ഇനിയും കേൾക്കാനാവുമോ ആ മാന്ത്രികതന്ത്രികൾ?

ലോകപ്രശസ്തമായ ഈഗിൾസ് ബാൻഡിന്റെ സ്ഥാപകാ അംഗവും ഗിത്താറിസ്റ്റുമായ ഗ്ലെൻ ഫ്രേ അന്തരിച്ചു. ഏറെക്കാലമായി അസുഖ ബാധിതനായിരുന്നു അറുപത്തിയേഴുകാരനായ ഫ്രേ. ന്യൂയോർക്കിലായിരുന്നു അന്ത്യം. ഹോട്ടൽ കാലിഫോർണിയ എന്ന ആൽബത്തിലൂടെയാണ് ഈഗിൾസ് ലോകശ്രദ്ധ നേടുന്നത്. 1970കളില്‍ ലോകം ആഘോഷിച്ചിരുന്ന ബാൻഡായിരുന്നു ഈഗിൾ. ഈ വളർച്ചക്കു പിന്നിലെ ബുദ്ധി ഗ്ലെൻ ഫ്രേയുടേത് തന്നെ. ബാൻഡ് തങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെയാണ് ഫ്രേയുടെ മരണ വിവരം ലോകത്തെ അറിയിച്ചത്.

1971ൽ ഡോൺ ഹെൻ‌‍ലി, ബേണീ ലീഡണ്‍, റാൻഡി മെയ്സ്ണർ എന്നിവരോൊടപ്പമാണ് ഫ്രേ ഈഗിൾസ് സ്ഥാപിക്കുന്നത്. ആൻ ഈഗിള്‍സ് ഗ്രേറ്റെസ്റ്റ് ഹിറ്റ്സ് കളക്ഷനും ഹോട്ടൽ കാലിഫോർണിയയും 1976ലാണ് ബാൻ‍ഡ് റിലീസ് ചെയ്യുന്നത്. ഈ രണ്ട് ആൽബത്തിന്റേയും മൊത്തം 20 മില്യണ്‍ കോപ്പികളാണ് ലോകമൊട്ടുക്ക് വിറ്റഴിഞ്ഞത്. ബാൻഡ് പുറത്തിറക്കിയ ആൽബങ്ങളുടെ 150 മില്യൺ കോപ്പികൾ വിറ്റഴിഞ്ഞത് വേറെ റെക്കോർഡും.

ഗിത്താറിസ്റ്റായ ഫ്രേയും ഡ്രമ്മറായ ഡോൺ ഹെൻലിയും ഹോട്ടൽ കാലിഫോർണിയ ഉൾപ്പെടെ ചേർന്ന് ലോകത്ത് ത്രസിപ്പിച്ച നിരവധി ഗാനങ്ങളാണ് രചിച്ചിട്ടുള്ളത്. ബാൻഡ് സ്ഥാപിച്ച് ഒമ്പതാം വർഷം പിരിഞ്ഞു പോയെങ്കിലും പതിനാല് വർഷത്തെ ഇടവേളക്കു ശേഷം എല്ലാവരും വീണ്ടുമൊന്നിച്ചു. പിന്നീട് ബാന്‍‌ഡിലൂടെ പിറന്നതും എക്കാലത്തേയും മികച്ച ഗാനങ്ങൾ തന്നെയായിരുന്നു.