പാട്ടിന്റെ വസന്തം തീർക്കാൻ വീണ്ടും എ ആർ റഹ്മാൻ

തമിഴകത്തിന് സൂപ്പർ ഹിറ്റ് പാട്ടുകൾ സമ്മാനിച്ച ചിത്രമാണ് വിണ്ണൈ താണ്ടി വരുവായ. എ ആർ റഹ്മാനും ഗൗതം മേനോനും ചിമ്പും ഒന്നിച്ചപ്പോൾ മനോഹരമായ പ്രണയ ഗാനങ്ങളാണ് തെന്നിന്ത്യൻ സിനിമയ്ക്ക് ലഭിച്ചത്. അഞ്ച് വർഷത്തിന് ശേഷം ആ കൂട്ടുകെട്ട് വീണ്ടും എത്തുകയാണ്. ഗൗതം മേനോൻ സംവിധാനം ചെയ്യുന്ന അച്ചം എമ്പതു മഡമയെടാ എന്ന ചിത്രത്തിലൂടെയാണ് ഇവർ വീണ്ടും ഒന്നിക്കുന്നത്.

മൂവരും ചിത്രത്തിന് വേണ്ടി ഒരുമിക്കുന്ന വിവരം ചിത്രത്തിന്റെ നിർമ്മാതാക്കൾ തന്നെയാണ് പുറത്തുവിട്ടത്. റഹ്മാൻ ചിത്രത്തിനായുള്ള ഗാനങ്ങൾ ചിട്ടപ്പെടുത്തി തുടങ്ങി എന്നുമാണ് ചിത്രത്തോട് അടുത്ത വൃത്തങ്ങൾ പുറത്തുവിടുന്ന വിവരങ്ങൾ. സട്ടെന്ദ്രതു മാറുതു വാനിലെ എന്ന പേരിൽ 2013 ൽ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചിരുന്നുവെങ്കിലും പിന്നീട് നിർത്തി വെയ്ക്കുകയായിരുന്നു. ചിത്രത്തിന്റെ അമ്പത്തിയൊന്ന് സെക്കന്റ് ദൈർഘ്യമുള്ള ടീസർ അന്ന് പുറത്തിറങ്ങിയിരുന്നു. ഗൗതം മേനോനും അജിത്തും ഒന്നിച്ച എന്നൈ അറിന്താൽ എന്ന ചിത്രത്തിന് വേണ്ടി നിർത്തി വെച്ച ചിത്രത്തിന്റെ ഷൂട്ടിങ് വീണ്ടും ആരംഭിച്ചു എന്നും നിർമ്മാതാക്കൾ അറിയിച്ചിട്ടുണ്ട്.

വിന്നൈതാണ്ടി വരുവായ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ഗൗതം വാസുദേവ മേനോനും ചിലമ്പരശനും ഒന്നിക്കുന്ന ചിത്രമാണ് അച്ചം എമ്പതു മഡമയെടാ. ഗൗതം മേനോൻ തന്നെ കഥയും തിരക്കഥയും എഴുതുന്ന ചിത്രത്തിൽ ചിമ്പുവിനെ കൂടാതെ ഒരു വടക്കൻ സെൽഫി എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം കുറിച്ച മഞ്ജിമ മോഹൻ, സതീഷ് കൃഷ്ണൻ, റാണ ദഗ്ഗുബാട്ടി തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. ഫോട്ടോൺ കഥാസിന്റെ ബാനറിൽ റേഷ്മ, ഗൗതം മേനോൻ, വെങ്കിട്ട് സോമസുന്ദരം തുടങ്ങിയവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം ഈ വർഷം അവസാനത്തോടെ തീയേറ്ററിലെത്തും.