Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓർമ്മകളുടെ ഇതൾ

shan-gv-sujatha ഷാൻ ജോൺസൺ, ജി. വേണുഗോപാൽ, സുജാത

ഇതൾ. ഓർമ്മകളുടെ ഇതൾ കൂട്ടിക്കൊരുത്തൊരു പാട്ടുകൂട്ടം. ഷാൻ ജോൺസനെന്ന പാട്ടുകാരി ഓർമയായിക്കഴിഞ്ഞു. പക്ഷേ പാടിത്തന്ന പാട്ടുകളും ചിട്ടപ്പെടുത്തിയ ഈണങ്ങളും എന്നും അങ്ങനെ തന്നെയുണ്ടാകുമല്ലോ. മരണത്തിലേക്ക് പോകുന്നതിനു മുൻപുള്ള മണിക്കൂറുകളിലും ഷാൻ രാഗങ്ങൾക്കൊപ്പമായിരുന്നു. ഇതൾ എന്ന ഈ പാട്ട് ആത്മാവായി മാത്രം നമുക്കൊപ്പം കൂടും മുൻപ് ഷാൻ ചെയ്തു വച്ചതാണ്. പ്രണയ നഷ്ടത്തിന്റെ തേങ്ങലുള്ള പാട്ട് എത്ര കേട്ടാലും മതിവരില്ല. ഓർമകളുടെ ഇതൾ തുന്നിക്കൂട്ടുന്ന പാട്ട്. ജി വേണുഗോപാലിനൊപ്പം സുജാതയാണ് ഈ ഗാനം ആലപിച്ചത്. സുജാത പാടിയ ഭാഗത്തിന്റെ റെക്കോർഡിങ് മാത്രമേ പൂർത്തിയായിരുന്നുള്ളൂ.

singer-shan-johnson-funeral-held.jpg.image.784.410 ഷാൻ ജോൺസൺ

ജി വേണുഗോപാൽ പാടേണ്ട ഭാഗത്തിന്റെ റെക്കോർഡിങിന് ഫെബ്രുവരി ആറിന് തിരുവനന്തപുരത്ത് എത്തേണ്ടതായിരുന്നു ഷാൻ. അന്ന് വേണുഗോപാലിന്റെ വീട്ടിൽ കല്യാണം കഴിക്കാൻ പോകുന്നയാൾക്കൊപ്പം വിരുന്നുകൂടാനെത്തുമെന്നും ഷാൻ അറിയിച്ചിരുന്നു. പക്ഷേ ഒന്നിനും കാത്തുനിൽക്കാതെ ഷാൻ മാലാഖമാര്‍ക്കൊപ്പം മടങ്ങിപ്പോയി. അപ്രതീക്ഷിതമായി. വിരുന്നിന് എപ്പോൾ എത്തുമെന്നറിയുവാൻ ഷാൻ പോയി എന്നറിയാതെ അഞ്ചാം തീയതി രാവിലെ മുതൽ ഷാനിന്റെ ഫോണിലേക്ക് വിളിച്ചു കൊണ്ടിരിക്കുകയായിരുന്നു ജി വേണുഗോപാൽ. വൈകുന്നേരമാണ് ഷാൻ മരിച്ചുവെന്ന വിവരം അറിയുന്നതും. പിന്നീട് ഒരാഴ്ചയ്ക്കു ശേഷമാണ് റെക്കോർഡിങ് നടക്കുന്നത്. വേദനയോടെ മാത്രം പാടിയ പാടിയ പാട്ടിന്റെ പിന്‍ഗീതം ഇപ്പോഴും ജി വേണഗോപാലിനൊപ്പമുണ്ട്.

ജോൺസൺ മാസ്റ്ററിനൊപ്പമെത്തിയിരുന്ന കുഞ്ഞു ഷാൻ പപ്പയുടെ പാത പിന്തുടർന്നതും പിന്നെ അവളിലൂടെ ഒരു പാട്ട് പാടാനായതിന്റെയും സന്തോഷം നൊമ്പരമായി മാറി സുജാതയ്ക്കും വേണുഗോപാലിനും. പാട്ടിനെ കുറിച്ച് സംസാരിക്കുമ്പോൾ ആ സങ്കടം വേണുഗോപാലിന്റെ വാക്കുകളിലുണ്ടായിരുന്നു. ഹൃദയം തൊട്ട വരികളിലൂടെയാണ് ഗാനത്തെ കുറിച്ച് സുജാത ഫേസ്ബുക്കിൽ കുറിച്ചതും .

തൃശൂരിലെ സെന്റ് സെബാസ്റ്റ്യൻ പള്ളിയില്‍ പപ്പയും അനിയനുമുറങ്ങുന്ന കൂടാരത്തിലേക്ക് ഷാൻ പോയി എന്ന് വിശ്വസിക്കുവാൻ ആർക്കുമായിട്ടില്ല ഇനിയും. അവസാനമായി ഈണമിട്ട ഇതൾ അവള്‍ക്കുള്ളിലെ സംഗീതകാരിയുടെ പ്രതിഭയറിക്കുന്ന ഒന്നാണ്. എത്ര കേട്ടാലും മതിവരാത്ത പാട്ടുകൾ നമുക്ക് തരേണ്ടയാൾ കാലമെത്തും മുൻപേ കടന്നുപോയി എന്നു പറയുന്നു ഇതൾ. മനോരമ മ്യൂസിക് ആണ് വിഡിയോ പുറത്തിറക്കിയത്. കെ എസ് ചിത്രയുടെ അവതരണത്തോടെ ഷാനിന് സ്മരണാഞ്ജലി പറഞ്ഞ് തുടങ്ങുന്ന വിഡിയോ ഓർമകളുടെ ഇതളുകളാണ്...

Your Rating: