കുവാൻ പോയ സമയത്തെ അനുഭവമാണ് മണിയുടെ ഓർമകൾക്ക് മുന്നില്‍ അദ്ദേഹം എഴുതിയിട്ടത്. മണിയുടെ പാട്ടുകൾ പാടാൻ ആവശ്യപ്പെട്ട സമയത്തെ നൽകിയ മറുപടിയും ആ വേദിയിലേക്ക് മണിയുടെ കടന്നുവരവും പിന്നീട് അതൊരു വലിയ സൗഹൃദമായി വളർന്നതിന്റെ കഥയുമാണ് ജി വേണുഗോപാൽ ഫേസ്ബുക്കിലൂടെ പങ്കുവച്ചത്. ചാലക്കുടിയിലെ ജനതയ്ക്ക് മണിയില്ലാതെ ഒരാഘോഷവുമില്ലെന്ന് പറഞ്ഞു തരുന്നു കുറിപ്പ്. ചാലക്കുടി പുഴയിൽ മണ്ണുവാരി വളർന്ന മണിയുടെ ബാല്യവും കൂട്ടുകാരോടുള്ള അദ്ദേഹത്തിന്റെ കലർപ്പില്ലാത്ത സ്നേഹത്തെ കുറിച്ചുമെല്ലാം പറയുന്ന പോസ്റ്റ് ഹൃദയം തൊടുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

2009 ലെ ഒരു ഗാനമേള സദസ്സ്. സ്ഥലം ചാലക്കുടിയ്ക്കടുത്തുള്ള ഒരു അമ്പലപ്പറമ്പ്.എന്റെ ഗാനങ്ങളോരോന്നായി പാടിത്തീരുമ്പോഴെയ്ക്കും 'ഒരു കലാഭവൻ മണി ഗാനം' എന്ന പൊതു ആവശ്യം ഉയർന്നു കേട്ടുകൊണ്ടേയിരിക്കുന്നു. പ്രകോപനം സഹിക്കവയ്യാണ്ടായപ്പോൾ ഞാൻ പറഞ്ഞു "ദയവായി ക്ഷമിക്കുക, എനിക്ക് മണിയുടെ ഗാനങ്ങളറിയില്ല.. ഞാൻ വിചാരിച്ചാൽ അവ അതുപോലെ പാടാൻ സാധിക്കുകയുമില്ല!" എന്നിട്ട് ശബ്ദം താഴ്ത്തി, "മണി വിചാരിച്ചാൽ ഉണരുമീ ഗാനവും ചന്ദനമണിവാതിലും അതുപോലെ പാടാൻ സാധിക്കുമെന്നും തോന്നുന്നില്ല!" ഒറ്റപ്പെട്ട കയ്യടികളും ബഹുഭൂരിഭാഗം കൂക്കുവിളികളും ഏറ്റുവാങ്ങിക്കൊണ്ട് പരിപാടി തുടർന്നു.

സംഗീത പരിപാടി തീരാൻ ഏതാനും നിമിഷങ്ങൾ മാത്രം ബാക്കിയുള്ളപ്പോൾ സ്റ്റേജിനു സമീപം ഒരു വെള്ള കാർ വന്നു നിന്നു.ജയാരവങ്ങൾക്കിടയിൽ മണി ഇറങ്ങി വന്ന് ബലിഷ്ടമായ ഒരു ആലിംഗനത്തിൽ എന്നെ കുടുക്കി! മൈക്കിലൂടെ മണിയുടെ പ്രശസ്തമായ ഒരു ഗാനം പാടി ആ വേദിയിൽ എന്നോടുള്ള സ്നേഹാദരങ്ങൾ പ്രകടിപ്പിച്ചു. മണിയുടെ നിർദ്ദേശ പ്രകാരം രണ്ടു മാസത്തിനുള്ളിൽ അബുദാബിയിൽ ഒരു സ്റ്റേജിൽ ഞങ്ങൾ ഒത്തുചേർന്നു. തുടർന്ന് ബഹറിനിലും ഷാർജയിലും..

മണിക്ക് ജീവിതം ഒരാഘോഷമായിരുന്നു. സംഗീതവും, നൃത്തവും, ചടുലമായ ചുവടുവയ്പ്പുകളും നിറഞ്ഞ ഈ ആഘോഷത്തിൽ തനിക്ക് പ്രിയപ്പെട്ടവരെയെല്ലാം മണി ചേർക്കും. ഭക്ഷണം രുചിയായി പാചകം ചെയ്ത് വിളമ്പും. പഴയ ദുരിത നാളുകളോർത്ത് വിതുമ്പും. കഠിനമായി ദേഷ്യപ്പെടും. ഉടൻ ആറിത്തണുത്ത് കെട്ടിപ്പിടിച്ച് കരഞ്ഞ് മാപ്പിരക്കും. സിനിമാ കാമറയുടെ മുന്നിലും പിന്നിലുമുള്ള ചായം തേച്ച മുഖങ്ങൾക്കിടയിൽ ചായം ലവലേശമില്ലാത്ത അപൂർവ വ്യക്തിത്വങ്ങളിലൊന്നായിരുന്നു മണിയുടേത്. സിനിമയിൽ കരയാൻ മണിക്ക് ഗ്ലിസറിൻ വേണ്ടായിരുന്നു. കുഞ്ഞുനാളുകളിൽ ചാലക്കുടിപ്പുഴയിലെ മണ്ണുവാരി കുട്ടകളിൽ നിറയ്ക്കുന്നതോർത്താൽ മതിയായിരുന്നു! ഈ ഒരു സത്യസന്ധത, ആർജവം മണിയെ പലപ്പോഴും പല കുഴപ്പങ്ങളിലും കൊണ്ടു ചാടിച്ചിരുന്നു.

നാൽപ്പത്തഞ്ച് വയസ്സിനുള്ളിൽ, ഒരു പുരുഷായുസ്സിൽ ചെയ്യാൻ സാധിക്കുന്ന ഒട്ടനവധി കാര്യങ്ങൾ ചെയ്ത്‌ തീർത്ത് തിടുക്കത്തിൽ എങ്ങൊ പോയ് മറഞ്ഞ മണിയുടെ ഒരു ഗാനം എന്റെ മനസ്സിൽ ഉടക്കിക്കിടക്കുന്നു. ഞാൻ വീണ്ടും പറയട്ടെ, മണി പാടുന്നപോൽ എനിക്ക് പാടാൻ സാധിക്കില്ല. ഈ ചേട്ടന്റെ കണ്ണീർ പ്രണാമമിതാ, മിന്നാമിനുങ്ങേ.. മിന്നും മിനുങ്ങേ.. എങ്ങോട്ടാണെങ്ങൊട്ടാണീ തിടുക്കം.."

Your Rating: