Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാടിത്തീരാതെ നിലാപ്പക്ഷി മറഞ്ഞിട്ട് ഒരാണ്ട്

shan-johnson-5-2

മരണങ്ങള്‍ നൽകിയ വേദനകളിൽ നിന്നുള്ള തിരിച്ചുവരവിന്റെ തിളക്കമായിരുന്നു ആ കണ്ണുകളിൽ. പ്രതീക്ഷയുടെ വർത്തമാനവും ആത്മവിശ്വാസത്തിന്റെ പുഞ്ചിരിയും പിന്നെ പപ്പയോടുള്ള സ്നേഹം മധുരകരമാക്കിയ സ്വരവും. ഷാൻ ജോൺസൺ എന്ന ഗായികയെ ഇങ്ങനെയേ ഓർത്തെടുക്കാനാകൂ. പാടിത്തീരും മുൻപേ ചിറകറ്റ് വീണുപോയൊരു നിലാപക്ഷിയെ പോലെ ഓർമകളിലേക്കു നടന്ന ഷാൻ ജോൺസൺ. ഫെബ്രുവരിയുടെ സംഗീതത്തിന് കണ്ണീരിന്റെ ഛായ പകർന്നുകൊണ്ട് അവൾ കടന്നുപോയിട്ട് ഒരാണ്ട് തികയുകയാണ്. 

ജോൺസൺ മാസ്റ്റർ എന്ന പ്രിയപ്പെട്ട സംഗീതജ്ഞന്റെ മകളോട് മലയാളിക്കെന്നും ഒരു പ്രത്യേക ഇഷ്ടമായിരുന്നു. ജോൺസൺ മാസ്റ്റർ അപ്രതീക്ഷിതമായി കടന്നുപോയതിനു ശേഷമായിരുന്നു മകൾ സംഗീതരംഗത്തിലൂടെ നമുക്ക് പരിചിതയായത്. പപ്പയ്ക്കു പിന്നാലെ അനുജനും ഒരു അപകടത്തിൽ മരണത്തിനൊപ്പം പോയതിന്റെ സങ്കടക്കടലിൽ നിന്നുകൊണ്ട് ഷാൻ തീർത്ത സംഗീതത്തേയും പാടിയ പാട്ടുകളേയും അവൾ എത്തിയ വേദികളേയും നമ്മളെന്നും ശ്രദ്ധിച്ചിരുന്നു. ജോൺസൺ മാസ്റ്ററിന്റെ മകൾ അച്ഛനെ പോലെ അവിസ്മരണീയമായ ഈണങ്ങള്‍ തന്നെയാകും എന്നു പ്രതീക്ഷിച്ചിരിക്കുമ്പോഴായിരുന്നു മരണവാർത്തയെത്തിയത്. എത്ര ശ്രമിച്ചിട്ടും വിശ്വസിക്കാനാകാത്ത മരണം. അമ്മ റാണിയെ തനിച്ചാക്കി ഷാനും അച്ഛന്റെയും അനുജന്റെയും ലോകത്തേയ്ക്കു പോയപ്പോൾ വിധി എന്നതിലേക്ക് നമ്മൾ ആ മരണത്തേയും മാറ്റിനിർത്തി. 

വ്യക്തിജീവിതത്തിലുണ്ടായ ഈ ദുരന്തങ്ങളെ സംഗീതം കൊണ്ടു മറച്ചുവയ്ക്കാനാണ് ഷാൻ ഇഷ്ടപ്പെട്ടത്. ആ ദുംഖങ്ങളെ കുറിച്ചോർത്ത് അവൾക്കരികിലേക്ക് എത്തിയവരെ അതിശയിപ്പിച്ച പുഞ്ചിരി. അപാരമായ ഊർജ്ജം പകർന്നുള്ള സംസാരമായിരുന്നു ഷാനിന്റേത്. പഠനം കഴിഞ്ഞ് മൈസൂരുവിൽ സ്വകാര്യ സ്ഥാപനത്തിൽ മാർക്കറ്റിങ് വിഭാഗത്തിൽ ജോലി ചെയ്യുമ്പോഴായിരുന്നു ജോൺസന്റെ മരണം.

ചലച്ചിത്രസംഗീത പരിചയ സമ്പത്ത് വലിയ ഒരു പ്രധാന ഘടകമാണെങ്കിൽ മലയാളത്തിലെ യുവ സംഗീതസംവിധായകരിൽ മുൻനിരയിൽ നിന്നിരുന്നത് ഷാൻ ആയിരുന്നു എന്നു പറയേണ്ടിവരും. കാരണം ജോൺസൺ സംഗീതം പകർന്ന മിക്ക ഹിറ്റുകളുടെയും പരിസരത്ത് ഷാൻ ഉണ്ടായിരുന്നു. ചെന്നൈയിൽ പഠനകാലത്തെ സഹപാഠികൾക്കൊപ്പം ഒരു മ്യൂസിക് ബാൻഡ് തുടങ്ങാൻ ധൈര്യം പകർന്നതും ഈ അനുഭവം തന്നെ. ഒഴിവുദിവസമാണ് റെക്കോർഡിങ് എങ്കിൽ ഷാൻ പപ്പയോടൊപ്പം രാവിലെ സ്റ്റുഡിയോയിലെത്തും. മടക്കവും പപ്പയുടെ കൂടെത്തന്നെ. വെസ്റ്റേണും മെലഡിയും ചടുല താളവും എല്ലാം ഒത്തിണങ്ങുന്ന സ്വരം. ഹിന്ദിയിലും ഇംഗ്ലിഷിലും വരികൾ കുറിക്കാനുള്ള പ്രാഗത്ഭ്യം. ഒരു സംഗീത സംഘത്തെ മുന്നിൽ നിന്നു നയിക്കാനുള്ള മികവ്. പക്ഷേ ആ കഴിവുകളുടെ ഭംഗിയൊന്നും ആവോളം കാലത്തിനു കാണിച്ചുകൊടുക്കാൻ ഷാനിനു കഴിഞ്ഞില്ല. 

എത്ര കേട്ടാലും മതിവരാത്ത കുറേ ഈണങ്ങളായിരുന്നു ജോണ്‍സൺ മാസ്റ്റർ തീര്‍ത്തത്. സിനിമ പുതിയ കാലത്തിലേക്കു കടന്നപ്പോള്‍ ജോൺസൺ മാസ്റ്റർ ഒരു വലിയ ഇടവേളയിൽപ്പെട്ടുപോയി. പക്ഷേ പിന്നീടു മടങ്ങിയെത്തി. അപ്പോഴേക്കും വിരസമായിത്തീർന്ന സംഗീതത്തിനു നിറംപകർന്നുകൊണ്ട്. ഇനി വരാനിരിക്കുന്നത് പാട്ടുകളുടെ വസന്തമാണെന്ന് നമ്മൾ ചിന്തിച്ചിരിക്കുമ്പോഴായിരുന്നു മരണം അദ്ദേഹത്തെ കൊണ്ടുപോയത്. മകളെ സംഗീതത്തിനൊപ്പം നടന്നുതുടങ്ങി അധികം കഴിയും മുൻപേയും...

Your Rating: